15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 10, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024
October 28, 2024
October 22, 2024
October 12, 2024

കര്‍ഷകര്‍ക്ക് താങ്ങായി ക്ഷീര വികസന വകുപ്പ്

ലക്ഷ്യം പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
May 17, 2023 6:14 pm

സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് താങ്ങായി ക്ഷീര വികസന വകുപ്പ്. ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കുന്നതോടൊപ്പം, പാലുല്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലുകള്‍. ക്ഷീര കർഷകരെ സഹായിക്കുന്നതിന് വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ ശക്തമാക്കുകയും, കൂടുതൽ കർഷകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തുകൊണ്ടാണ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ക്ഷീര വികസന വകുപ്പിന്റെ ഇടപെടലുകള്‍. കാലിത്തീറ്റ സബ്സിഡി, തീറ്റപ്പുല്‍കൃഷി വ്യാപനത്തിനുള്ള നടപടികള്‍ തുടങ്ങിയവ ഉല്പാദന ചെലവ് കുറയ്ക്കാന്‍ ക്ഷീരകര്‍ഷകന് സഹായമേകുന്നു. ക്ഷീരകര്‍ഷക ക്ഷേമനിധി, ക്ഷീരസാന്ത്വനം തുടങ്ങിയ പദ്ധതികള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായി മാറുന്നു.
ഇതോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ചേരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുകയെന്നതും പ്രധാന ഉത്തരവാദിത്തമായി കണ്ടുകൊണ്ട് അതിനുള്ള പരിശോധനകളും ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന പാൽ പരിശോധിക്കാൻ തിരുവനന്തപുരത്ത് പാറശാല, കൊല്ലത്ത് ആര്യങ്കാവ്, പാലക്കാട് മീനാക്ഷിപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ ലാബുകൾ പ്രവർത്തിച്ചുവരുന്നു.

വകുപ്പിന്റെ കീഴിൽ 3644ലധികം ക്ഷീര സഹകരണ സംഘങ്ങളും മൂന്ന് മിൽമ മേഖല യൂണിയനുകളും ഒരു ഫെഡറേഷനുമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഈ ക്ഷീര സഹകരണ സംഘങ്ങളിൽ ഏകദേശം 2,75,000 ക്ഷീര കർഷകരാണ് അംഗങ്ങളായിട്ടുള്ളത്. സംഘങ്ങൾ വഴി പ്രതിദിനം 20 ലക്ഷം ലിറ്ററോളം പാൽ സംഭരിച്ച് പ്രാദേശിക വിപണനം കഴിഞ്ഞ് 15 ലക്ഷത്തോളം ലിറ്റർ പാൽ മിൽമയ്ക്ക് നൽകുന്നു. ഈ സർക്കാരിന്റെ കാലത്ത് 29 പുതിയ ക്ഷീരസംഘങ്ങൾ രൂപികരിക്കുകയും, പ്രവർത്തന രഹിതമായിരുന്ന 10 ക്ഷീരസംഘങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് പാൽ ഉല്പാദനം വർധിപ്പിക്കുന്നതിനും ഉല്പാദന ചെലവ് കുറയ്ക്കുന്നതിനും ക്ഷീര സംഘങ്ങളെ ശാക്തീകരിക്കുന്നതിനും വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഗ്രാമീണ വിജ്ഞാന വ്യാപന പ്രവർത്തനം, തീറ്റപ്പുൽകൃഷി, എംഎസ്ഡിപി, ക്ഷീരഗ്രാമം, ക്ഷീര സംഘങ്ങൾക്കുള്ള ധനസഹായം എന്നിവയാണ് പ്രധാന പദ്ധതികൾ.

തീറ്റപ്പുൽ കൃഷി

473 ലക്ഷം രൂപ ചെലവഴിച്ച തീറ്റപ്പുല്‍ കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി 2021- 22 വർഷം 2200 ഹെക്ടറിലും 2022–23 വർഷം 480.15 ലക്ഷം രൂപ ചെലവഴിച്ച് 2180 ഹെക്ടറിലും തീറ്റപ്പുൽ കൃഷി നടപ്പിലാക്കി. കൂടാതെ കർഷകർക്ക് കൃഷി നടപ്പിലാക്കുന്നതിന് ഇറിഗേഷൻ അസിസ്റ്റൻസ്, മെക്കനൈസേഷൻ, ചോളം കൃഷി, വാണിജ്യ അടിസ്ഥാനത്തിൽ തീറ്റപ്പുൽ കൃഷിയും വിപണനവും, തരിശുഭൂമിയിൽ പുൽകൃഷി എന്നീ പദ്ധതികളും നടപ്പിലാക്കി.

പാൽ ഇൻസെന്റീവ്

2022- 23 വർഷം ക്ഷീരവികസന വകുപ്പ് 28 കോടി രൂപ മിൽക്ക് ഇൻസെന്റീവ് ഇനത്തിൽ കർഷകർക്ക് നൽകി. ഇതിന്റെ പ്രയോജനം 1,97,306 ക്ഷീരകർഷകർക്ക് ലഭിച്ചു. ത്രിതല പഞ്ചായത്തുകൾ 2021–22 വർഷം മിൽക്ക് ഇൻസെന്റീവ് ഇനത്തിൽ 120.12 കോടി രൂപ മാറ്റിവച്ചത് 2022- 23 വർഷം 145.58 കോടിയായി വർധിച്ചു.

എംഎസ്ഡിപി പദ്ധതി

എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പശു, രണ്ടു പശു, 5 പശു, 10 പശു യൂണിറ്റുകൾ, കറവ യന്ത്രം തൊഴുത്ത് നിർമ്മാണം, ഫാം നവീകരിക്കുന്നതിനുള്ള പദ്ധതി, ഹീഫർ പാർക്ക്, വൈക്കോൽ ബെയിലിങ് യൂണിറ്റ്, ക്ഷീരഗ്രാമം അതിഷ്ഠിത ധനസഹായം തുടങ്ങിയ പദ്ധതികളാണ് ഉൾപ്പെട്ടിട്ടുള്ളത്.
2021–22 വർഷം 10 ക്ഷീര ഗ്രാമം ഉണ്ടായിരുന്നത് 2022–23 വർഷം 20 ക്ഷീരഗ്രാമം ആയി ഉയർത്തി.
ദാരിദ്ര്യ നിർമ്മാർജനത്തിനായി അതി ദരിദ്ര പട്ടികയിൽ ഉള്ള 140 വനിതകൾക്ക് 90% സബ്സിഡിയോട് കൂടി ഒരു പശുവിനെ നൽകുന്ന പദ്ധതി നടപ്പിലാക്കുന്നു.

ഗ്രാമീണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങള്‍ ഊര്‍ജിതം

ക്ഷീരമേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് കർഷകരെ ബോധവാന്മാരാക്കുന്നതിനായി കർഷക സമ്പർക്ക പരിപാടികൾ, ജില്ലാ/ബ്ലോക്ക്/സംസ്ഥാന ക്ഷീരകർഷക സംഗമങ്ങൾ, സംസ്ഥാനത്തിനകത്തും പുറത്തും ഈ മേഖലയിലുളള വിവിധ സംരംഭങ്ങളിൽ പഠനസന്ദർശനം, സെമിനാറുകൾ, ശില്പശാലകൾ, പരിശീലനങ്ങൾ, സ്കൂളുകളിൽ ഡയറി ക്ലബ്ബുകൾ സ്ഥാപിക്കൽ, മികച്ച ക്ഷീരകർഷകർക്ക് അവാർഡ്, മാധ്യമ അവാർഡ്, ക്ഷീരവികസന ഓഫിസുകളിൽ ക്ഷീരകർഷകർക്ക് ഡെമോൺസ്ട്രേഷൻ ക്ലാസുകൾ സംഘടിപ്പിക്കൽ, ക്ഷീരപരിശീലനകേന്ദ്രങ്ങൾ മുഖേന ക്ഷീരകർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കും പരിശീലന പരിപാടികൾ എന്നിവയാണ് ഈ പദ്ധതിയിലെ പ്രധാന ഘടകങ്ങൾ.

ക്ഷേമനിധി ബോർഡിലൂടെ നല്‍കിയത് 167.34 കോടി രൂപ

ക്ഷീര കർഷകർക്ക് പെൻഷൻ നൽകുന്നതിനും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 55,802 പേർക്ക് പ്രതിമാസം 1200 രൂപ നിരക്കിൽ പെൻഷനും 3973 പേർക്ക് 550 രൂപ നിരക്കിൽ കുടുംബ പെൻഷനും 1653 പേർക്ക് 5000 രൂപ നിരക്കിൽ വിവാഹ ധനസഹായം, 20048 പേർക്ക് 3000 രൂപ നിരക്കിൽ മരണാനന്തര ധനസഹായം, 428 പേർക്ക് ക്ഷീര സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സാ സഹായം, 763 പേർക്ക് വിദ്യാഭ്യാസ ധനസഹായം, 13 പേർക്ക് മികച്ച ക്ഷീരകർഷകർക്ക് ജില്ലാതല അവാർഡ്, 1213 പേർക്ക് 10000 രൂപ വീതം കോവിഡ് ധനസഹായം, 2822 പേർക്ക് 5000 രൂപ വീതം ധനസഹായം എന്നിവ നൽകി. ഇതുവഴി 167.34 കോടി രൂപ ക്ഷീരകർഷകർക്ക് വിതരണം ചെയ്തു.

ഡയറി പ്രൊമോട്ടർ കാറ്റിൽ കെയർ വർക്കർമാർ

ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയറി പ്രൊമോട്ടർമാരുടെ വേതനം 7500 ൽ നിന്നും 8000 ആക്കി വർധിപ്പിക്കുകയും, എട്ട് മാസം എന്നത് 10 മാസമാക്കി ഉയർത്തുകയും ചെയ്തു. വുമൺ കാറ്റിൽ കെയർ വർക്കർമാരുടെ വേതനം 6000 ത്തിൽ നിന്നും 8000 ആക്കി വർധിപ്പിക്കുകയും, ആറ് മാസം എന്നത് 10 മാസമാക്കി ഉയർത്തുകയും ചെയ്തു.

ക്ഷീരശ്രീ പോർട്ടൽ

ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ സുതാര്യമായി കമ്പ്യൂട്ടറിന്റെ സാങ്കേതിക സഹായത്തോടെ തിരഞ്ഞെടുക്കുന്നതിനായി ക്ഷീരശ്രീ പോർട്ടൽ നടപ്പിലാക്കി. 2022–23 വാർഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ ഈ പോർട്ടൽ വഴിയാണ് തിരഞ്ഞെടുത്തത്.

ക്ഷീരശ്രീ സോഫ്റ്റ്‌വേർ

ക്ഷീര സഹകരണ സംഘങ്ങളിലെ പാൽ സംഭരണം മുതൽ അക്കൗണ്ടിങ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനായി ക്ഷീരശ്രീ സോഫ്റ്റ്‌വേർ വികസിപ്പിച്ചു വരുന്നു.

കരുതലായി ക്ഷീരസാന്ത്വനം ഇൻഷുറൻസ്

ക്ഷീരകർഷകർക്ക് ഉരുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തുന്നതിന് ക്ഷീരസ്വന്തനം ഇൻഷുറൻസ് അഞ്ച് കോടി പദ്ധതി വിഹിതമായി ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്നു. 2021–22 വർഷം മിൽമയുടെ വിഹിതവും ചേർത്ത് 7.5 കോടി രൂപ ചെലവഴിച്ച് 34415 ഉരുക്കളെയും 20465 കർഷക കുടുംബങ്ങളെയും ഇൻഷുറൻസ് നടപ്പിലാക്കിയത് വഴി ക്ലെയിം ഇനത്തിൽ 17.91 കോടി രൂപ കർഷകർക്ക് ലഭിച്ചു. 2022–23 വർഷം മിൽമയുടെ വിഹിതവും ചേർത്ത് 6.09 കോടി രൂപ ചെലവഴിച്ച് 5812 ഉരുക്കളെയും 20465 കർഷക കുടുംബങ്ങളെയും ഇൻഷുറൻസ് നടപ്പിലാക്കിയത് വഴി പതിനൊന്നാം മാസം വരെ ക്ലെയിം ഇനത്തിൽ അഞ്ച് കോടി രൂപ കർഷകർക്ക് ലഭിച്ചു.

ക്ഷീര സഹകരണ നിയമ നിർമ്മാണ ഭേദഗതി

കർഷകക്ഷേമം മുൻനിർത്തിയും ക്ഷീരസഹകരണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുമുള്ള അനിവാര്യമായ ഭേദഗതികൾ കൂടി, ഈ നിയമം വഴി സാധ്യമായി. യഥാർത്ഥ ക്ഷീര കർഷകർ തന്നെ മിൽമയുടെ ഭരണസമിതികളിൽ തിരഞ്ഞെടുക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുവാനായി നിയമം കർക്കശമാക്കി, പേപ്പർ സംഘങ്ങൾ വഴി മിൽമയിലെ ഭരണസമിതിയിൽ അനർഹരായവർ കടന്നു കയറാനുള്ള സാധ്യത ഇല്ലാതാക്കി. സ്വന്തമായി ഒരു പശുവോ, തൊഴുത്തോ, സംഘങ്ങളിൽ നിശ്ചിത അളവിൽ പാൽ നൽകാത്തവരോ സംഘത്തിന്റെ ഭരണ നേതൃത്വത്തിൽ വരുന്നത് തടയാൻ നിയമം വ്യവസ്ഥ ചെയ്തു. ക്ഷീര സംഘങ്ങളിലെ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് വനിത ആയിരിക്കണം എന്ന വ്യവസ്ഥ നിലവിൽ വന്നു. ഫെഡറേഷനിലെയും മേഖല ക്ഷീരോല്പാദക സഹകരണ യുണിയനുകളിലെയും ഭരണസമിതി അംഗങ്ങളുടെ പ്രവർത്തന കാലയളവ് മൂന്ന് ടേമും ചെയർമാന്റെ കാലയളവ് രണ്ട് ടേമും ആയി നിജപ്പെടുത്തി.

കിസാൻ ക്രെഡിറ്റ് കാർഡ്

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 1428 കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തി 833.27 ലക്ഷം രൂപ ലോൺ ലഭ്യമാക്കി. കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഉണ്ടാക്കിയ കരാർ പ്രകാരം പുതിയതായി 2823 കർഷകരെ കൂടി കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഗുണഭോക്താക്കൾ ആക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.