23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 23, 2024
November 23, 2024
November 11, 2024
November 10, 2024
November 10, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024

വനവും വനാശ്രിത സമൂഹവും സംരക്ഷിക്കാന്‍ രക്ഷാകവചം

അരുണിമ എസ്
തിരുവനന്തപുരം
May 16, 2023 6:00 pm

വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തോടൊപ്പം വനാശ്രിത സമൂഹത്തിന്റെയും വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരുടെയും ജീവിതവും ജീവനോപാധികളും സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന വനം-വന്യജീവി വകുപ്പ്. മനുഷ്യ‑വന്യജീവി സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് കുറച്ചുകൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വകുപ്പ് ഇടപെടലുകള്‍ നടത്തിയത്. വനാശ്രിത സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികളും മികച്ച രീതിയില്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനും ഈ സര്‍ക്കാരിന്റെ കാലയളവില്‍ സാധിച്ചു. മനുഷ്യ‑വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഒരു സമിതിയെ നിയോഗിച്ച്, പരിഹാര മാര്‍ഗങ്ങള്‍ അടങ്ങിയതും 1,155 കോടി രൂപ ചെലവ് വരുന്നതും 10 വര്‍ഷ കാലയളവിലേക്കുള്ളതുമായ പദ്ധതി വകുപ്പ് ആവിഷ്കരിച്ചു. കേരളത്തില്‍ ഈ വര്‍ഷം മുതല്‍ കാട്ടാനകളുടെയും വയനാട് മേഖലയിലെ കടുവകളുടെയും കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത് വകുപ്പിന്റെ ശ്രദ്ധേയമായ നടപടികളിലൊന്നായിരുന്നു. വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും നാട്ടിലിറങ്ങിയ വന്യജീവികളെ കാട്ടിലേക്ക് തിരികെ അയക്കുന്നതിനും റാപ്പിഡ് റെ­സ്പേ­ാണ്‍സ് ടീമുകളുടെ (ആര്‍ആര്‍ടി) സേവനവും വിനിയോഗിച്ചു വരുന്നുണ്ട്.

സംസ്ഥാനത്ത് മനുഷ്യ‑വന്യജീവി സംഘര്‍ഷം ല­ഘൂകരിക്കുന്നതിന് എട്ട് റാപ്പിഡ് റെ­സ്പോണ്‍സ് ടീമുകളാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. സൗരോര്‍ജ വേലി, ആന പ്രതിരോധ മതിലുകള്‍, കിടങ്ങുകള്‍, ക്രാഷ്ഗാര്‍ഡ് റോപ്പ് ഫെ­ന്‍സിങ്, റെയില്‍ ഫെന്‍സിങ്, ജൈവവേലി എന്നിവ നിര്‍മ്മിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കുന്നതും മനുഷ്യ‑വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് നടപ്പാക്കിയ മറ്റു പ്രവര്‍ത്തനങ്ങളാണ്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തിരിച്ച് കാട്ടിലേയ്ക്ക് തുരത്തുന്നതിനായി കുങ്കി സ്ക്വാഡുകളും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ആന, കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്താനാകാതെ വന്നാല്‍ അവയെ പിടികൂടി ജനവാസ കേന്ദ്രങ്ങളില്‍ നിന്നും അകലെയുള്ള വനമേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചു വരുന്നു.

മനുഷ്യ‑വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ നടപടികള്‍ സ്വീകരിക്കുന്നതിനായി തദ്ദേശീയരും ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള 261 ജനജാഗ്രതാ സ­മിതികള്‍ സംസ്ഥാനത്ത് രൂപീകരിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗശല്യം ഒഴിവാക്കുന്നതിനായി സൗരോര്‍ജവേലി സ്ഥാപിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായ സ്ഥലങ്ങളില്‍ ആന പ്രതിരോധ കിടങ്ങ് സ്ഥാപിച്ചു. വന്യമൃഗ ആക്രമണങ്ങളില്‍ നഷ്ടപരിഹാരമായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ 30.89 കോടി രൂപയും നല്‍കി. വനത്തോട് ചേര്‍ന്ന് താമസിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍, മറ്റ് വിഭാഗക്കാര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയും ഈ സര്‍ക്കാരിന്റെ സ്വീകാര്യതയേറാന്‍ കാരണമായി. ഇതിനായി 19 ലക്ഷത്തേ­ാളം രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. തേനീച്ച/കടന്നല്‍ കുത്തേറ്റ് മരിക്കുന്ന വ്യക്തികള്‍ക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുന്നതിന് ഉത്തരവായി. കാട്ടുപന്നികളെ നശിപ്പിക്കുന്നതിനായി അവയെ വെടിവച്ചു കൊല്ലുന്നതിന് ഉള്‍പ്പെടെയുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ക്ക് നല്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍പ്പെടുത്തി വന്യജീവികളുടെ ആവാസവ്യവസ്ഥ അഭിവൃദ്ധിപ്പെടുത്തുന്നതിന് മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തികള്‍, ചെ­ക്ക്ഡാമുകളുടെ നിര്‍മ്മാണം, ത­ദ്ദേശീയമല്ലാത്ത കളകളുടെ നിര്‍മ്മാര്‍ജനം, വനത്തിനകത്ത് ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് കുളങ്ങളുടെ നിര്‍മ്മാണം-പുനരുദ്ധാരണം തുടങ്ങിയവയും നടത്തുന്നുണ്ട്. വന്യജീവികള്‍ക്കും അവയുടെ ആവാസവ്യവസ്ഥയ്ക്കും ദോഷകരമായി ഭവിക്കുന്ന കാട്ടുതീ തടയുന്നതിനായി വനമേഖലകളിലും വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളിലും കാട്ടുതീപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു. മഞ്ഞക്കൊന്ന ‍‍ നശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍ കേരളത്തിലെ ആദ്യത്തെ ആനിമല്‍ ഹോസ്പൈസ് ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സ്ഥാപിച്ചു. സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്നും പുറത്താക്കപ്പെട്ട് ജനവാസമേഖലയില്‍ ഇറങ്ങുന്ന പരിക്ക് പറ്റിയതും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുമായ കടുവകളെയും പുള്ളിപ്പുലികളെയും പ്രാഥമിക ചികിത്സ നല്‍കി പുനരധിവസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെയും കേ­ന്ദ്ര മൃഗശാല അതോറിട്ടിയുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പണി പൂര്‍ത്തീകരിച്ച ഈ പദ്ധതിയില്‍ ഒരേ സമയം നാലു കടുവകളെയോ നാല് പുള്ളിപ്പുലികളെയോ പാര്‍പ്പിക്കാന്‍ സാധിക്കും.

വനാശ്രിത സമൂഹത്തിന് താങ്ങായി വനശ്രീ

രണ്ട് മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെ 69 വനശ്രീ വിപണന കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. 58ലധികം തടി ഇതര വന വിഭവങ്ങളുടെ ശേഖരണത്തിലൂടെ ഏകദേശം 50,000 വനാശ്രിത ഗോത്രസമൂഹം ഉപജീവനം കണ്ടെത്തുന്നുണ്ട്. സംസ്ഥാനത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് ഇതിലൂടെ കൈവരുന്ന വരുമാനം വ­ലിയ മുതല്‍ കൂട്ടാണ്. ഉപഭോക്തൃ ഇടപാടുകള്‍ സുഗമമാക്കുന്നതിന് സംസ്ഥാനത്തുടനീളമുള്ള എല്ലാ വനശ്രീ ഇക്കോ ഷോപ്പുകളിലും പണരഹിത പേയ്മെന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ‑കൊമേഴ്സ് പ്ലാറ്റ്ഫോം വഴി വനശ്രീ ഉല്പന്നങ്ങളുടെ വിപണനം വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഇ‑കൊമേഴ്സ് വഴിയുള്ള വില്പന, വനശ്രീ ഉല്പന്നങ്ങള്‍ക്ക് രാജ്യവ്യാപകമായി വിപണികള്‍ കണ്ടെത്താന്‍ വലിയതോതില്‍ സഹായകരമായി. ഇതിലൂടെ വനശ്രീ ഉല്പന്നങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്തുടനീളം എ­ത്തിക്കുവാനാകും. സംസ്ഥാനത്ത് ആദ്യമായി ചെക്ക്പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്ക്പോസ്റ്റ് സമുച്ചയങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് ഈ സ­ര്‍ക്കാരാണ് തുടക്കം കു­റിച്ചത്. പ്രധാന വഴിയോരങ്ങളിലുള്ള ചെക്ക് പോസ്റ്റുകളില്‍ വനശ്രീ ഇ­ക്കേ­ാ ഷോപ്പ്, വ­നസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തിലുള്ള നോളജ് സെന്റര്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എ­ന്നിവ ഉള്‍പ്പെടുത്തികൊണ്ടുള്ള സംയോജിത വനം-ചെ­ക്ക്പേ­ാസ്റ്റ് കോംപ്ലക്സുകളാക്കി മാറ്റുന്നതാണ് പദ്ധതി.

കാട്ടുതീ തടയാന്‍ ഫയര്‍ മാനേജ്മെന്റ് പ്ലാന്‍

വനങ്ങളിലെ കാട്ടുതീ നിവാരണത്തിനായി എല്ലാ സര്‍ക്കിളുകളിലും ഫയര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കിയത് വകുപ്പിന്റെ മികച്ച നടപടികളിലൊന്നായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫയര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ച് കാട്ടുതീ സാധ്യതയുള്ള മേഖലകളില്‍ ഇഡിസി/വിഎസ്എസ് അംഗങ്ങളെ ഉള്‍പ്പെടെയുള്ള പ്രതിരോധസംഘങ്ങളെ മുന്‍കൂറായി വിന്യസിച്ച് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കി. ഉള്‍ക്കാട്ടില്‍ താമസിക്കുന്നവരെ അവരുടെ സമ്മതത്തോടെ മാറ്റിപാര്‍പ്പിക്കുന്ന പദ്ധതിയും വകുപ്പ് നടപ്പിലാക്കി വരികയാണ്.

ആന പുനരധിവാസ കേന്ദ്രം അന്തര്‍ദേശീയ നിലവാരത്തില്‍

തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിനടുത്ത് കാപ്പുകാട് റിസര്‍വ് വനമേഖലയില്‍ നിലവിലുള്ള ആന പുനരധിവാസ കേന്ദ്രം അ­ന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി. 50 ആ­നകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ പാര്‍പ്പിച്ച് സന്ദര്‍ശകര്‍ക്ക് ആ­നകളെ കാണുവാനും പഠിക്കുവാനുമുള്ള അവസരവും അതുവഴി നെയ്യാര്‍മേഖലയുടെ വിനേ­ാദ സഞ്ചാര സാധ്യത വര്‍ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ല­ക്ഷ്യം. പൂത്തൂര്‍ റിസര്‍വ് വനമേഖലയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഭൗതിക സൗകര്യങ്ങളൊരുക്കിയുള്ള തൃശൂര്‍ സു­വോളജിക്കല്‍ പാര്‍ക്കിന്റെ പ്ര­വര്‍ത്തനവും പുരോഗതിയിലാണ്.

Eng­lish Sam­mury: LDF Gov­ern­ment 2nd Anniver­sary Cel­e­bra­tion — for­est department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.