21 December 2025, Sunday

Related news

December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 13, 2025
December 6, 2025
December 5, 2025

എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്; നവകേരളം യാഥാർത്ഥ്യമാകുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
കോഴിക്കോട്
May 20, 2025 9:25 pm

വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും തുടരെയുള്ള ഒമ്പതുവർഷങ്ങളാണ് പിന്നിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രവും സർവതലസ്പർശിയുമായ വികസനത്തിന്റെയും സമത്വവും സാഹോദര്യവും അന്വർത്ഥമാക്കുന്ന സാമൂഹ്യപുരോഗതിയുടെയും സന്ദേശമാണ് കേരളം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നവകേരളമെന്നത് ഭാവിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടാണ്. സാമ്പത്തിക വികസനവും സാമൂഹ്യപുരോഗതിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന, സമത്വവും നീതിയും മാനവികതയും പുലരുന്ന ഇടമാണ് നവകേരളം. അതിലേക്ക് നയിക്കുന്ന നയമാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വേളയിൽ അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി എല്ലാ വാർഷിക വേളയിലും പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്നു എന്നതാണ് ഈ സർക്കാരിന്റെ സവിശേഷത. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാർഷികാഘോഷ സമാപനറാലിയിൽ ഈ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. കോവിഡ് മഹാമാരിയുടെ തുടർച്ചയായി നേരിട്ട വലിയ തകർച്ചകളെ അതിജീവിച്ചുകൊണ്ടാണ് 2021ന് ശേഷം സംസ്ഥാനം മുന്നോട്ടുനീങ്ങുന്നത്. സാമ്പത്തിക രംഗത്ത് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി. അർഹമായ പലതും തടഞ്ഞുവച്ച് ഞെരുക്കുകയാണ് കേന്ദ്രം. സമരം ചെയ്തും നിയമ പോരാട്ടം നടത്തിയും അവകാശങ്ങൾ സംരക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ് നാം. സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ഇച്ഛാശക്തിയുള്ള സമൂഹമാണ് നമ്മൾ. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെയും മറികടന്നുകൊണ്ടിരിക്കുകയാണ്. 

2016 മുതൽ ഇന്നുവരെ കേരളത്തിൽ 2,80,934 ഉദ്യോഗാർത്ഥികൾക്ക് പിഎസ്‌സി വഴി നിയമനം നൽകി. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ലൈഫ് മിഷൻ പദ്ധതിയിലൂടെ മാർച്ച് വരെ 4,51,631 വീടുകൾ പൂർത്തീകരിച്ച് നൽകി. 2016 മുതല്‍ ഇതുവരെ 4,00,956 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കേരളത്തെ പൂർണമായും അതിദാരിദ്ര്യ മുക്തമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത കേരളം യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടക്കാലത്ത് കുടിശിക വന്ന സാമൂഹ്യക്ഷേമ പെൻഷൻ 600 രൂപയിൽ നിന്ന് 1,600 രൂപയാക്കി 60 ലക്ഷം പേർക്ക് എല്ലാ മാസവും കൃത്യമായി നൽകുന്നു. പൊതുജനാരോഗ്യ സംവിധാനം ആധുനിക സംവിധാനങ്ങളോടെ രോഗീസൗഹൃദമാക്കി. കോവിഡിനെതിരെ ശക്തവും ശാസ്ത്രീയവുമായ പ്രതിരോധം തീർക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. കോവിഡ് മരണങ്ങൾ ഏറ്റവും കൃത്യമായി ഇന്ത്യയിൽ രേഖപ്പെടുത്തിയത് കേരളമായിരുന്നു. 

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. വീട് നഷ്ടപ്പെട്ടവർക്ക് ഒന്നിച്ചു താമസിക്കാൻ സൗകര്യം ഒരുക്കണമെന്ന ദുരന്തബാധിതരുടെ ആവശ്യം അംഗീകരിച്ചാണ് ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി നൽകി. നിർമ്മാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടിയുറച്ച പിന്തുണയാണ് ജനങ്ങൾ സർക്കാരിന് ഓരോ ഘട്ടത്തിലും നൽകി വരുന്നത്. പ്രതിസന്ധികളിൽ കരുത്തായും ഉപദേശനിർദേശങ്ങൾ പകർന്നും അവർ കൂടെയുണ്ട്. അതുനൽകുന്ന കരുത്താണ് ഈ നേട്ടങ്ങൾ യാഥാർത്ഥ്യമാക്കാൻ സർക്കാരിന് പ്രചോദനവും ഊർജവും പകർന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ശശീന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.