26 December 2025, Friday

Related news

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025

എല്‍ഡിഎഫ് സര്‍ക്കാര്‍ 10-ാം വര്‍ഷത്തിലേക്ക്; വികസന മുന്നേറ്റം തുടരും

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
May 20, 2025 7:00 am

ഒന്നും നടക്കില്ലെന്ന് കരുതിയിടത്തുനിന്ന്, ദുരന്തങ്ങളിലും പ്രതിസന്ധികളിലും പകച്ചുനിന്നിടത്തുനിന്ന് വികസനപാതയിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ന് ഒമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഓരോ വികസന സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകുമ്പോള്‍ മുഖ്യമന്ത്രി പറയുന്ന വാചകം “നാം അതും നേടി” എന്നതാണ്. ജനങ്ങള്‍ ഒരുമിച്ച് നിന്നാല്‍ അസാധ്യമായതെല്ലാം കൈക്കുമ്പിളിലൊതുക്കാമെന്ന നിശ്ചയദാര്‍ഢ്യത്തോടെ കേരളവും സര്‍ക്കാരും മുന്നേറ്റം തുടരുകയാണ്. അര്‍ഹമായ സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ ഞെരുങ്ങുമ്പോഴും ജനപിന്തുണയുടെ കരുത്തിലാണ് സര്‍ക്കാര്‍ നാടിനെ മുന്നോട്ട് നയിച്ചത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളും അവയില്‍ നടപ്പിലാക്കിയതും നടപ്പിലാക്കാനുള്ളതുമെല്ലാം അക്കമിട്ട് ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി ഒരു പുതിയ ജനാധിപത്യ മാതൃകയാണ് കേരളം തീര്‍ത്തത്. തുടര്‍ഭരണം നേടിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭരണത്തിന്റെ നാനാതലങ്ങളില്‍ കേരളം കെെവരിച്ച നേട്ടങ്ങള്‍ രാജ്യത്താകെ മാതൃകയായി മാറുകയാണ്.
ലോക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം തുറമുഖവും, ദേശീയപാതകളും വികസനമാതൃകയുടെ അടയാളങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നു. മുടക്കമില്ലാതെയുള്ള ക്ഷേമപെന്‍ഷന്‍ വിതരണവും ലൈഫ് മിഷനിലൂടെയുള്ള വീടുകളുടെ നിര്‍മ്മാണവും ജനപക്ഷ സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ നേര്‍സാക്ഷ്യമാകുന്നു. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആരംഭിച്ച ലൈഫ് മിഷനിലൂടെ ഇതിനകം അനുവദിച്ചത് 5,79,568 വീടുകളാണ്. അതില്‍ 4,52,156 വീടുകള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ക്ഷേമപെന്‍ഷനുകള്‍ നല്‍കാനായി പ്രതിവര്‍ഷം 11,000 കോടി രൂപയോളമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 

കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാപകമായ പ്രചരണങ്ങള്‍ക്കുള്ള മറുപടിയായി വ്യവസായ, സംരംഭക മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ചതിലൂടെ ദേശീയതലത്തിലുള്ള അംഗീകാരങ്ങളാണ് നമ്മെ തേടിയെത്തിയത്. നാല് ലക്ഷം പട്ടയം വിതരണം ചെയ്തും, അഞ്ച് ലക്ഷത്തിലധികം പുതിയ റേഷന്‍കാര്‍ഡുകള്‍ നല്‍കിയും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകി സര്‍ക്കാര്‍. മാലിന്യമുക്ത കേരളം സൃഷ്ടിക്കുന്നതിലും അതിദാരിദ്ര്യനിര്‍മ്മാര്‍ജനത്തിലും സമയപരിധി കുറിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് കേരളം. പ്രകൃതിദുരന്തങ്ങളും മഹാമാരികളും ഒറ്റക്കെട്ടായി തരണം ചെയ്ത് കൈവരിച്ച ഈ നേട്ടങ്ങള്‍ക്ക് തിളക്കമേറെയാണ്. വളര്‍ച്ചയുടെ അംഗീകാരമായി നിരവധി ദേശീയ‑അന്തര്‍ദേശീയ പുരസ്കാരങ്ങളും ഈ കാലയളവില്‍ കേരളത്തിന് ലഭിച്ചു.
അതേസമയം, കേരളം മുന്നോട്ട് കുതിക്കുന്നതിനെതിരെ പട നയിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന പ്രതിപക്ഷം. നട്ടാല്‍ കുരുക്കാത്ത നുണകളെല്ലാം പടച്ചുവിട്ട് മാധ്യമങ്ങളുടെ പിന്തുണയോടെ സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് വ്യാമോഹിച്ച കോണ്‍ഗ്രസിന്, രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന്റെ രോഷം അടങ്ങിയിട്ടില്ല. വിവാദങ്ങളെ മറയാക്കി അക്രമസമരം അഴിച്ചുവിട്ടും കേരളത്തെ കലാപകേന്ദ്രമാക്കാനുള്ള ശ്രമം ജനങ്ങള്‍ തള്ളിക്കളഞ്ഞു. കേരളത്തെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഒരുവാക്ക് പോലും എതിര്‍ത്തുപറയാതെയാണ് കോണ്‍ഗ്രസ് ബിജെപിയോടൊപ്പം കേരളത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചത്. അപവാദപ്രചരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ജനപക്ഷഭരണത്തിനൊപ്പം ജനങ്ങള്‍ നിലകൊള്ളുമെന്നതിന്റെ സാക്ഷ്യപത്രമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.