21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് 900 +

മുപ്പതോളം പുതിയ പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുത്ത് ജനങ്ങളോടൊപ്പം മുന്നോട്ട്
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
June 7, 2024 10:15 pm

എത്രമേല്‍ പ്രതിസന്ധികളുണ്ടായാലും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. 2021ല്‍ പ്രകടനപത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങളില്‍ ബഹുഭൂരിപക്ഷവും നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് അതിന് പുറമേ 30ഓളം പുതിയ പദ്ധതികള്‍ ഏറ്റെടുത്തതിന്റെ വിശദാംശങ്ങളും നല്‍കുന്നു.  ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലും വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് പദ്ധതികള്‍ നടപ്പാക്കിവരുന്നത്. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ സഹായങ്ങള്‍ നല്‍കാതിരിക്കുകയും, പദ്ധതികള്‍ മുടക്കാന്‍ ശ്രമിക്കുകയും ചെയ്താലും ജനങ്ങളോടൊപ്പം നിലകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനമാവുകയാണ് മൂന്നാമത് വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട്.
2016ല്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് 580 എണ്ണം പൂര്‍ത്തീകരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ തുടര്‍ഭരണം നല്‍കുകയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍, 900 വാഗ്ദാനങ്ങളില്‍ 809 എണ്ണം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നത് അറിയിച്ചിരുന്നു. മറ്റ് വാഗ്ദാനങ്ങളിലുള്‍പ്പെടെ ഗണ്യമായ പുരോഗതി കൈവരിച്ചുവെന്ന് ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

വായ്പാ പരിധിയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തുമ്പോഴും ചെലവുകൾ ക്രമീകരിച്ചും തനത് വരുമാനം വർധിപ്പിച്ചും സാമ്പത്തിക ഞെരുക്കത്തെ നേരിടുവാനുള്ള ശക്തമായ നടപടികൾ കൈക്കൊണ്ടു. കേരളം നേരിടുന്ന പ്രശ്നങ്ങളെ ജനപിന്തുണയോടെ അതിജീവിക്കുന്നതിനും നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ പദ്ധതി തയ്യാറാക്കി നടപ്പിൽ വരുത്തുന്നതിനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി, കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന മലയോര‑തീരദേശ ഹൈവേകളുടെ പ്രവർത്തനങ്ങൾ എന്നിവ പുരോഗമിച്ചുവരികയാണ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായി 2023ൽ സംരംഭകത്വവർഷമായി ആചരിച്ചു. കാർഷികോല്പാദനവർധനയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കലും ലക്ഷ്യമിട്ട് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി 2022 ഏപ്രിൽ മാസം മുതൽ സർക്കാർ നടപ്പാക്കി വരുന്നു.
ഭൂരഹിതര്‍ക്കും കൈവശക്കാര്‍ക്കുമുള്ള പട്ടയ വിതരണം, വിലക്കയറ്റം തടയുന്നതിനുള്ള സംവിധാനങ്ങള്‍, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങള്‍, ആരോഗ്യ, പൊതുവിദ്യാഭ്യാസ പരിസ്ഥിതി മേഖലകളിൽ മിഷൻ മാതൃകയിലുള്ള പ്രവർത്തനങ്ങള്‍ എല്ലാം ഊർജിതമായി നടന്നുവരികയാണ്. ഇവയുള്‍പ്പെടെ വിവിധ വാഗ്ദാനങ്ങളില്‍ സർക്കാർ കൈവരിച്ച പുരോഗതിയുടെ വകുപ്പ് തലത്തിലുള്ള വിശദാംശങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അധിക പദ്ധതികള്‍

പ്രകടനപത്രികയില്‍ പരാമര്‍ശിക്കാത്ത 30 അധിക പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. മാലിന്യത്തില്‍ നിന്നും സമ്പത്ത് ഉല്പാദിപ്പിക്കുന്നതിനുള്ള സമഗ്രപദ്ധതി വ്യവസായ വകുപ്പുമായി ചേര്‍ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ചത്.
കാര്‍ഷിക മേഖലയില്‍ കേരള അഗ്രോ ബിസിനസ് കമ്പനി, ഞങ്ങളും കൃഷിയിലേക്ക്, കേരളാഗ്രോ, കേരള ക്ലൈമറ്റ് റസീലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡേനൈസേഷന്‍(കേര), നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യ‑കൃഷി വകുപ്പുകളുടെ റാപ്പിഡ് റെസ്പോണ്‍സ് ടീം, കാര്‍ബണ്‍ തുലിത കൃഷി, വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പട്ടയം ലഭിച്ചിട്ടാത്ത ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്കും വിള ഇന്‍ഷുറന്‍സ് തുടങ്ങിയ നിരവധി പദ്ധതികളാണ് പുതുതായി ആരംഭിച്ചത്.
കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കുന്ന ഉച്ചഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ‘ലഞ്ച് ബെല്‍’, വിദഗ്ധപരിശീലനം നേടിയ പ്രൊഫഷണല്‍ എക്സിക്യൂട്ടീവുകള്‍ മുഖേന വിവിധ ഗാര്‍ഹിക പരിചരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ‘കെ ഫോര്‍ കെയര്‍’, നഗരത്തില്‍ വിവിധ സേവനങ്ങളേകുന്നതിനുള്ള ‘ക്വിക്ക് സെര്‍വ്’, കഫെ കുടുംബശ്രീ പ്രീമിയം, ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും ചുരുങ്ങിയത് ഒരു സംരംഭം/തൊഴില്‍ എന്ന കണക്കില്‍ ഉപജീവന മാര്‍ഗം സൃഷ്ടിക്കുന്ന ‘കെ ലിഫ്റ്റ് 24’ ക്യാമ്പയിന്‍, സോളാര്‍ സിറ്റി പദ്ധതി, സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ്, ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് തുടങ്ങിയവയാണ് മറ്റ് പ്രധാന പദ്ധതികള്‍.

Eng­lish Summary:LDF Govt Progress Report 900 +
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.