19 January 2026, Monday

Related news

January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി; കേവല ദാരിദ്ര്യം ഇല്ലാതാക്കും

*എല്ലാവര്‍ക്കും ആഹാരം നല്‍കാന്‍ ജനകീയ ഭക്ഷണശാലകള്‍ 
*പൊതുആരോഗ്യ സൗകര്യങ്ങള്‍ വിപുലമാക്കും. 
*സ്ത്രീ തൊഴില്‍ പങ്കാളിത്തം ഉയര്‍ത്തും
*എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും വീട് ഉറപ്പാക്കും
*പുറമ്പോക്ക് താമസക്കാരെ പുനരധിവസിപ്പിക്കും
*പ്രാദേശിക റോഡ് വികസനത്തിന് സര്‍ക്കാര്‍ ഗ്യാരന്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
November 17, 2025 10:15 pm

അതിദരിദ്ര മുക്തമായ കേരളത്തെ കേവല ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടനപത്രിക. കെടുകാര്യസ്ഥതയുടേയും വികസനമുരടിപ്പിന്റേയും ഇരുണ്ട യുഗത്തില്‍ നിന്ന് കേരളത്തെ കരകയറ്റി നവകേരള കാലഘട്ടത്തിന് തുടക്കമിട്ട സര്‍ക്കാര്‍, അശരണരേയും പാവപ്പെട്ടവരേയും തുടര്‍ന്നും ചേര്‍ത്തുപിടിക്കുമെന്ന് ഉറപ്പ് നല്‍കുന്ന പ്രകടനപത്രിക എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, മറ്റ് ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പുറത്തിറക്കി.
കേരളം വികസന ചരിത്രത്തില്‍ അത്യപൂര്‍വമായ ഒരു നേട്ടം കരസ്ഥമാക്കി. സുതാര്യവും ജനങ്ങളെ പങ്കാളികളാക്കിയുമുള്ള രീതിയില്‍ കണ്ടെത്തിയ 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും കരകയറ്റി. അതോടൊപ്പം ഇവര്‍ക്ക്‌ മുകളിലുള്ള കേവല ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി അവരെയും സൂക്ഷ്മപദ്ധതികള്‍ വഴി ദാരിദ്ര്യവിമുക്തരാക്കാന്‍ പരിപാടി നടപ്പാക്കുമെന്ന് പ്രകടന പത്രിക പ്രഖ്യാപിക്കുന്നു. ഇവരെ കണ്ടെത്താന്‍ കൂടുതല്‍ ഉദാരമായ ക്ലേശഘടകങ്ങളുടെ മാനദണ്‌ഡങ്ങള്‍ സ്വീകരിക്കും. അതുവഴി കേവല ദാരിദ്ര്യം കേരളത്തില്‍ നിന്ന്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യും. എല്ലാവര്‍ക്കും വീട്, ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം, തൊഴില്‍, കുടിവെള്ളം എന്നിവ ഉറപ്പ് നല്‍കുന്ന പ്രകടന പത്രിക 24 മുഖ്യ മേഖലകളിലെ സമഗ്രമാറ്റത്തിനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ ഭവനരഹിതര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മ്മിച്ചുനല്‍കും. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് മറ്റിടങ്ങളില്‍ പട്ടയം നല്‍കി പുനരധിവസിപ്പിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിനായി കൊച്ചി കോര്‍പറേഷൻ ആരംഭിച്ച സമൃദ്ധി മാതൃകയില്‍ കൂടുതല്‍ ജനകീയ ഭക്ഷണശാലകള്‍ ആരംഭിക്കും. പൊതുആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ ഇനിയും വിപുലമാക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്കൊപ്പം ദേശീയ പെര്‍ഫോമൻസ് ഗ്രേഡിങ് ഇൻഡക്സിലും അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ ഒന്നാമതാക്കും. സ്ത്രീ തൊഴില്‍ പങ്കാളിത്തം 50% ആയി ഉയര്‍ത്താൻ ലക്ഷ്യമിട്ട് അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കും. കിടപ്പുരോഗികളല്ലാത്ത വയോജനങ്ങള്‍ക്കായി ‘ആരോഗ്യകരമായ വാര്‍ധക്യം’ പദ്ധതി തുടങ്ങും. എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും വാസയോഗ്യമായ വീട് ഉറപ്പാക്കും. പ്രായപൂര്‍ത്തിയായ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പുനരധിവാസ കേന്ദ്രങ്ങള്‍, ഓരോ പ്രദേശത്തിനും ആവശ്യമായ ജലത്തിന്റെ പരമാവധി അതാത് പ്രദേശത്ത് തന്നെ സംഭരിക്കാൻ നടപടികള്‍, പ്രാദേശിക റോഡ് വികസനത്തിന് സര്‍ക്കാര്‍ ഗ്യാരന്റി, വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പ്രതിരോധ പദ്ധതി, കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കല്‍ എന്നിവയും പ്രകടനപത്രിക പ്രധാന ലക്ഷ്യങ്ങളായി മുന്നോട്ടുവയ്ക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വൻ വിജയം നേടാൻ എല്‍ഡിഎഫിന് കഴിയുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), ഡോ. എ നീലലോഹിതദാസ് (ആര്‍ജെഡി), അഡ്വ. വര്‍ക്കല രവികുമാര്‍ (എൻസിപി), ബിനോയ് ജോസഫ് (കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ്), സ്റ്റീഫൻ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം). ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), അഹമ്മദ് ദേവര്‍കോവില്‍ (ഐഎൻഎല്‍), മാത്യൂ ടി തോമസ് (ജനതാദള്‍ എസ്) വേണുഗോപാലൻ നായര്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.