
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്വല വിജയം നേടുമെന്ന് നൂറ് ശതമാനം ശുഭാപ്തി വിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പല കാരണം കൊണ്ടും യുഡിഎഫ് പലമടങ്ങ് ദുര്‍ബലമായിരിക്കുകയാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന അചഞ്ചല ബോധ്യത്താല്‍ എല്‍ഡിഎഫ് ശക്തിപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ 10 വര്‍ഷം നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇവിടെ കെട്ടിപ്പടുത്ത ഒരു പുതിയ കേരളമുണ്ട്. എല്ലാ രംഗത്തും ആ കേരളത്തിന്റെ മാറ്റ് വര്‍ധിച്ചിരിക്കുന്നു. അതെല്ലാം ചേര്‍ത്ത് വച്ച്കൊണ്ടാണ് ഉജ്വലമായ വിജയം എല്‍ഡിഎഫിനെ കാത്തിരിക്കുന്നുണ്ടെന്ന് പറയുന്നത്. ആ പ്രതീക്ഷ എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷപ്പെടാന്‍ നടത്തുന്ന തത്രപ്പാടില്‍ യുഡിഎഫ് പതിവ് പോലെ ബിജെപിയുമായി ബന്ധം സ്ഥാപിക്കുമെന്ന് മുന്‍കൂട്ടി കാണുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുമായുള്ള രാഷ്ട്രീയ ബന്ധം യുഡിഎഫ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുമായി ബന്ധം സ്ഥാപിച്ച് കഴിഞ്ഞാല്‍ എസ്ഡിപിഐയിലേക്ക് അധികം ദൂരമില്ല. ഹിന്ദു വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസിന് മറ്റൊരു ഭാഗത്ത് ബന്ധമുണ്ട്.
അന്ധമായ ഇടതുപക്ഷ വിരോധമാണ് കോണ്‍ഗ്രസിന് ഏറെ കാലമായി വഴി കാണിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥയെ പരിഗണിക്കാതെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത് അവരുടെ മുഖ്യ ശത്രു ഇടതുപക്ഷമാണെന്നാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ഇടതുപക്ഷത്തിന്റെ ആശയ രാഷ്ട്രീയ രംഗത്ത് മുഖ്യഎതിരാളിയായിട്ടുള്ള ബിജെപിയെ തങ്ങളുടെ ബന്ധുവായി കാണുന്നു. കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ് എസ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ഇത്തവണയും പലസ്ഥലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് വരുവാന്‍ സാധ്യതയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ശബരിമലയില്‍ അഴിമതിയുണ്ടായെങ്കില്‍ അഴിമതിക്കാര്‍ക്കെതിരെ കര്‍ശനമായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. തെറ്റുകാര്‍ ആരായാലും ശിക്ഷിക്കപ്പെടും. അഴിമതിക്കാരോട് എല്‍ഡിഎഫിന് സന്ധിയില്ല. ആരാണോ ഉപ്പ് തിന്നത് അവരെല്ലാം വെള്ളം കുടിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.