23 February 2026, Monday

Related news

February 21, 2026
February 21, 2026
February 16, 2026
February 16, 2026
February 16, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

എല്‍ഡിഎഫ് മേഖലാ ജാഥ ജനമുന്നേറ്റമായി

Janayugom Webdesk
കാഞ്ഞങ്ങാട്
February 2, 2026 10:57 pm

സർവതല സ്പർശിയായ വികസനം നടത്തി ലോകത്തിന് മുന്നിൽ കേരളത്തെ അടയാളപ്പെടുത്തിയ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന്റെ പിന്നില്‍ ശക്തിദുര്‍ഗമായി അണിനിരക്കുമെന്ന പ്രഖ്യാപനവുമായി വടക്കന്‍ മേഖലാ ജാഥാ സ്വീകരണകേന്ദ്രങ്ങളില്‍ ഒഴുകിയെത്തി ജനങ്ങള്‍. ഞായറാഴ്ച ആരംഭിച്ച വടക്കൻ ജാഥയ്ക് ഇന്ന് ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്തായിരുന്നു ആദ്യസ്വീകരണം. പിന്നീട് കാഞ്ഞങ്ങാട് മണ്ഡലത്തിലെ കോട്ടച്ചേരിയിലും തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിലും. തുടർന്ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ രണ്ടാം ദിവസത്തെ ജാഥാപര്യടനം പൂർത്തിയാക്കി. രാഷ്ട്രീയ കേരളത്തിന് വികസന ഭരണത്തുടർച്ചയുടെ മുന്നൊരുക്കം എഴുതിച്ചേർത്തുകൊണ്ടാണ് സ്വീകരണങ്ങളിലുണ്ടായ വന്‍ ജനപങ്കാളിത്തം. കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെയും ജന്മി നാടുവാഴിത്തത്തിനെതിരെയുള്ള ധീരമായ ചെറുത്തുനിൽപ്പിന്റെയും പ്രോജ്വല ചരിത്രമുള്ള കാഞ്ഞങ്ങാടും ഉദുമയിലും കാലിക്കടവിലും ഇടതു സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കായി വിജയകാഹളം മുഴക്കി ഒഴുകിയെത്തിയത് ആയിരങ്ങളാണ്. അറബിക്കടൽ തീരത്തെ കടലിന്റെ മക്കൾ മുതൽ മലയോരമേഖലയിലെ വിവിധങ്ങളായ കർഷകത്തൊഴിലാളികളും നാനാമേഖലകളിൽ തൊഴിലെടുക്കുന്നവരും എന്നുവേണ്ട സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ അനുഭവിക്കാത്തവരായി ആരുമില്ലെന്ന വെളിപ്പെടുത്തലോടെ ആഹ്ലാദവും ആവേശവും നിറഞ്ഞുനിൽക്കുന്നതായി ജാഥാസ്വീകരണങ്ങള്‍. 

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡറും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ, മാനേജരും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ പി സന്തോഷ് കുമാർ എം പി, അംഗങ്ങളായ കെ എസ് സലീഖ, മാത്യു കുന്നപ്പള്ളി, പി പി ദിവാകരൻ, പി എം സുരേഷ് ബാബു, മനയത്ത് ചന്ദ്രൻ, കാസിം ഇരിക്കുർ, ബാബു ഗോപിനാഥ്, വടക്കോട് മോനിച്ചൻ, എ ജെ ജോസഫ്, നൈസ് മാത്യു എന്നിവർ സംസാരിച്ചു.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ സെക്രട്ടറി സി പി ബാബു, സിപിഐ(എം) ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായി. ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്തെ സ്വീകരണത്തിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎയും കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരൻ എംഎൽഎയും തൃക്കരിപ്പൂർ കാലിക്കടവിൽ പി ജനാർദ്ദനനും അധ്യക്ഷരായി.
ജില്ലയിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു. ജില്ലാ അതിർത്തിയായ കാലിക്കടവിൽ നിന്ന് എൽഡിഎഫ് നേതാക്കൾ സ്വീകരിച്ചാനയിച്ചു. വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും വർണശബളമായ വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്. പയ്യന്നൂരിലെ സ്വീകരണ യോഗത്തില്‍ കെ വി ബാബു അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ പത്തിന് പഴയങ്ങാടിയിലാണ് ആദ്യ സ്വീകരണം. മൂന്നിന് തളിപ്പറമ്പിലും നാലിന് ശ്രീകണ്ഠപുരത്തും അഞ്ചിന് ഇരിട്ടിയിലും സ്വീകരണം നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.