19 December 2025, Friday

Related news

December 18, 2025
December 18, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 14, 2025

എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്: ബിനോയ് വിശ്വം

Janayugom Webdesk
ഇരിങ്ങാലക്കുട
July 11, 2025 10:51 pm

മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരണമെന്നതാണ് കേരളത്തിന്റെ ജനഹിതമെന്നും ആ തീരുമാനം മാറ്റാൻ ആർക്കും കഴിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയഗതി തീരുമാനിക്കുന്നത് എൽഡിഎഫാണ്. എൽഡിഎഫിൽ ഒരു പാർട്ടി നേതാവും പദവിയും വലുതല്ല. എല്ലാറ്റിലും വലുത് ജനങ്ങളാണ്. 1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വികസന നിലപാടുകളാണ് പിന്നീട് വന്ന എൽഡിഎഫ് സർക്കാരുകൾ പിന്തുടർന്നത്. എന്നാൽ ഇടതുപക്ഷ സർക്കാരുകളെപ്പറ്റി പറയുമ്പോൾ ചില ചരിത്രകാരന്മാർക്ക് ഓർമ്മപ്പിശകുണ്ടാകുന്നു. 1957ലും 67ലും ഇടതുപക്ഷം ഭരിച്ചു. അവർ പിന്നീട് ഒരു ഇടതുപക്ഷ സർക്കാരിനെ കാണുന്നത് 1980ലാണ്. അത് ശരിയല്ല. 1969നും 80നുമിടയിൽ കേരളം ഭരിച്ച സർക്കാരുകളെ പറ്റിയുള്ള മറവി പാടില്ല. ശൂന്യമായതെന്ന് അവർ പറയുന്ന ഈ കാലത്താണ് കേരളത്തിന്റെ ഭാവി വികസനത്തിന്റെ അസ്ഥിവാരം കുറിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ തലച്ചോറായി മാറുകയാണ് കോൺഗ്രസ്. ബിജെപിയുമായി വലിയ ചങ്ങാത്തത്തിലാണവര്‍. എല്ലാ അടവും പയറ്റിയാലും കോൺഗ്രസിനെ ജനങ്ങൾ ചെറുത്തു തോല്പിക്കും. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായ ശശി തരൂർ രാവിലെയും വൈകുന്നേരവും മോഡിക്ക് വേണ്ടിയാണ് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത്. എത്ര ഭാഷകളറിഞ്ഞാലും ബുദ്ധിജീവിയെന്നു പറഞ്ഞാലും സ്വന്തം പാർട്ടിയെ തള്ളിപ്പറയുന്ന വ്യക്തി രാജിവച്ച് ബിജെപിയിൽ ചേരുകയാണ് വേണ്ടത്. ഗവർണർ സർവകലാശാലകളെ സംഘർഷഭരിതമാക്കുകയാണ്. അദ്ദേഹത്തിന് തന്റെ അധികാര പരിധിയെ കുറിച്ച് ധാരണയില്ല. തല മറന്ന് എണ്ണ തേയ്ക്കുകയാണ് ഗവർണർ. എൽഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കർത്തവ്യം. അടിയന്തരാവസ്ഥ രാഷ്ട്രീയമായി തെറ്റായിരുന്നു. അതിനെ പിന്താങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തെറ്റുപറ്റി. അന്നത്തെ തെറ്റ് ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ ഏറ്റുപറഞ്ഞു. ഒരു തെറ്റ് പറ്റിയാൽ അത് ഏറ്റു പറയാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. 

എൽഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് പാർട്ടിയുടെ കർത്തവ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ പരാജയം പാർട്ടിയുടെ നെഞ്ചത്തേറ്റ മുറിവാണ്. പക്ഷെ, പാർട്ടി ധീരമായി പോരാടി. എല്ലാ വർഗീയതയെയും കൂട്ടുപിടിച്ചാണ് അവർ വിജയിച്ചത്. ആ പരാജയത്തെക്കുറിച്ച് പാർട്ടിയും എൽഡിഎഫും പഠിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പി കെ ചാത്തൻ മാസ്റ്റർ നഗറിൽ (ഇരിങ്ങാലക്കുട ടൗൺ ഹാൾ) സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ജയദേവൻ പതാക ഉയർത്തി. സ്വാഗത സംഘം കൺവീനർ ടി കെ സുധീഷ് സ്വാഗതം പറഞ്ഞു. നേതാക്കളായ കെ പി രാജേന്ദ്രൻ, പി പി സുനീർ, കെ രാജൻ, സത്യൻ മൊകേരി, രാജാജി മാത്യു തോമസ്, എൻ രാജൻ, സി എൻ ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്നും തുടരുന്ന പ്രതിനിധി സമ്മേളനം നാളെ സമാപിക്കും. 

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.