10 December 2025, Wednesday

Related news

December 9, 2025
December 7, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025

മഞ്ചേരിയില്‍ ലീഗ്- കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷം; പിന്തുണ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് ഭീഷണി

Janayugom Webdesk
മഞ്ചേരി
April 10, 2025 11:18 am

മഞ്ചേരിയില്‍ മുസ്ലിംലീഗ്- കോണ്‍ഗ്രസ് തമ്മില്‍ തര്‍ക്കം രൂക്ഷം. പടലപ്പിണക്കം കയ്യാങ്കളി വരെ എത്തി. ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഉപാധ്യക്ഷന്‍ അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടു നിന്നു. മഞ്ചേരി കോ ഓപ്പറേറ്റീവ് അര്‍ബ്ബണ്‍ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുടക്കം. അര്‍ബ്ബണ്‍ ബാങ്കിലെ ജീവനക്കാരനായ കോവിലകംകുണ്ട് സ്വദേശി ദിനേശിന് പ്രമോഷന്‍ നല്‍കുന്നത് സംബന്ധിച്ചാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കം കയ്യാങ്കളിയിലെത്തുകയും മുനിസിപ്പല്‍ യുഡിഎഫ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവും ബാങ്ക് വൈസ് ചെയര്‍മാനുമായ ഹനീഫ മേച്ചരിയെയും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സുബൈര്‍ വീമ്പൂരിനെയും ലീഗ് നേതാക്കള്‍ മര്‍ദ്ദിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നഗരസഭ വൈസ് ചെയര്‍മാന്‍ വി പി ഫിറോസ്, സ്ഥിരം സമിതിയംഗം പി സക്കീന, മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ്, ഫൈസല്‍ പാലായി, ഷാനി സിക്കന്തര്‍, സുലൈഖ നൊട്ടിത്തൊടി എന്നിവര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചത്. അക്രമം നടത്തിയ ലീഗ് നേതാക്കളുടെ ധിക്കാരപരമായ സമീപനവും അവഹേളനവും ഇനിയും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ യു ഡി എഫ് നേതൃത്വത്തെ പലതവണ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് അക്രമസംഭവം നടന്നത്. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതികരണം കനപ്പിച്ചത്. 24 മണിക്കൂറിനകം നടപടിയുണ്ടായില്ലെങ്കില്‍ മുനിസിപ്പല്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസ് ഭീഷണി. എന്നാല്‍ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ കോണ്‍ഗ്രസ് മുതിരുമെന്ന് കരുതുന്നില്ല. 50 അംഗങ്ങളുള്ള ഭരണസമിതിയില്‍ 24 അംഗങ്ങള്‍ ലീഗിനുണ്ട്. ആറ് അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുള്ളത്. എല്‍ഡിഎഫിന് 19 ഉം എസ്ഡിപിഐക്ക് ഒരംഗവുമുണ്ട്. 

പിന്തുണ പിന്‍വലിച്ച് ഭരണം നഷ്ടപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്സിലെ ചില അംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. സമാനമായ രീതിയില്‍ ലീഗ് നേതൃത്വം കോണ്‍ഗ്രസിനെ നിരന്തരം അവഹേളിക്കുകയാണെന്നും കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. മുസ്ലിം ലീഗിനകത്തെ തര്‍ക്കം കാരണം ബാങ്കിലും നഗരസഭയിലും കാര്യക്ഷമമായി ഇടപെടാന്‍ ആകുന്നില്ലെന്നും കൗണ്‍സിലര്‍മാരെ അപഹസിക്കുന്ന ലീഗ് നേതൃത്വവുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഭരണസമിതിയുടെ പേരുപറഞ്ഞ് അനധികൃതമായി പണപ്പിരിവ് നടത്തുന്നുണ്ടെന്ന് ലീഗ് ഭാരവാഹികളും ചൂണ്ടിക്കാട്ടി. നഗരസഭ ബജറ്റ് അവതരണത്തോടനുബന്ധിച്ച് വന്‍ പിരിവാണ് കോണ്‍ഗ്രസ് നേതാവ് നടത്തിയതെന്നും മുസ്ലിം ലീഗിന്റെ അനുവാദമില്ലാതെ ഡോക്ടേഴ്സ് കോളനിയില്‍ നിന്നടക്കം വലിയ പിരിവ് ഇവര്‍ നടത്തുന്നുവെന്നും പിന്നാമ്പുറ സംസാരമുണ്ട്. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കല്‍ ഭീഷണി ഉയര്‍ത്തിയതോടെ ലീഗ് നേതൃത്വം നിഷ്‌ക്രിയത്വം കൈവിട്ടിരിക്കയാണ്. വിഷയത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹമീദ് മാസ്റ്ററും ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് എന്നിവര്‍ മഞ്ചേരിയില്‍ നിന്നും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലിയെയും കെപിസിസി അംഗം റഷീദ് പറമ്പനെയും ഇന്ന് മലപ്പുറത്തേക്ക് വിളിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.