20 February 2026, Friday

Related news

February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ലീഗ് അവിശ്വാസം പാസായി;കോണ്‍ഗ്രസിന് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം നഷ്ടമായി

Janayugom Webdesk
കോഴിക്കോട്
January 27, 2025 10:37 pm

കൂരാച്ചുണ്ട് പഞ്ചായത്തിൽ മുസ്ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ കോൺഗ്രസിന് ഭരണം നഷ്ടമായി. ആകെയുള്ള 13 അംഗങ്ങളിൽ 11 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് വോട്ട് അസാധുവാക്കി.
മുസ്ലിം ലീഗ് അവിശ്വാസത്തിലുടെ കോൺഗ്രസിന് ഭരണം നഷ്ടമായതിന് പിന്നാലെ നേതൃത്വത്തിനെതിരെ പാർട്ടിയിൽ പ്രതിഷേധവും ആരംഭിച്ചു. എം കെ രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ എന്നിവർക്കെതിരെ കൂരാച്ചുണ്ട് ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗിന് വേണ്ടി ഇവരുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണം അട്ടിമറിച്ചുവെന്നാണ് പ്രവർത്തകരുടെ ആരോപണം. പഞ്ചായത്ത് ഓഫിസിനും സമീപത്തും എംപിയ്ക്കും ഡിസിസി പ്രസിഡന്റിനുമെതിരെ പ്രവർത്തകർ വ്യാപകമായി പോസ്റ്ററുകളും പതിച്ചു.
ഭരണകാലയളവിൽ അവസാന ഒരു വർഷം മുസ്ലിം ലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് കോൺഗ്രസും ലീഗും തമ്മിൽ ധാരണ ഉണ്ടായിരുന്നു. എന്നാൽ യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം പാലിക്കാൻ കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ പോളി കാരക്കട തയ്യാറായില്ല. വർഷങ്ങളായി കോൺഗ്രസിന്റെ കൈവശമുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് വിട്ടു നൽകാൻ കഴിയില്ലെന്നും ജില്ലാ തലത്തിലുള്ള തീരുമാനം അംഗീകരിക്കില്ലെന്നും ഇദ്ദേഹം നിലപാട് സ്വീകരിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. രണ്ട് മെമ്പർമാർ മാത്രമുള്ള ലീഗിന് പരമാവധി പരിഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം നിലപാടെടുത്തു. തുടർന്ന് പോളി കാരക്കടയോട് സ്ഥാനത്ത് നിന്ന് മാറാൻ ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിക്കാതെ വന്നതോടെ പഞ്ചായത്ത് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ഇതിനാൽ അവിശ്വാസത്തെ അംഗീകരിക്കാൻ ഡിസിസി പ്രസിഡന്റ് വിപ്പും നൽകി.
മുസ്ലിം ലീഗ് നേതാവും സ്ഥിരം സമിതി അധ്യക്ഷനുമായ ഒ കെ അമ്മദാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് ആറും മുസ്ലിം ലീഗിന് രണ്ടുമാണ് കക്ഷി നില. മുസ്ലിം ലീഗ് 2, സിപിഐ(എം) 2, കേരള കോൺഗ്രസ് (എം) 2, സ്വതന്ത്രൻ 1 എന്നിങ്ങനെ അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയ ചർച്ചയില്‍ നാല് കോൺഗ്രസ് അംഗങ്ങൾ കൂടി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.