
സമസ്തയ്ക്ക് മേൽ നിയന്ത്രണം സ്ഥാപിക്കാനുള്ള നീക്കങ്ങൾ പാളിയതോടെ സമുഹമാധ്യമത്തില്‍ സമസ്തയെയും നേതൃത്വത്തെയും അവഹേളിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ. സമസ്ത നേതൃത്വം ഇടപെടുകയും അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവഹേളനം തുടരുകയാണ്. ഇക്കാര്യത്തിൽ പ്രവർത്തകരെ പിന്തിരിപ്പിക്കാനുള്ള ഇടപെടലുകൾ ലീഗ് നേതൃത്വം സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സംഘടനയിൽ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മുശാവറ അംഗം ഉമർ ഫൈസി മുക്കം എന്നിവർക്ക് നേരെയാണ് ലീഗ് സംസ്ഥാന — ജില്ലാ നേതാക്കൾ ഉൾപ്പെടുന്ന സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ആക്ഷേപങ്ങൾ ഉയരുന്നത്. ജിഫ്രി തങ്ങൾ ഓന്തിനെപ്പോലെ നിറം മാറുന്നയാളാണെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടന നന്നാകില്ലെന്നുമാണ് വിമർശനം. വളരെ മോശമായ രീതിയിലാണ് ഉമർ ഫൈസിക്കെതിരെയുള്ള അധിക്ഷേപങ്ങൾ.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉൾപ്പെടെയുള്ള നേതാക്കൾ സമസ്തയെ പരിഹസിച്ചതിന് പിന്നാലെയാണ് അണികളും ഇതേ പാത പിന്തുടരുന്നത്. അടുത്തിടെ ദുബൈ കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുത്ത ഷാജി സുന്നി വിഭാഗം അനുഷ്ഠിക്കുന്ന ജാറം മൂടലിനെ ഉൾപ്പെടെ പരിഹസിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ആശയധാരയിൽ നിന്നുകൊണ്ട് ഷാജി നടത്തിയ വിമർശനം സമസ്തയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ഷാജി ശ്രമിക്കുന്നതെന്ന് സമസ്ത നേതാക്കൾ മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് സമസ്തയ്ക്കെതിരെ ലീഗ് പ്രവർത്തകർ അധിക്ഷേപങ്ങൾ ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.