25 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 19, 2025
February 19, 2025
February 10, 2025
February 2, 2025
January 28, 2025
January 13, 2025
January 2, 2025
December 6, 2024
November 22, 2024
October 16, 2024

കളിച്ചും ചിരിച്ചും പഠിച്ചു, മൂന്ന് കടമ്പയും കടന്ന് ഈ മിടുക്കികള്‍

ശ്യാമ രാജീവ്
തിരുവനന്തപുരം
October 16, 2024 11:22 pm

ഇ- ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബിന്റെ കടമ്പകള്‍ അനായാസമായി കടന്ന് ഗൗരിനന്ദനയും ധനലക്ഷ്മിയും. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ തിരുവനന്തപുരം പൂജപ്പുര ഗവ. യുപി സ്കൂളിലെ ഈ മിടുക്കികള്‍ രണ്ടാഴ്ച കൊണ്ടാണ് ഹിന്ദി ലാംഗ്വേജ് ലാബിന്റെ പാഠങ്ങള്‍ പഠിച്ചത്. ലാംഗ്വേജ് ലാബിലെ മൂന്ന് ലെവലുകളും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇവര്‍ കടന്നു. ആഴ്ചയില്‍ നാല് മണിക്കൂറോളം പഠനത്തിനായി മാറ്റിവെച്ചു. മൂന്ന് ലെവലും കടന്നാല്‍ സ്പീക്കിങ്, റീഡിങ്, റൈറ്റിങ് എന്നിവയും അനായാസമാകും. ഇതെല്ലാം രസകരമായി പഠിച്ചെടുത്തുവെന്ന് ഗൗരി നന്ദനയും ധനലക്ഷ്മിയും പറഞ്ഞു. ലാംഗ്വേജ് ലാബിന്റെ ബോധവല്‍ക്കരണ വീഡിയോയില്‍ ഗൗരിനന്ദന അഭിനയിച്ചിട്ടുമുണ്ട്. ഇന്നലെ പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ മന്ത്രി വി ശിവന്‍കുട്ടിയ്ക്കൊപ്പം ഇരുവരും പങ്കെടുത്തു. ’ ബഹുത് അച്ഛാ ഹേ ’ എന്ന് കുട്ടികളോട് നര്‍മരസ സംഭാഷണവും മന്ത്രി പാസാക്കി.
സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ- ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വേറിലാണ് തയ്യാറാക്കിയിട്ടുള്ളത്. സ്കൂളുകളില്‍ നിലവിലുള്ള കമ്പ്യൂട്ടറുകള്‍ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ഈസിയായി ഉപയോഗിക്കാനും കഴിയും. 

ഹിന്ദി ലാംഗ്വേജ് ലാബില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കുമുള്ള ലോഗിനുകള്‍ ഉണ്ട്. കുട്ടികളുടെ ലോഗിനില്‍ അഞ്ച് യൂണിറ്റുകളിലായി കഥ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും ഓഡിയോ-വീഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യാനും ഭാഷാവ്യവഹാര രൂപങ്ങള്‍ നിര്‍മ്മിക്കാനുമുള്ള ഗെയിം അധിഷ്ഠിത ഇന്ററാക്ടീവ് പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഹിന്ദി അനായാസമായി പഠിക്കാനാവും. ഇംഗ്ലീഷ് ലാംഗ്വേജ് ലാബില്‍ നിന്നും വ്യത്യസ്തമായി ആനിമേറ്റഡ് കോണ്‍വര്‍സേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിത്യജീവിതവുമായി ബന്ധപ്പെട്ട ഭാഷകള്‍ പെട്ടെന്ന് പഠിക്കാന്‍ ഇതുവഴി കഴിയുമെന്നതും പ്രത്യേകതയാണ്. എത്ര തവണ വേണമെങ്കിലും കുട്ടികള്‍ക്ക് ലോഗിന്‍ ചെയ്ത് പരിശീലിക്കാന്‍ കഴിയും. അധ്യാപകര്‍ക്ക് ഓരോ കുട്ടിയും പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങള്‍ കാണാനും വിലയിരുത്താനും മെച്ചപ്പെടുത്താനുള്ള പിന്തുണ നല്‍കാനും പഠനപുരോഗതി നിരീക്ഷിക്കുന്നതിനും കഴിയുന്ന തരത്തിലാണ് സോഫ്റ്റ്‌വേര്‍ തയ്യാറാക്കിയിട്ടുള്ളത്. 

ലെവല്‍ വണ്‍, ലെവല്‍ ടു, ലെവല്‍ ത്രി എന്നിങ്ങനെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് മൂന്ന് ലെവലുകളിലായാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമായ പരിശീലനം കൈറ്റ് ആണ് നല്‍കുന്നത്. ഇന്ത്യയിലാദ്യമായാണ് ഫ്രീ സോഫ്റ്റ്‌വേര്‍ അടിസ്ഥാനമാക്കി ഹിന്ദി ലാംഗ്വേജ് ലാബ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍ സ്കൂളുകളില്‍ ഉടന്‍ സോഫ്റ്റ്‌വേര്‍ അപ്‌ലോ‍ഡ് ചെയ്ത് പരിശീലനം ആരംഭിക്കുമെന്ന് കൈറ്റിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജയരാജ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.