1 January 2026, Thursday

Related news

December 31, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 24, 2025
December 18, 2025
December 16, 2025
December 16, 2025

നല്ല വിദ്യാഭ്യാസവും ആരോഗ്യവും ഇടതിന്റെ ഉറപ്പ്

ചില്ലോഗ് തോമസ് അച്ചുത്
ചേലക്കര
October 29, 2024 9:43 am

ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തുമുണ്ടായ വൻ കുതിപ്പിനും സാധാരണക്കാരുടെ സ്വപ്നസാക്ഷാത്കാരങ്ങള്‍ക്കും വേദിയാകുകയായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഹൃദയത്തിലേറ്റിയ ചേലക്കര മണ്ഡലം. വളരെ പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, മതിയായ ചികിത്സാസംവിധാനമില്ലാത്ത പിഎച്ച്സികള്‍ ഇന്ന് മണ്ഡലത്തില്‍ കാണാൻ കഴിയില്ല. അവയെല്ലാം ഉയര്‍ന്ന നിലവാരത്തിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായി മുഖം മിനുക്കിക്കഴിഞ്ഞു.

തിരുവില്വാമല, പഴയന്നൂര്‍ പിഎച്ച്സികളെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാക്കി ഉയര്‍ത്തിയത്. ചേലക്കര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്ന ചേലക്കര താലൂക്ക് ആശുപത്രിയുടെ നവീകരണത്തിന് അഞ്ച് കോടി രൂപയാണ് എല്‍ഡിഎഫ് സർക്കാർ അനുവദിച്ചത്. താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ, ഐസിയു, കാഷ്വാലിറ്റി കോംപ്ലക്സ്, പീഡിയാട്രിക് വാർഡ്, പേ വാർഡ് എന്നിവ ഉൾപ്പെടുന്ന നാലുനില കെട്ടിടം പണിയുന്നതിനാണ് സർക്കാരിൽ നിന്നും തുക അനുവദിച്ചത്. സ്ഥലം എംഎല്‍എയും പിന്നാക്ക ക്ഷേമ മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണന്റെ ഇടപെടലിലാണ് ഇത് യാഥാര്‍ത്ഥ്യമായത്.

ചേലക്കര ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ സോഷ്യലൈസ്ഡ് ചികിത്സ തുടങ്ങിയതും ചേലക്കര ആയുര്‍വേദ ആശുപത്രി സെന്റര്‍ ഫോര്‍ എക്സലൻസ് ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതും ഇടതുമുന്നണിയുടെ നേട്ടങ്ങള്‍ക്കൊപ്പമിരിക്കുന്ന പൊൻതൂവലുകളാണ്. ചെറുതുരുത്തിയില്‍ 5.94 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള ദേശീയ പഞ്ചകര്‍മ്മ ഇൻസ്റ്റിറ്റ്യൂട്ടിനെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പല ഭാഗത്ത് നിന്നുമുണ്ടായെങ്കിലും ഈ നീക്കങ്ങള്‍ തടഞ്ഞ് ചേലക്കരയുടെ മണ്ണില്‍ത്തന്നെ ഇൻസ്റ്റിറ്റ്യൂട്ടിനെ നിലനിര്‍ത്തിയതും സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തുനല്‍കിയതും നാട്ടുകാരുടെ പ്രിയപ്പെട്ട രാധേട്ടന്റെ നേതൃത്വത്തിലായിരുന്നു. 117ല്‍ പരം ആയുര്‍വേദ വിഷയങ്ങളില്‍ റിസര്‍ച്ചുകളും പുതിയ മരുന്നുകള്‍ക്കായുള്ള ഗവേഷണങ്ങളും നടക്കുന്ന ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്ന് ദേശീയ പഞ്ചകര്‍മ്മ ഇൻസ്റ്റിറ്റ്യൂട്ട്.

ആരോഗ്യരംഗത്ത് ചേലക്കര പഞ്ചായത്തില്‍ മാത്രം 12.77 കോടി രൂപയുടെ പദ്ധതികളാണ് പൂര്‍ത്തീകരിച്ചതും പുരോഗമിക്കുന്നതുമായുള്ളത്. പഴയന്നൂര്‍ പഞ്ചായത്തില്‍ 5.05 കോടി, കൊണ്ടാഴിയില്‍ 64 ലക്ഷം, വള്ളത്തോള്‍ നഗറില്‍ 1.55 കോടി, മുള്ളൂര്‍ക്കരയില്‍ 2.67 കോടി, ദേശമംഗലത്ത് 1.62 കോടി, തിരുവില്വാമലയില്‍ 1.45 കോടി വരവൂരില്‍ 5.05കോടി എന്നിങ്ങനെയാണ് തുകകള്‍ വകയിരുത്തിയിട്ടുള്ളത്.

അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഉപരിപഠനത്തിന് ദൂരേക്ക് പോകേണ്ടി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ചേലക്കരയ്ക്ക്. ഇന്നതിന്റെ ആവശ്യമില്ല. മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകള്‍, ആര്‍ട്സ് ആന്റ് സയൻസ് കോളജുകള്‍, ഐഎച്ച്ആര്‍ഡി കോളജ്, ഗവ. പോളിടെക്നിക്, മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും പ്ലസ് ടു കോഴ്സുകള്‍, ലോകശ്രദ്ധയാകര്‍ഷിച്ച കേരള കലാമണ്ഡലത്തിന് കല്പിത സര്‍വകലാശാല പദവി, പുതിയ കോഴ്സുകള്‍, അതിനാവശ്യമായ പഠന സൗകര്യങ്ങളൊരുക്കല്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര വികസന പദ്ധതികളാണ് 1996 മുതല്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയത്.

വിദ്യാഭ്യാസ വകുപ്പ്, എസ്എസ്എ, അധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ചേലക്കര മണ്ഡലത്തിനായി സമഗ്ര വിദ്യാഭ്യാസ വികസന പരിപാടി രൂപീകരിക്കുകയും മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും സ്കൂളുകളുടെ സൗകര്യ വികസനവും ഉറപ്പുവരുത്തി. ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ വിദൂരമായിരുന്ന ചേലക്കരയ്ക്ക് സ്വകാര്യമേഖലയില്‍ ഇന്ന് മൂന്ന് എൻജിനീയറിങ് കോളജുകളും സ്വന്തമാണ്. മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് കരിയർ ഡെവലപ്മെന്റ് സെന്ററും ആരംഭിച്ചു. കരിയർ ഇൻഫർമേഷൻ, ഗൈഡൻസ്, കരിയർ കൗൺസിലിങ്, കരിയർ ഇന്ററസ്റ്റ് ടെസ്റ്റ്, ഗോൾ സെറ്റിങ്സ്, മോട്ടിവേഷൻ ക്ലാസുകൾ, പ്രീ ഇന്റർവ്യു പരിശീലനം, വ്യക്തി വികസന പരിപാടികൾ, മത്സരപരീക്ഷാ പരിശീലനം എന്നീ സേവനങ്ങൾ സൗജന്യമായി കരിയർ ഡവലപ്‌മെന്റ് സെന്ററിലൂടെ ലഭ്യമാകും. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.

സ്കൂളുകളുടെയും കോളജുകളുടെയും ഹോസ്റ്റലുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ നിര്‍മ്മാണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി തിരുവില്വാമലയില്‍ 8.1 കോടി, പഴയന്നൂര്‍ ജിഎല്‍പിഎസിന് ഒരു കോടി, പാഞ്ഞാളില്‍ 9.42 കോടി, ചേലക്കര പഞ്ചായത്തില്‍ 6.18 കോടി, മുള്ളൂര്‍ക്കരയില്‍ 5.68 കോടി, ദേശമംഗലത്ത് ഒരു കോടി, വള്ളത്തോള്‍ നഗറില്‍ 1.44 കോടി, വരവൂരില്‍ 1.25 കോടി എന്നിങ്ങനെ മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്തെ വികസനത്തിനായി കെ രാധാകൃഷ്ണനും എല്‍ഡിഎഫും വിഭാവനം ചെയ്തത് 37.5 കോടി രൂപയുടെ പദ്ധതികളാണ്. 2016ൽ കെ രാധാകൃഷ്ണന്റെ പിന്തുടർച്ചക്കാരനായി കന്നിയങ്കത്തിന് ഇറങ്ങി ചെങ്കൊടി പാറിച്ച യു ആർ പ്രദീപ് ഇക്കുറി വീണ്ടും അങ്കം കുറിക്കുമ്പോള്‍ ചേലക്കാര്‍ക്ക് തങ്ങളുടെ നാടിന്റെ വികസന സ്വപ്നങ്ങളുടെ പ്രതീക്ഷകളേറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.