
നിലമ്പൂരില്‍ എല്‍ഡിഎഫ് രാഷ്ട്രീയ പോരാട്ടമാണ് കാഴ്ചവച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനവിധിയെ വിനയപൂര്‍വം അംഗീകരിക്കുന്നു. ഇടതുപക്ഷത്തിന് വിജയത്തെപ്പോലെ പരാജയത്തെയും കാണുവാന്‍ സാധിക്കും. അതിലെ പാഠങ്ങള്‍ പഠിക്കും, തിരുത്തേണ്ടവ തിരുത്തി വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങും. പരാജയം ലവലേശം പിറകോട്ട് മാറ്റില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് പൂര്‍വാധികം കരുത്തോടെ മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ വിരുദ്ധരായ എല്ലാവരെയും പ്രത്യക്ഷമായും പരോക്ഷമായും ചേര്‍ത്തുപിടിച്ചാണ് യുഡിഎഫ് വിജയം. എല്‍ഡിഎഫ് രാഷ്ട്രീയമല്ലാതെ മറ്റൊന്നും പറയാതെ പോരാടി. ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് നിലമ്പൂരില്‍ മത്സരിപ്പിച്ചത്. എം സ്വരാജ് അന്തസാര്‍ന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടതുപക്ഷ നയങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായി മാറി.
അന്‍വര്‍ ഘടകം എല്ലാവര്‍ക്കും ഒരു പാഠമാണ്. നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടറായെങ്കില്‍ അതിനെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തില്‍ ഓരോ ആളുകളെ ഏറ്റെടുക്കുമ്പോള്‍ അവര്‍ ആരാണെന്നും എന്താണെന്നും ആദര്‍ശപരമായ നിലപാടെന്തെന്നും പഠിക്കേണ്ടതുണ്ട്. ഇത്തരം പ്രതിഭാസങ്ങളെ ഏറ്റെടുക്കുമ്പോഴും വലുതാക്കുമ്പോഴും ജാഗ്രത കാണിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ആ ഘടകം പഠിപ്പിക്കുന്നു.
സര്‍ക്കാരിന്റെ എണ്ണമറ്റ നേട്ടങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിച്ച ജനങ്ങളുടെ വോട്ടുകള്‍ സമാഹരിക്കുവാന്‍ എന്തുകൊണ്ട് പറ്റിയില്ലെന്നതും പഠിക്കേണ്ടതുണ്ട്. ബിജെപിക്ക് അത്യാവശ്യം വന്നാല്‍ സ്ഥാനാര്‍ത്ഥിയെ കടം കൊടുക്കുന്ന പാര്‍ട്ടിയായി യുഡിഎഫ് മാറിക്കഴിഞ്ഞത് നിലമ്പൂരില്‍ നാം കണ്ടു. കേരളത്തിലെ കോണ്‍ഗ്രസും ലീഗും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒന്നാകുന്ന സഖ്യത്തിന്റെ രാഷ്ട്രീയം തുടരുകയാണ്. അതിന്റെ അടിത്തറ അന്ധമായ ഇടതുപക്ഷ വിരോധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.