
ശശി തരൂരിന് പിന്നാലെ കേരള സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രശംസിച്ച് കെപിസിസി മുൻ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും. കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി കോണ്‍ഗ്രസിലെ അനൈക്യത്തെയും വിമര്‍ശിച്ചു. കേരളത്തിൽ ഭരണത്തുടർച്ചയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ കോൺഗ്രസുകാർ ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാരിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ച് തരൂർ എഴുതിയ ലേഖനം കോൺഗ്രസിനകത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് മുല്ലപ്പള്ളിയും സമാനമായ പ്രതികരണവുമായി രംഗത്തെത്തിയത്.
കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ നേരത്തേയും മുല്ലപ്പള്ളി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. പുതിയ നേതൃത്വം പാര്‍ട്ടിയെ നയിക്കുന്നത് തെറ്റായ വഴികളിലൂടെയാണെന്നും പാര്‍ലമെന്ററി വ്യാമോഹമാണ് നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിനുമെന്നും വ്യക്തമാക്കിയായിരുന്നു പടയൊരുക്കം നടത്തിയത്. മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു.
നേതൃത്വവുമായുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസം കാരണം കുറച്ചുനാളുകളായി സജീവ രാഷ്ട്രീയ രംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ് മുല്ലപ്പള്ളി. പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ വിമർശനത്തില്‍ ഉലയുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മുല്ലപ്പള്ളിയുടെ പ്രതികരണവും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിലും അണികളിലും പൊതുവെയുണ്ടാകുന്ന വികാരമാണ് ഈ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ഇതിന് പാര്‍ട്ടിയില്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും നേതൃത്വം കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.