
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ബിജെപി നടത്തുന്ന വഴിവിട്ട നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ബിഹാറിലെ വോട്ടര്‍പട്ടിക ത്വരിത വേഗതയില്‍ പരിഷ്കരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിംഫോസ് (എഡിആര്‍) ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കി, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ബാധകമാക്കണമെന്ന് സിപിഐ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മിഷന്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഇതിനെതിരെയാണ് എഡിആര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്മിഷന്‍ പുറപ്പെടുവിച്ച ധൃതഗതിയിലുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ അപ്രായോഗികമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല പട്ടികയില്‍ ഇടംപിടിക്കാന്‍ കമ്മിഷന്‍ മുന്നോട്ടുവച്ച ആധാര്‍, മാതാപിതാക്കളുടെ താമസം ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിക്കാന്‍ വേഗത്തില്‍ കഴിയില്ല. ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ പുതിയ വോട്ടര്‍ പട്ടികയില്‍ നിന്നും ഇതോടെ പുറത്താകും. വോട്ടര്‍ രജിസ്‌ട്രേഷന്‍ നിയമം, ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍, ഭരണഘടനയുടെ വിവിധ അനുച്ഛേദങ്ങള്‍ എന്നിവയുടെ ലംഘനമാണിതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
വേഗത്തിലുള്ളതും സംശയാസ‌്പദവുമായ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കിയിരിക്കുന്നതെന്ന് പീപ്പിള്‍സ് യുണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 7.89 കോടി വോട്ടർമാരിൽ 2.93 കോടി പേർ രേഖാമൂലമുള്ള തെളിവുകൾ സമർപ്പിക്കേണ്ടിവരുമെന്നത് കമ്മിഷന്‍ തിരിച്ചറിയണം. ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന കാരണത്താല്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണ്. എല്ലാവരെയും ഉള്‍ക്കൊളളുക എന്ന പ്രാഥമിക ഉത്തരവാദിത്തം വിസ്മരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും പിയുസിഎല്‍ കമ്മിഷനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷന് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കവും സംശയാസ്പദമാണ്. പൗരത്വത്തില്‍ സംശയം തോന്നിയാല്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ പൗരത്വ നിര്‍ണയ ചുമതലയുള്ള ഫോറിനേഴ്സ് ട്രിബ്യൂണലിന് കൈമാറാം. ഇതോടെ ട്രിബ്യൂണലിന് മുമ്പാകെ പൗരത്വം തെളിയിക്കേണ്ടത് വോട്ടറുടെ ബാധ്യതയാകും. പൗരത്വം തെളിയിക്കാനായില്ലെങ്കില്‍ ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും നഷ്ടമാകും. തടങ്കലിലേക്കും നാടുകടത്തലിലേക്കും എത്തുകയും ചെയ്യും. വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഒരു കോടിയിലധികം വോട്ടര്‍മാര്‍ക്ക് ഫോം നല്‍കാനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിച്ചിട്ടുണ്ട് എന്ന അവസ്ഥയും നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.