
രണ്ടുപതിറ്റാണ്ടുകൾ പിന്നിട്ട ലോകത്തെതന്നെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതി നരേന്ദ്ര മോഡി സർക്കാർ പാർലമെന്റിലെ തങ്ങളുടെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ റദ്ദുചെയ്തു. 2005ൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തില്‍ വന്നതോടെ പ്രതിവർഷം 1,200 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുക വഴി അഞ്ച് കോടി ഗ്രാമീണകുടുംബങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനായി. 1,10,000 കോടി രൂപ വേതനമായി ലഭ്യമാക്കാനും വികസന പ്രവർത്തനങ്ങൾക്ക് ഊർജം പകരാനും കഴിഞ്ഞ ഭാവനാപൂർവമായ ഒരു പദ്ധതിക്കാണ് ബിജെപി സർക്കാർ അന്ത്യം കുറിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21, പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. ജീവിക്കാനുള്ള അവകാശം അർത്ഥപൂർണമാകണമെങ്കിൽ അതിന് അനിവാര്യമായ ഉപജീവനമാർഗം കൂടി പ്രദാനംചെയ്യുന്ന സംവിധാനത്തെപ്പറ്റിയും കോൺസ്റ്റിറ്റുവെന്റ് അസംബ്ലി ചർച്ചകളിൽ ഉയർന്നിരുന്നു. അസംബ്ലിയിലെ സോഷ്യലിസ്റ്റ് ആശയഗതിക്കാർ തൊഴിലവകാശം ഒരു മൗലികാവകാശമായി ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായഗതിക്കാരായിരുന്നു. യാഥാസ്ഥിതിക പക്ഷം സ്വാഭാവികമായും അതിനെ എതിർത്തിരുന്നു. ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ, കോടതിയിലൂടെ നേടിയെടുക്കാൻ കഴിയാത്ത അവകാശമായി, തൊഴിലവകാശത്തെ ഉൾപ്പെടുത്തുകയാണ് അന്നുണ്ടായത്. എന്നാൽ പ്രായോഗികമായി തൊഴിലവകാശം അംഗീകരിക്കപ്പെട്ട് കിട്ടേണ്ടതിന് ഇന്ത്യക്ക് അരനൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു. 2026 ഫെബ്രുവരിയില്‍ പ്രാവർത്തികമായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലില്ലായ്മയും വരുമാനരാഹിത്യവും മൂലം ജീവിതം ദുരിതപൂർണമായ വലിയൊരുവിഭാഗം ജനതയ്ക്ക് ഏറെ ആശ്വാസപ്രദവും ഗ്രാമീണ സമ്പദ്ഘടനയ്ക്ക് നവജീവൻ പകർന്ന നിയമനിർമ്മാണവും പദ്ധതിയും ആയിരുന്നു. ഡോ. മൻമോഹൻ സിങ് നേതൃത്വം നൽകിയ ഒന്നാം യുപിഎ സർക്കാരിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ഇടതുപക്ഷ പാർട്ടികൾ ആ നിയമനിർമ്മാണ പ്രക്രിയയിൽ സുപ്രധാന പങ്കവഹിക്കുകയുണ്ടായി. യുപിഎ സർക്കാരിന് ഇടതുപക്ഷം നൽകിയ പിന്തുണ പിൻവലിച്ചതോടെ സുഗമമായ നടത്തിപ്പിൽ ഉദാസീനത പ്രത്യക്ഷപ്പെട്ടുതുടങ്ങിയെങ്കിലും പദ്ധതി ഏറെ ജനോപകാരപ്രദമായി തുടർന്നുപോന്നിരുന്നു. നരേന്ദ്ര മോഡി സർക്കാരിന്റെ കഴിഞ്ഞ ഒരു ദശകത്തിലേറെ നീണ്ട ഭരണം തൊഴിലുറപ്പുപദ്ധതിയെ സാവധാനത്തിൽ അവസാനിപ്പിക്കുകയെന്ന ദിശയിലേക്കാണ് നീങ്ങിയിരുന്നത്.
തൊഴിലുറപ്പ് നിയമത്തെ ഒരു വികേന്ദ്രീകൃത പദ്ധതിയെന്ന നിലയിൽ നിന്നും തികച്ചും കേന്ദ്രീകൃതമായ ഒന്നാക്കിമാറ്റാൻ മോഡി സർക്കാർ നടത്തിയ നിരന്തരമായ ശ്രമത്തിന്റെ ഫലമായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ പദ്ധതിയിൽ നിന്നും പുറന്തള്ളപ്പെട്ടത്. ഏറ്റവും അവസാനം, പുതിയ നിയമനിർമ്മാണ വേളയിൽ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളനുസരിച്ച് പദ്ധതിയിൽനിന്നും 16.3 ലക്ഷം തൊഴിലാളികളാണ് കഴിഞ്ഞ 35 ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം പുറന്തള്ളപ്പെട്ടത്. ഇന്ത്യയുടെ തൊഴിൽരംഗത്തെ ലിംഗവിവേചനത്തിന് വലിയൊരളവ് പരിഹാരമായിരുന്നു തൊഴിലുറപ്പ് നിയമം. പദ്ധതിയിൽ തൊഴിൽ ലഭിച്ചിരുന്നവരിൽ ഏതാണ്ട് 50 ശതമാനത്തിൽ ഏറെയും ഗ്രാമീണ സ്ത്രീത്തൊഴിലാളികൾ ആയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ആധാറുമായി ബന്ധിപ്പിക്കൽ, തൊഴിൽ കാർഡ് ഉടമകളെ ഡിജിറ്റലായി നിയന്ത്രിക്കുന്ന കേന്ദ്രീകൃത സംവിധാനം തുടങ്ങിയവയും ലക്ഷക്കണക്കിന് തൊഴിൽ അപഹരിക്കുന്ന സംരംഭങ്ങളായി. തൊഴിലുറപ്പ് പദ്ധതിക്കായുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കൽ, പശ്ചിമബംഗാളടക്കം രാഷ്ട്രീയ പ്രതിയോഗികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിന്റെ പൂർണവും ഭാഗികവുമായ നിഷേധം തുടങ്ങിയവയെല്ലാം തൊഴിലുറപ്പ് നിയമത്തിന്റെ മരണമണി ഇതിനകം മുഴക്കിയിരുന്നു. സ്ത്രീത്തൊഴിലാളികൾക്ക് പുറമെ മോഡി സർക്കാരിന്റെ നയം പ്രതികൂലമായി ബാധിച്ചത് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെയാണ്. ഇന്ത്യയിലെ ആദിവാസി ജനസംഖ്യ 8.6% ആയിരിക്കെ തൊഴിലുറപ്പ് പദ്ധതിയിൽ അവരുടെ പങ്കാളിത്തം 18% വരും. പട്ടികജാതി ജനവിഭാഗങ്ങളുടെ പങ്കാളിത്തം 19% ആണ്. ഈ കണക്കുകൾ ദുർബല ജനവിഭാഗങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതി അവരുടെ സാമ്പത്തിക നിലനില്പിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു. സ്ത്രീകളും അധഃസ്ഥിത ജനവിഭാഗങ്ങളും തങ്ങളുടെ തൊഴിലിനും ജീവന്റെതന്നെ നിലനില്പിനും ആശ്രയിക്കുന്ന ഒരു നിയമത്തിന്റെയും പദ്ധതിയുടെയും കടയ്ക്കലാണ് മോഡിസർക്കാരിന്റെ മഴു വീണിരിക്കുന്നത്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമം റദ്ദാക്കിയ സ്ഥാനത്ത് മതിയായ ചർച്ചകളോ ആലോചനയോ കൂടാതെ തിടുക്കത്തിൽ പാസാക്കിയെടുത്ത ‘വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബി ജി ആര്‍എഎം ജി) സമൂഹത്തിലെ ഏറ്റവും താഴെത്തലത്തിലുള്ള വലിയൊരു വിഭാഗം ജനങ്ങളുടെ തൊഴിൽ അവകാശം അവരിൽനിന്നും കവർന്നെടുക്കുന്ന നിയമമായിരിക്കുമെന്ന് വ്യക്തമാണ്. തൊഴിലുറപ്പ് നിയമത്തിന്റെ നടത്തിപ്പിന് 90:10 എന്ന അനുപാതത്തിലായിരുന്നു കേന്ദ്ര സംസ്ഥാന വിഹിതം വകയിരുത്തിയിരുന്നതെകിൽ പുതിയ നിയമമനുസരിച്ച് സംസ്ഥാനങ്ങൾ പദ്ധതി വിഹിതത്തിന്റെ 40% കണ്ടെത്തേണ്ടതുണ്ട്. ഇത് രാജ്യത്തെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും താങ്ങാനാവാത്ത സാമ്പത്തികഭാരമാണ് അടിച്ചേല്പിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ നിയമവും പദ്ധതിയും ജന്മനാതന്നെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും ചാപിള്ളയായി ഭവിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. രാജ്യത്തിന്റെ നികുതിവിഹിത വിഭജനത്തിൽ നീതിരഹിതവും കേന്ദ്രീകൃതവുമായ നയസമീപനങ്ങൾ പിന്തുടരുന്ന മോഡി സർക്കാർ പുതിയ നിയമനിർമ്മാണത്തോടെ തൊഴിലുറപ്പ് നിയമത്തിന്റെയും പദ്ധതിയുടെയും അന്ത്യവും പ്രവചിച്ചുകഴിഞ്ഞിരിക്കുന്നു.
വിബി ജി ആര്‍എഎം ജി നിയമം രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷതരമാക്കും. വികസിത ഭാരതത്തെപ്പറ്റിയുള്ള മോഡി ഭരണകൂടത്തിന്റെ എല്ലാ അവകാശവാദങ്ങൾക്കും അപ്പുറം ലോകത്തെ ഏറ്റവും അസമത്വം നിറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന പഠനങ്ങൾ ഓരോന്നും സാക്ഷ്യപ്പെടുത്തുന്നു. കർഷക പ്രക്ഷോഭത്തെ തുടർന്ന് മോഡി സർക്കാർ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിച്ചെങ്കിലും അവരുടെ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാനോ രാജ്യത്തെ ഗ്രാമീണ മേഖലയുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരം ഒരു സാഹചര്യത്തിൽ നാമമാത്ര കർഷകര്‍ക്കും ഗ്രാമീണ തൊഴിലാളികൾക്കും ആശ്രയമാവേണ്ട തൊഴിലുറപ്പ് നിയമമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ലോകപ്രശസ്തരായ സാമ്പത്തിക വിദഗ്ധരും സാമൂഹ്യ ചിന്തകരും പുതിയ നിയമത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നിട്ടുണ്ട്. ബിജെപിയും എൻഡിഎയിലെ അവരുടെ സഖ്യകക്ഷികളുമൊഴികെ രാഷ്ട്രീയ ശക്തികൾ ഒന്നടങ്കം പുതിയ നിയമത്തിനെതിരെ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ്. സംയുക്ത കിസാൻ മോർച്ച, കേന്ദ്ര ട്രേഡ് യൂണിയനുകൾ തുടങ്ങിയവയും പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ജനങ്ങളുടെ ശക്തവും നിരന്തരവുമായ പ്രതിഷേധത്തിലൂടെയും ചെറുത്തുനില്പിലൂടെയും മാത്രമേ മോഡി സർക്കാരിന്റെ തൊഴിൽ അവകാശനിഷേധത്തെ ചോദ്യം ചെയ്യാനും തിരുത്താനും കഴിയു. രാജ്യത്തെ തൊഴിലാളി കർഷക പ്രസ്ഥാനങ്ങളെയും മതേതര ജനാധിപത്യ രാഷ്ട്രീയ ശക്തികളെയുമാണ് രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.