8 January 2025, Wednesday
KSFE Galaxy Chits Banner 2

സ്വേച്ഛാധിപത്യം കടുപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം

Janayugom Webdesk
December 21, 2023 5:00 am

പ്രതിപക്ഷ ശബ്ദമോ ചോദ്യങ്ങളോ ഇല്ലാത്ത പാര്‍ലമെന്റിന്റെ ഇരുസഭകളിലുമാണ് രാജ്യത്തെ സുപ്രധാനമായ നിയമനിര്‍മ്മാണങ്ങളെ കുറിച്ച് ചര്‍ച്ച നടന്നത്. അങ്ങനെ ഏകപക്ഷീയമായ ചര്‍ച്ചകള്‍ക്കുശേഷം ലോക്‌സഭയില്‍ ഇന്നലെ പാസാക്കിയതാണ് ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള ബില്‍. ഓഗസ്റ്റില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ ബില്‍ സംബന്ധിച്ച് വിവാദവും ഒട്ടേറെ സംശയങ്ങളും ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നുവെന്ന പേരിലാണ് പുതിയ ബില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അന്ന് ബില്ലുകള്‍ പാര്‍ലമെന്ററി സമിതിക്ക് വിട്ടിരുന്നു. ഏകപക്ഷീയമായെങ്കിലും സഭാസമിതിയുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച ബില്ലുകള്‍ പിന്‍വലിച്ച് പുതിയത് അവതരിപ്പിച്ച ശേഷമാണ് ചര്‍ച്ചയ്ക്കെടുത്തത്. സമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനാണ് നിര്‍ദിഷ്ട ബില്ലുകള്‍ പിന്‍വലിച്ച് പുതുക്കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. 1860ലെ ഇന്ത്യന്‍ പീനല്‍ കോഡ്, 1872 ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, 1898ലെ കോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജിയര്‍ കോഡ് എന്നിവയ്ക്ക് പകരമാണ് പുതിയ ബില്ലുകള്‍. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനീയം എന്നിങ്ങനെയാണ് പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചത്. അവതരിപ്പിച്ച ബില്‍ ശിക്ഷാനിയം പരിഷ്കരിക്കുന്നുവെന്നാണ് പറയുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രാകൃതമായ ശിക്ഷാ നടപടികളും ചിന്താഗതികളും പ്രോത്സാഹിപ്പിക്കുന്ന വിധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ന്യൂനപക്ഷ സംവരണത്തിനെതിരെ വാളോങ്ങി അമിത് ഷാ


പല കുറ്റങ്ങളെയും ദേശദ്രോഹമാക്കുകയും നീതിന്യായ വ്യവസ്ഥയുടെ ശക്തി കുറയ്ക്കുകയും ചെയ്യുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം മാത്രമല്ല, നിയമ വിദഗ്ധരും ആശങ്ക ഉന്നയിച്ചിരുന്നു. അതില്‍ ഒരു വ്യക്തതയും വരുത്താത്തതും പൊലീസ് സംവിധാനത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതുമാണ് പുതിയ ബില്‍. നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്ക അസ്ഥാനത്തല്ല. അടുത്ത കാലത്ത് ചില കോടതികളില്‍ നിന്ന് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ, പ്രത്യേകിച്ച് ദേശദ്രോഹ നിയമം പോലുള്ളവയില്‍ ഉണ്ടായ പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോള്‍ ദേശദ്രോഹ നിയമം ഒഴിവാക്കേണ്ടതാണെന്ന അഭിപ്രായം സുപ്രീം കോടതിയില്‍ നിന്നുണ്ടായിരുന്നു. സര്‍ക്കാരിനെതിരായ അഭി പ്രായ പ്രകടനം പോലും ദേശദ്രോഹമായി കണക്കാക്കി നിരവധി പേരെ ജയിലില്‍ അടച്ച സാഹചര്യത്തിലായിരുന്നു ഇത്തരം പരാമര്‍ശമുണ്ടായത്. ആ ഘട്ടത്തില്‍ ദേശദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് സമ്മതിച്ചിരുന്നതുമാണ്. എന്നാല്‍ കൂടുതല്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഈ പരിധിയിലേക്ക് കൊണ്ടുവരികയും ചെയ്തിരിക്കുന്നു. പൊലീസിന് കുറ്റം തെളിയിക്കാനായാല്‍ ജീവപര്യന്തം തടവിനോ തുക്കുകയറിനോ ശിക്ഷിക്കാം. ഗൂഢാലോചന നടത്തുകയോ അത്തരം പ്രവർത്തനത്തിന് പ്രേരിപ്പിക്കുകയോ ഭീകരവാദ പ്രവർത്തനത്തിന് ബോധപൂർവം സൗകര്യം നൽകുകയോ ചെയ്യുന്നവരെ അഞ്ച് വർഷത്തിൽ കുറയാത്ത തടവിന് ശിക്ഷിക്കുകയും ചെയ്യാം. കൂടാതെ വിവാഹേതര ബന്ധം പോലും കുറ്റകൃത്യമായി കണക്കാക്കുന്ന വിധം പ്രാകൃതമായ വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. യുഎപിഎ എന്ന കരിനിയമം റദ്ദാക്കണമെന്ന ആവശ്യമാണ് നിലവിലുള്ളതെങ്കിലും അതിലെ വ്യവസ്ഥകളും വിപുലീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: സ്വേച്ഛാധിപത്യ വ്യവസ്ഥിതിയുടെ വന്യ മാതൃക


വിശദമായ ചര്‍ച്ചകള്‍ക്ക് പ്രതിപക്ഷമില്ലാതിരുന്ന പാര്‍ലമെന്റില്‍ ബിജെപി വനിതാ അംഗങ്ങള്‍ പോലും പരാതി ഉന്നയിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന അവരുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. രാവിലെ മുതല്‍ സഭയിലിരിക്കുന്നുവെങ്കിലും അവസാനസമയത്താണ് സംസാരിക്കുവാന്‍ അവസരം നല്‍കിയതെന്നും അപ്പോള്‍ പോലും മതിയായ സമയം നല്‍കിയില്ലെന്നും രാജസ്ഥാനില്‍ നിന്നുള്ള ബിജെപി അംഗം ജസ്‌കൗര്‍ മീന പരാതിപ്പെട്ടുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിക്കാരുടെ അഭിപ്രായം പോലും സ്വീകരിച്ചില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതിന് കിട്ടിയ അവസരമുപയോഗിച്ച് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഓഗസ്റ്റില്‍ അവതരിപ്പിക്കുകയും പിന്നീട് പരിഷ്കരിക്കുകയും സഭയില്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍ പ്രതിപക്ഷത്തെ ഒന്നാകെ പുറത്തുനിര്‍ത്തുകയും ചെയ്തതിലൂടെ തന്നെ ഈ നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമാകുന്നുണ്ട്. തങ്ങളുടെ സ്വേച്ഛാധിപത്യ, ഫാസിസ്റ്റ് സമീപനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ നടപ്പിലാക്കുന്നതിന് നിയമസംവിധാനത്തെ പരുവപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നാണ് അത് അടിവരയിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.