23 December 2024, Monday
KSFE Galaxy Chits Banner 2

ചൂളമടിച്ചു കറങ്ങി നടക്കും ‘ചൂളന്‍ എരണ്ടകള്‍’

രാജേഷ് രാജേന്ദ്രന്‍
പക്ഷി പരിചയം
March 24, 2023 9:14 am

ചൂളന്‍ എരണ്ട (Lesser Whistling Duck) ശാസ്ത്രീയനാമം Dendrocygna javanica

കേരളത്തിലെ നീര്‍ത്തടാകങ്ങളോട് ചേര്‍ന്ന പ്രദേശത്ത് കണ്ടുവരുന്ന ഒരു പക്ഷിയാണ് ചൂളന്‍ എരണ്ട. താറാവിനെക്കാള്‍ അല്‍പം ചെറുതായിരിക്കും ഇത്. ദേഹം കടുത്ത തവിട്ട് നിറമാണ്. പിന്‍ഭാഗവും ചിറകും കടുത്തചാരനിറമായിരിക്കും. നീണ്ടകഴുത്തും കാലുകളും തടിച്ചുരുണ്ട ദേഹവുമായിരിക്കും. പറക്കുന്ന നേരത്ത് കാതുകളില്‍ തുളച്ചുകയറുന്നതുപോലുള്ള ഒരു ശബ്ദം പുറപ്പെടുവിക്കുന്നത് ഈ പക്ഷിയുടെ പ്രത്യേകതയാണ്. അതിനാല്‍ നാട്ടിന്‍പുറങ്ങളില്‍ ചൂളമടിക്കുന്ന എരണ്ട പക്ഷിയെന്നും വിളിപ്പേരുണ്ട്. പതിനഞ്ചിന് മുകളില്‍ വരുന്ന കൂട്ടങ്ങളായിട്ടാണ് സാധാരണ ഇവയെ കാണുന്നത്. ചതുപ്പു പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളിലും പുല്‍മൂടിയ കുളങ്ങളിലും, ചിറകളിലുമൊക്കെ ആയിരിക്കും ഇവയെ കാണുക. വരള്‍ച്ച ഇഷ്ടപ്പെടാത്ത ഈ പക്ഷികള്‍ സദാസഞ്ചാരികളായിരിക്കും.

കരയില്‍ നടക്കുന്നതിലും വെള്ളത്തില്‍ മുങ്ങാങ്കുഴിയിടുന്നതിലും മിടുക്കരാണ് ചൂളന്‍ എരണ്ടകള്‍. നെല്‍മണികള്‍, ജലസസ്യങ്ങളുടെ മൃദുവായ ഭാഗങ്ങള്‍, ഒച്ച്, പുഴുക്കള്‍, തവള, മത്സ്യങ്ങള്‍ എന്നിവയാണ് ഇതിന്റെ ഇഷ്ടാഹാരങ്ങള്‍. കുളക്കരയിലും, ചിറയ്ക്കടുത്തും, തറയില്‍ ഇലകളും, നീളമുള്ള പുല്ലുകള്‍ നിരത്തിയും മരങ്ങളിലാണെങ്കില്‍ ചുള്ളിക്കമ്പുകൊണ്ടോ ആയിരിക്കും ഇവ കൂടൊരുക്കുന്നത്. ചിലപ്പോള്‍ മറ്റ് പക്ഷികളുടേയും കൂടുകള്‍ ഇവ ഉപയോഗിക്കാറുണ്ട്. സാധാരണയായി വെള്ളനിറത്തിലുള്ള എട്ട് മുതല്‍ 12 വരെ മുട്ടകള്‍ ഉണ്ടാകും. അടയിരിക്കുന്നതോടെ വെള്ള നിറംമാറി തവിട്ട് പുള്ളികള്‍ മുട്ടയുടെമേല്‍ കണ്ടുതുടങ്ങും. ചൂളന്‍ എരണ്ടകള്‍ സ്വാഭാവിക മരപ്പൊത്തുകളിലും കൂടൊരുക്കുന്നതായി രേഖകളില്‍ കാണുന്നുണ്ട്.

മാടപ്രാവ് അഥവാ അമ്പലപ്രാവ് (Rock dove) ശാസ്ത്രീയനാമം Columba livia

കേരളത്തില്‍ എല്ലായിടത്തും കാണപ്പെടുന്ന പ്രാവിന്റെ ഇനത്തിലുള്ള അംഗമാണ് മാടപ്രാവ് അഥവാ അമ്പലപ്രാവ്. ഈ പക്ഷിക്ക് ഇരുണ്ട ചാരനിറവും കഴുത്തിന്റെ ഭാഗം തിളക്കമുള്ള പച്ചനിറവുമായിരിക്കും. ചിറകിന്റെ താഴെ അറ്റത്തായി കുറുകെ രണ്ടു കടുത്ത വീതിയുള്ള വരകള്‍ പ്രകടമായിരിക്കും. വാലിന്റെ അഗ്രഭാഗത്തും അല്പം കൂടി വീതിയുള്ള കറുത്തവരയും കാണാം. മനുഷ്യവാസമേഖലയിലും ഇവയെ കൂട്ടത്തോടെ കാണാന്‍ സാധിക്കും. മനുഷ്യരുമായിട്ടുള്ള ഇണക്കം ഈ പക്ഷിയുടെ മറ്റൊരു പ്രത്യേകതയാണ്. ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ മനുഷ്യരുമായി അവര്‍ക്കൊപ്പം ആഹാരപദാര്‍ത്ഥങ്ങള്‍ പങ്കിട്ടുകഴിക്കാനും മാടപ്രാവുകള്‍ക്ക് മടിയില്ല. എന്തിനേറെപ്പറയുന്നു. വീടുകളിലേയും മറ്റും എയര്‍ഹോളുകളില്‍പ്പോലും മാടപ്രാവുകള്‍ കൂട് കൂട്ടി മുട്ടവിരിയിക്കുന്നതും കാണാവുന്നതാണ്. അമ്പലങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ‌്സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ മാടപ്രാവുകള്‍ക്ക് ഏറെ ഇഷ്ടയിടങ്ങളാണ്.

കൂടുകൂട്ടുക മാത്രമല്ല ഇവിടെയൊക്കെ വിസര്‍ജ്യങ്ങള്‍ വര്‍ഷിച്ച് ആകെ അലങ്കോലപ്പെടുത്താനും മാടപ്രാവുകള്‍ മിടുക്കരാണെന്ന് തെളിയിച്ചിട്ടുണ്ട്. പയറ്, ഗോതമ്പ്, നിലക്കടല, നെല്ല് എന്നിവ കൃഷി ചെയ്തയുടനെയും വിളവെടുപ്പിന് ശേഷവും ഇവിടങ്ങളില്‍ മാടപ്രാവുകള്‍ ആഹാരം തേടിയെത്താറുണ്ട്. തൊണ്ട തുറന്നുള്ള ഇതിന്റെ കുറുവല്‍ ഏവര്‍ക്കും സുപരിചിതമാണ്. സാധാരണയായി പെണ്‍പ്രാവിന്റെ മുന്നില്‍ തലകുനിച്ച ശേഷം ആണ്‍പ്രാവ് ഒരു വലയംവച്ച് മുമ്പില്‍ എത്തുന്നതുകാണാം. ചുള്ളിക്കമ്പുകളും ഉണങ്ങിയ പുല്ലുകളും കൊണ്ട് ക്രമമല്ലാത്ത രീതിയില്‍ തട്ടുപോലെയാണ് ഇതിന്റെ കൂട്. തിളക്കമുള്ള വെള്ളനിറത്തിലുള്ള രണ്ട് മുട്ടകളാണ് ഇടാറ്. ഇണപ്രാവുകള്‍ മാറിമാറിയാണ് മുട്ടകള്‍ക്ക് അടയിരിക്കുന്നതും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതും. 18 മുതല്‍ 21 ദിവസത്തിനുള്ളില്‍ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ ദേഹത്തെ തിളക്കമുള്ള മഞ്ഞപ്പൂടകള്‍ ക്രമേണ മാറിമാറി കറുത്ത തൂവലുകളാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.