5 January 2025, Sunday
KSFE Galaxy Chits Banner 2

പശ്ചിമേഷ്യയില്‍ സമാധാനം പുലരണം

Janayugom Webdesk
September 28, 2024 5:00 am

സ്രയേൽ ആരംഭിച്ച വ്യോമാക്രമണം അഞ്ചുദിനങ്ങൾ പിന്നിടുമ്പോഴേക്കും എഴുനൂറില്പരം മരണവും ലക്ഷങ്ങൾക്ക് സ്ഥാനഭ്രംശവും സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്നിലൊന്നും, പതിവുപോലെ നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മുപ്പതിനായിരത്തിലധികം പേർ സിറിയയിൽ അഭയംതേടി. ലെബനൻ മറ്റൊരു ഗാസയായി മാറുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ പുറപ്പെടുംമുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ്, ഫ്രഞ്ച് നിർദേശാനുസരണം ഹിസ്ബുള്ളയുമായി സമാധാനചർച്ചകൾ ആരംഭിക്കുന്നതിനെപ്പറ്റി പറയുകയുണ്ടായി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ദക്ഷിണ ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ വ്യോമയൂണിറ്റ് തലവനടക്കം അമ്പതിലേറെപ്പേരെ ബോംബാക്രമണത്തിൽ വധിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. വെടിനിർത്തൽ സംബന്ധിച്ച യുഎസ്, ഫ്രഞ്ച് നിർദേശം പുറത്തുവന്നപ്പോൾത്തന്നെ ഇസ്രയേൽ അത് തള്ളിക്കളഞ്ഞിരുന്നു. ഗാസക്കെതിരായ ഇസ്രയേലിന്റെ മനുഷ്യത്വഹീനമായ അതിക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അവലംബിക്കുന്ന ഹിസ്ബുള്ളയുടെ ആക്രമണത്തെത്തുടർന്ന് ഉത്തര ഇസ്രയേൽ പ്രദേശങ്ങളിൽനിന്നും പലായനംചെയ്ത പൗരന്മാരെ തിരികെകൊണ്ടുവരുന്നതിന് അനുകൂലമായ സുരക്ഷാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ പേരിലാണ് ഹിസ്ബുള്ളയുടെ പേരിൽ ലെബനന് നേരെയുള്ള യുദ്ധം ആരംഭിച്ചിട്ടുള്ളത്. ഗാസയിൽ ഹമാസിനെയെന്നപോലെ ലെബനനിൽനിന്നും ഹിസ്ബുള്ളയെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ പുതിയ യുദ്ധമുഖം തുറന്നിട്ടുള്ളത്. ഒരുവർഷം പിന്നിടുമ്പോഴും താരതമ്യേന ദുർബലമായ ഹമാസിനെതിരെയുള്ള യുദ്ധലക്ഷ്യം വിദൂരസ്വപ്നമായി അവശേഷിക്കുകയാണ്. ഹിസ്ബുള്ളയെപ്പോലെ പ്രബലമായ ഒരു സൈനികശക്തിക്കെതിരെ ഇസ്രയേലിന് തങ്ങളുടെ ലക്ഷ്യം കൈവരിക്കുക എളുപ്പമായിരിക്കില്ല. അത് മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്ന ഇസ്രയേൽ പ്രധാനമന്ത്രിക്ക് ഹിസ്ബുള്ളയുമായുള്ള യുദ്ധത്തിനുപിന്നിൽ തന്റേതായ രാഷ്ട്രീയ അജണ്ടയുണ്ട്.


കീവില്‍ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ


പശ്ചിമേഷ്യയിൽ യുദ്ധത്തിന് വിരാമമായാൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളിൽ വിചാരണ ആരംഭിക്കേണ്ടിവരും. ആ കേസുകളിൽ നെതന്യാഹുവിന് ജയിൽശിക്ഷ ഏതാണ്ട് ഉറപ്പാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിന് മുമ്പ് നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയുടെ ജനപിന്തുണ ഗണ്യമായി ഇടിഞ്ഞിരുന്നു. യുദ്ധം ലിക്വിഡിന്റെ ജനപിന്തുണ വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ജനപിന്തുണ പിടിച്ചുപറ്റാൻ ഭരണാധികാരികൾ യുദ്ധത്തെ ഉപയോഗിക്കുന്നതിന് പുതുമയില്ലെന്ന് ഇന്ത്യയുടെ അനുഭവപാഠം നമുക്കുമുന്നിലുണ്ട്. സ്വന്തം തടി രക്ഷിക്കാനും അധികാരം നിലനിർത്താനും സയണിസ്റ്റ് നെതന്യാഹു അവലംബിക്കുന്ന ഫാസിസ്റ്റ് ഗൂഢതന്ത്രത്തിന്റെ ഇരകളായി മാറുകയാണ് ഇസ്രയേലികളടക്കം പശ്ചിമേഷ്യൻ ജനത. ഗാസയ്ക്കെതിരെയും ഇപ്പോൾ ലെബനന് എതിരെയും ഇസ്രയേൽ തുടർന്നുവരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭരണകൂടവും നടത്തുന്ന പ്രഖ്യാപനങ്ങളിലും ഇടപെടലുകളിലും യാതൊരു ആത്മാർത്ഥതയും ഇല്ലെന്ന് വസ്തുതകൾ സാക്ഷ്യപ്പെടുത്തുന്നു. ലെബനനിൽ തുടർന്നുവരുന്ന ഇസ്രയേലി വ്യോമാക്രമണത്തിൽ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങൾ അത്രയും യുഎസ് നിർമ്മിതമാണ്. ആ വിമാനങ്ങൾക്ക് ആവശ്യമായ അളവറ്റ ഇന്ധനം മുഴുവൻ നൽകുന്നതും യു
എസ് തന്നെ. ഇതുവരെ ലെബനീസ് ജനതയുടെമേൽ വർഷിക്കപ്പെട്ട ബോംബുകളും മറ്റെവിടെയും നിന്നല്ല. യുഎസ് ഭരണകൂടം പിന്തുടരുന്ന ഇരട്ടത്താപ്പും കാപട്യവും അവസാനിപ്പിക്കാൻ അവർ തയ്യാറായാൽ യുദ്ധത്തിന് വിരാമമാവും. യുഎസ് തെരഞ്ഞെടുപ്പിലും അവിടത്തെ ആഭ്യന്തര രാഷ്ട്രീയത്തിലും വലതുപക്ഷ അമേരിക്കൻ ജൂതലോബിക്ക് നിർണായക പങ്കാണുള്ളത്. അവരെ നിലയ്ക്കുനിർത്താന്‍ തന്റേടമുള്ള ഭരണകൂടത്തിന് മാത്രമേ പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ ക്രിയാത്മകമായി ഇടപെടാനാവു.


യെമനിൽ വ്യോമാക്രമണം


ഐക്യരാഷ്ട സഭയുടെ സുരക്ഷാകൗൺസിലിൽ വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനുംവേണ്ടി അവതരിപ്പിക്കപ്പെട്ട എല്ലാ പ്രമേയങ്ങളും പരാജയപ്പെട്ടത് യുഎസിന്റെ വീറ്റോ എന്ന കന്മതിലിൽ തട്ടിയാണ്. മഹാഭൂരിപക്ഷം അംഗരാഷ്ട്രങ്ങളും പിന്തുണച്ച യുഎൻ ജനറൽ അസംബ്ലി പ്രമേയങ്ങൾക്കെതിരെ എക്കാലത്തും വോട്ടുചെയ്ത ചരിത്രം യുഎസിനും വിരലിലെണ്ണാവുന്ന അനുയായി വൃന്ദങ്ങൾക്കും മാത്രം അവകാശപ്പെട്ടതാണ്. യുഎസിന്റെ ഈ പ്രതിലോമ നിലപാട് മഹാഭൂരിപക്ഷം വരുന്ന ലോകരാഷ്ട്രങ്ങളുടെ മാത്രമല്ല സമാധാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ ജനതയുടെ താല്പര്യങ്ങൾക്കും വിരുദ്ധമാണ്. പലസ്തീൻ ജനതയെപ്പറ്റിയും പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിനെപ്പറ്റിയും പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന പ്രഖ്യാപനങ്ങൾ അർത്ഥശൂന്യമായ വായ്ത്താരികൾ മാത്രമാണ്. പ്രഖ്യാപനങ്ങളുടെ മാറ്റുരയ്ക്കപ്പെടുന്നത് പ്രവൃത്തിയിലൂടെയാണ്. ഇന്ത്യ യുഎൻ അടക്കമുള്ള വേദികളിൽ പിന്തുടരുന്നത് യുഎസ് വിധേയത്വവും സയണിസ്റ്റ് പ്രീണനവുമാണ്. പശ്ചിമേഷ്യയിൽ യുദ്ധം തുടരാനനുവദിക്കുന്നത് അവിടത്തെ ജനതയുടെ മാത്രം പ്രശ്നമല്ല. അത് ലോകസമാധാനത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും മാനവികതയ്ക്കും നേരെ ഉയർത്തുന്ന ഭീഷണി അവഗണിക്കാവുന്നതല്ല. ഇന്ത്യ പലസ്തീൻ വിഷയത്തിലും പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തുന്നതിലും പിന്തുടർന്നുപോരുന്ന പ്രഖ്യാപിത നയങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും വ്യതിചലിക്കുന്നതിനെതിരെ ശക്തമായ ജനവികാരം വളർത്തിയെടുക്കാൻ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ശക്തികൾ പ്രവർത്തനം ഊർജിതമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.