തെരഞ്ഞെടുപ്പു സൗജന്യങ്ങള്‍ സംബന്ധിച്ച വിഷയം കൂടുതല്‍ സങ്കീര്‍ണ മാകുകയാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സൗജന്യങ്ങള്‍ എന്തെന്ന് നിര്‍വചിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സാര്‍വത്രിക ആരോഗ്യ സംരക്ഷണം, കുടിവെള്ളം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, നിശ്ചിത നിരക്കില്‍ വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയവ നല്‍കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇതില്‍ ഏതാണ് സൗജന്യ പദ്ധതിയെന്ന് തിരിച്ചറിയേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കാന്‍ കോടതിക്കാകില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
പൊതുജനത്തിന്റെ പണം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ഇവിടെയുള്ള ആശങ്ക. ജനക്ഷേമം നടപ്പാക്കുക സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ സൗജന്യ പദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു. വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ പരാജയപ്പെടുന്നുണ്ട്. അതുകൊണ്ട് തെരഞ്ഞെടുപ്പ് വിജയം വാഗ്ദാനങ്ങള്‍ കൊണ്ട് മാത്രമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ എഎപി, കോണ്‍ഗ്രസ്, ഡിഎംകെ എന്നീ കക്ഷികള്‍ ഇതിനോടകം ഇടപെടല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്തയാഴ്ച വീണ്ടും വാദം കേള്‍ക്കും.
English Summary: Let the election promises continue; The Supreme Court said that it cannot be prohibited
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.