
മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരുടെ കയ്യിലെ ഏറ്റവും മികച്ച ആയുധമായി ഇന്നലെകളിൽ കുപ്രസിദ്ധി നേടിയ ആർഎസ്എസ് വർത്തമാനകാലത്തും ഭരണസൗകര്യങ്ങളുപയോഗിച്ച് ജനാധിപത്യ ധ്വംസനങ്ങളും പൗരാവകാശ ലംഘനങ്ങളും മുഖമുദ്രയാക്കി മുന്നോട്ട് പോകുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. മനുസ്മൃതിയെ ഇന്ത്യൻ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമാക്കി മാറ്റി, അപര വെറുപ്പിലും വൈകാരിക പ്രതികരണങ്ങളിലും അഭിരമിക്കുന്നവർ രാജ്യത്തിന്റെ ബഹുസ്വരതയെ നിരാകരിക്കുന്ന വംശീയ ഉന്മൂലനം പ്രഖ്യാപിത നയമായിത്തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നു.
2014ൽ അധികാരത്തിൽ വന്നതിനുശേഷം ഗോസംരക്ഷണത്തിന്റെ പേരിൽ നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുകയുണ്ടായി. പ്രണയദിനത്തിൽ പ്രണയിനികൾക്ക് പകരം പശുക്കളെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ വിചിത്ര സർക്കുലറിലൂടെ പുറത്തുവന്നത് പശുവിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറ്റാനുള്ള സംഘ്പരിവാർ അജണ്ട തന്നെയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003 ഒക്ടോബർ രണ്ടിന് മഹാത്മാഗാന്ധിയുടെ 135-ാം ജന്മദിനത്തിൽ പോർബന്തറിൽ നടന്ന പൊതുപരിപാടിയിൽ നരേന്ദ്ര മോഡി പ്രസ്താവിച്ചത് ഇങ്ങനെ: “വിശുദ്ധമായ ചിന്തയ്ക്കും പ്രവൃത്തികൾക്കും വെജിറ്റേറിയനിസം അത്യന്താപേക്ഷിതമാണ്. ഇത് ഒരു വിശുദ്ധിയുടെ മാർഗമാണ്. നിങ്ങൾ വിതച്ചതാണ് നിങ്ങൾ കൊയ്യുക. അറവുശാലകളിലേക്ക് എടുത്തെറിയപ്പെടുന്ന മിണ്ടാപ്രാണികളുടെ രോദനം നാം മനസിലാക്കണം.” എന്നാൽ മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷമാണ് ‘ബീഫ് കയറ്റുമതി’ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതലായതെന്നതാണ് രസകരവും വൈരുദ്ധ്യവുമായ കാര്യം. ഏറ്റവും കൂടുതൽ കാലികൾ അറുക്കപ്പെടുന്നത് ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ അടിച്ചുകൊന്ന ഉത്തർപ്രദേശിലാണെന്നുമോർക്കണം.
‘ഗോമാതാവിനെ മുസ്ലിങ്ങൾ മോഷ്ടിച്ചെടുത്ത് കൊല്ലുന്നു’ എന്നാരോപിച്ച് വിദ്വേഷ പ്രചാരണങ്ങൾ നടത്തി രാജ്യത്തുടനീളം വർഗീയ ധ്രുവീകരണമുണ്ടാക്കി അധീശത്വം സ്ഥാപിക്കാനുള്ള നീചശ്രമം മാത്രമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് പകൽ പോലെ വ്യക്തം. ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധിയും യാഗങ്ങളുടെ കാർമികത്വവാഹകനുമായ ബ്രാഹ്മണനുള്ള ദേവപ്രീതി ലക്ഷ്യമാക്കിയുള്ള ദക്ഷിണയായ പശുക്കളെ ഉപദ്രവിക്കുന്നത് ദൈവനിന്ദയാണെന്ന ബ്രാഹ്മണാധിപത്യ വ്യാമോഹത്തിൽ നിന്നുമുടലെടുത്ത കൗശല ബുദ്ധിയാണ് വാസ്തവത്തിൽ ഗോമാതാവെന്ന സങ്കല്പം. പശുവിനെ ഉപദ്രവിക്കുന്നതും (4: 162) കൊല്ലുന്നതും (11: 60) കുറ്റകൃത്യങ്ങളായിത്തന്നെ മനുസ്മൃതി പ്രഖ്യാപിക്കുന്നത് അതിന്റെ ഭാഗമാണ്.
രാജ്യത്തിന്റെ ചരിത്രത്തിലുടനീളം നടന്ന വർഗീയ കലാപങ്ങളിൽ പലതിലും ആർഎസ്എസിന്റെ പങ്ക് സംശയരഹിതമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നിരിക്കെ, തീവ്രവാദത്തെയും ഭീകരതയെയും ഒരു മതവുമായി കൂട്ടിക്കലർത്തി രാജ്യ വ്യാപകമായി ഇസ്ലാമോ ഫോബിയ പടർത്താനും അവർ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. തീവ്ര ഹിന്ദുത്വമെന്ന പ്രത്യയശാസ്ത്രം വളർത്തി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി അധികാരമുറപ്പിക്കാനും തന്ത്രങ്ങൾ മെനയുന്ന ആർഎസ്എസിനെ ഹൈന്ദവ സമൂഹം അകറ്റി നിർത്തുന്നതുപോലെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റൽ മുസ്ലിങ്ങളുടെ ബാധ്യതയാണെന്ന് ഉദ്ബോധിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ ഇതര ഇസ്ലാം സംഘടനകളും ബഹിഷ്കരിക്കുകയാണ് ചെയ്യുന്നത്. 1943 ഓഗസ്റ്റ് 15ന് നാഗ്പൂരിൽ വച്ച് വി ഡി സവർക്കർ, മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് പ്രതികരിച്ചത് മനുവാദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണ സംവിധാനം സ്ഥാപിക്കാനുള്ള അവരുടെ ഹിന്ദുത്വ അജണ്ടയെ തുറന്നു കാട്ടുന്നുണ്ട്. സവർക്കർ പറയുന്നതിങ്ങനെയാണ്: “എനിക്ക് ജിന്നയുടെ ദ്വിരാഷ്ട്രസിദ്ധാന്തത്തോട് യാതൊരു എതിർപ്പുമില്ല. ഞങ്ങൾ ഹിന്ദുക്കൾ സ്വയമേവതന്നെ ഒരു രാഷ്ട്രമാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് രാഷ്ട്രങ്ങളാണ് എന്നത് ഒരു ചരിത്രവസ്തുതയാണ്”.
മതേതര ഭൗതിക സിദ്ധാന്തത്തിലധിഷ്ഠിതമായ ദേശീയ ജനായത്തത്തോടുള്ള കലഹമെന്ന പേരിൽ അബുൽ അഅ്‌ലാ മൗദൂദി പടച്ചുവിടുന്ന വിഷലിപ്ത ആശയം ഇനി നമുക്കൊന്ന് പരിശോധിക്കാം. “സ്വന്തം ഭരണമില്ലാത്ത ദീനിന്റെ (മതത്തിന്റെ) സ്ഥിതി, ഭൂമിയിൽ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്പ വീടുപോലെയാണ്. ഭൂമിയിൽ സ്ഥാപിതമായ ഒരു വീട്ടിൽ മാത്രമേ നിങ്ങൾക്ക് താമസിക്കുവാൻ സാധിക്കുകയുള്ളൂവെങ്കിൽ പിന്നെ തലച്ചോറിൽ മറ്റൊരു വീടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്” (ഖുതുബാത്ത് ജിഹാദിന്റെ പ്രാധാന്യം, പേജ് 398). ഒരു നാണയത്തിന്റെ ഇരുവശങ്ങളായ ജനാധിപത്യ വിരുദ്ധ സിദ്ധാന്തങ്ങളെ തുറന്നെതിർക്കേണ്ടത് മതേതര വിശ്വാസികളുടെ ഒന്നടങ്കം ബാധ്യതയാണ്.
മത പ്രചാരണവും മത സ്വാതന്ത്ര്യവും രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളാണെന്നിരിക്കെ ഭരണത്തണലിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ സംഘടിതമായ ആക്രമണങ്ങളും വർഗീയകലാപങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് സംഘ്പരിവാർ. ഛത്തീസ്ഗഢിൽ ബജ്റംഗ്‌ദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് ബിജെപി സർക്കാർ മലയാളികളായ കന്യാസ്ത്രീകളെ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. മാതാപിതാക്കളുടെ അനുമതിയോടെ ജോലിക്കായി എത്തിയ പെൺകുട്ടികൾ തിരിച്ചറിയൽ രേഖകളും അനുമതിപത്രവും കാണിച്ചിട്ടും കേസെടുക്കുകയായിരുന്നു. മോഡി ഭരണത്തിലേറിയ 2014ന് ശേഷം രാജ്യത്ത് ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങൾ സംഹാരാത്മക രൂപം പ്രാപിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയും വർഗീയ വിദ്വേഷമുണ്ടാക്കുകയും വഴി അവർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ആർഎസ്എസ് കരുതുന്നത്. രാജ്യത്ത് മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടമുൾക്കൊള്ളുന്ന രാഷ്ട്രീയമുയർത്തിപ്പിടിക്കേണ്ടത് അനിവാര്യമായ വർത്തമാന സാഹചര്യത്തിലാണ് എഐവൈഎഫ് സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാന വ്യാപകമായി ‘ഭരണഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം’ എന്ന മുദ്രാവാക്യവുമായി ‘യുവ സംഗമം’ സംഘടിപ്പിക്കുന്നത്. രാജ്യം ഉയർത്തിപ്പിടിക്കുന്ന മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധവും പ്രതിരോധവുമായിരിക്കും യുവ സംഗമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.