6 December 2025, Saturday

Related news

December 5, 2025
November 30, 2025
November 16, 2025
November 13, 2025
November 13, 2025
October 24, 2025
October 23, 2025
October 9, 2025
October 8, 2025
October 4, 2025

കണ്ടറിയണം പശ്ചാത്തല സൗകര്യ വികസനത്തിലെ കേരള മാതൃക

Janayugom Webdesk
November 30, 2025 1:23 pm

ദ്ദേശ തെരെഞ്ഞെടുപ്പ് കാലത്ത് നാടെങ്ങും ചർച്ചയാകുന്നു പശ്ചാത്തല സൗകര്യ വികസനത്തിലെ കേരള മാതൃക . യുഡിഎഫ് മുഖം തിരിച്ച പല പദ്ധതികളും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യാഥാര്‍ത്ഥ്യമാകുമ്പോൾ സഫലമാകുന്നത് കേരളത്തിന്റെ വികസന സ്വപ്‍നം കൂടിയാണ്. വിഴിഞ്ഞം തുറമുഖം, ദേശീയ പാത, തീരദേശ ഹൈവേ , മലയോര ഹൈവേ , ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, തിരുവനന്തപുരം മെട്രോ , കൊച്ചി മെട്രോ, വാട്ടർ മെട്രോ തുടങ്ങിയ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

കേരള വികസനത്തിൽ നിർണായകമായ സ്വാധീനം ചിലത്തുവാൻ കഴിഞ്ഞൊരു പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം.
2015 ഓഗസ്റ്റ് 17 ന് അന്നത്തെ സര്‍ക്കാര്‍ കരാര്‍ ഒപ്പ് വെച്ചു. 2017 ജൂണില്‍ ബര്‍ത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് കേവലം 11 നോട്ടിക്കല്‍ മൈല്‍ അടുത്തും, പ്രകൃതി ദത്തമായ 20 മീറ്റര്‍ സ്വാഭാവിക ആഴവുമുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട ഓരോ ഘടകങ്ങളും സമയകൃത്യത ഉറപ്പാക്കി ഉദ്ഘാടനം ചെയ്‌തു. 2022 ജൂണ്‍ 30 ന് ഗ്യാസ് ഇന്‍സുലേറ്റഡ് ഇലക്ട്രിക് സബ് സ്റ്റേഷനും, 2022 ഫെബ്രുവരി 22ന് പ്രധാന സബ് സ്റ്റേഷനും, 2023 ഏപ്രില്‍ 26 ന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗേറ്റ് കോംപ്ലക്‌സും സെക്യൂരിറ്റി കെട്ടിടവും, 2023 മെയ് 16 ന് വര്‍ക്ഷോപ്പ് കെട്ടിടവും ഉദ്ഘാടനം ചെയ്‌തു.

രാജ്യത്തെ ആദ്യ ആഴക്കടല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചത് വികസന വഴിയിലെ മറ്റൊരു നേട്ടമാണ്. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന്റെ സെക്ഷന്‍ 7 എ അംഗീകാരം ലഭിച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. ബോര്‍ഡിന്റെ പന്ത്രണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അംഗീകാരം ലഭിച്ചത്. ഓഫീസ് സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍, കംമ്പ്യൂട്ടര്‍ സംവിധാനം, മികച്ച സെര്‍വര്‍ റൂം ഫെസിലറ്റി, തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ അംഗീകാരം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി-ഇറക്കുമതി വര്‍ദ്ധിക്കുന്നതിലൂടെ കേരളത്തിലെ വ്യവസായ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖത്തില്‍ ആദ്യഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യണമെന്നതാണ് ലക്ഷ്യം. തുടര്‍ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇത് 50 ലക്ഷം വരെ ഉയര്‍ത്തുക എന്നതാണ് പ്രതീക്ഷ. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കു നീക്കം നടക്കുന്നതിലൂടെ കേരളത്തിന് മികച്ച രീതിയിലുള്ള തൊഴില്‍ സാധ്യതകളും വരുമാന വര്‍ദ്ധനവും ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്‌ ചെലവ്‌ 8866.80 കോടി രൂപയായിരുന്നു. ഇതിൽ 5595 കോടി രൂപയും സംസ്ഥാന സർക്കാരിന്റേതാണ്‌. ഇത്‌ മൊത്തം ചെലവിന്റെ 63 ശതമാനം വരും. തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ഏറ്റെടുത്തിട്ടുള്ള അഡാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ വിഹിതം 2454 കോടി രൂപ. അത്‌ 28 ശതമാനം മാത്രം. കേന്ദ്രത്തിൽനിന്ന്‌ 817.80 കോടിയാണ്‌ വയബിലിറ്റി ഗ്യാപ്പ്‌ ഫണ്ട്‌ . എന്നാലിത്‌ ഗ്രാന്റായല്ല പകരം വായ്‌പയായാണ്‌ നൽകുക. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും ഗ്രാന്റായി നൽകാൻ കേന്ദ്രം തയ്യാറായില്ല. തുടർന്ന്‌ ത്രികക്ഷി കരാർവച്ച്‌ വായ്‌പ സ്വീകരിക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം തിരിച്ചടവ്‌ ഏകദേശം 10,000 മുതൽ 12,000 കോടിവരെ വരും. വിഴിഞ്ഞം തുറമുഖപദ്ധതി മൂലം തീരശോഷണം ഉണ്ടാകുമെന്ന് ആരോപിച്ച്‌ സമര രംഗത്ത് ഇറങ്ങിയവരായിരുന്നു കോൺഗ്രസ് നേതാക്കൾ. വിഴിഞ്ഞം പോർട്ട്‌ വന്നാൽ വലിയ കുഴപ്പങ്ങളുണ്ടാകുമെന്നും ഇതിനെതിരായി നടക്കുന്ന സമരങ്ങൾക്ക് യുഡിഎഫ്‌ പിന്തുണയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയര്‍ കപ്പലിനെ സ്വീകരിക്കുമ്പോള്‍ നമ്മുടെ നാടിന്റെ ഒരു സ്വപ്‌ന‌ പദ്ധതി യാഥാര്‍ത്ഥ്യമായി എന്ന് നമുക്ക് അഭിമാനിക്കാനായി.

കൊച്ചി മെട്രോ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ പൊൻതൂവലായ മറ്റൊരു പദ്ധതിയാണ് കൊച്ചി മെട്രോ. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ അനാസ്ഥയിൽ നിലച്ചുപോയ പദ്ധതിക്ക് ജീവൻ വെച്ചത് പിന്നീട് വന്ന എൽ ഡി എഫ് സർക്കാരിന്റെ പ്രവർത്തനം മൂലമായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന 2017 ജൂൺ 17 നാണ് കൊച്ചിമെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നടന്നത്. പിന്നീട് ഇപ്പോഴും തുടർപ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നു. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന അഞ്ചുസ്റ്റേഷനുകളിലേക്ക് അടുത്തവർഷം ജൂണിൽ സർവീസ് തുടങ്ങുവാനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ് . ശേഷിക്കുന്ന സ്റ്റേഷനുകളിലേക്ക് അതേവർഷം ഡിസംബറിനകവും സർവീസ് ആരംഭിക്കും. രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ മാസം 30 ലക്ഷത്തോളം പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. കാക്കനാട് റൂട്ട് വരുന്നതോടെ ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം അരക്കോടിയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ആലുവയിൽ നിന്നു കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കു മെട്രോ സർവീസ് നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാർക്കിങ് തുടങ്ങി. മൂന്നാംഘട്ട പാതയുടെ വിശദ പദ്ധതി രേഖ തയാറാക്കുന്നതിന്റെ ഭാഗമായി അങ്കമാലി പഴയ പൊലീസ് ക്വാർട്ടേഴ്സിനു സമീപം ദേശീയപാതയോരത്താണ് മാർക്കിങ് നടത്തിയത്. ഹരിയാന ആസ്ഥാനമായുള്ള കമ്പനിയാണ് മാർക്കിങ് നടത്തുന്നത്. വിശദ പദ്ധതിരേഖ 6 മാസത്തിനുള്ളിൽ തയാറാക്കാനാണു ലക്ഷ്യമിടുന്നത്. ആലുവയിൽ നിന്നു കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കു മെട്രോ സർവീസ് നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാർക്കിങ് തുടങ്ങി. മൂന്നാംഘട്ട പാതയുടെ വിശദ പദ്ധതി രേഖ തയാറാക്കുന്നതിന്റെ ഭാഗമായി അങ്കമാലി പഴയ പൊലീസ് ക്വാർട്ടേഴ്സിനു സമീപം ദേശീയപാതയോരത്താണ് മാർക്കിങ് നടത്തിയത്. ഹരിയാന ആസ്ഥാനമായുള്ള കമ്പനിയാണ് മാർക്കിങ് നടത്തുന്നത്. വിശദ പദ്ധതിരേഖ 6 മാസത്തിനുള്ളിൽ തയാറാക്കാനാണു ലക്ഷ്യമിടുന്നത്.

കൊച്ചി വാട്ടർ മെട്രോ

കൊച്ചി നഗരത്തിലെ ജലപാതകളിലൂടെയുള്ള ഗതാഗതത്തിന് വിപ്ലവം സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോ വൻ വിജയത്തോടെ കുതിക്കുന്നു. 2023 ഏപ്രിൽ 25‑ന് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, 50 ലക്ഷം യാത്രക്കാരെ വഹിച്ചുകൊണ്ട് സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം ആളുകളെ വഹിക്കാൻ കഴിഞ്ഞത് വാട്ടർ മെട്രോ നൽകുന്ന ഉയർന്ന നിലവാരമുള്ള യാത്രാനുഭവം കാരണമാണ്. ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ, കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് കൂടുതൽ വിപുലീകരണത്തിന് ഒരുങ്ങുകയാണ്. പദ്ധതിയുടെ ഒന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി നാല് പുതിയ ടെർമിനലുകൾ കൂടി നിർമ്മിക്കാൻ ഉടൻ നടപടികൾ ആരംഭിക്കും. ഇടക്കൊച്ചി, തോപ്പുംപടി, വരാപ്പുഴ, എറണാകുളം ജെട്ടി എന്നിവിടങ്ങളിലാണ് പുതിയ ടെർമിനലുകൾ ഒരുങ്ങുന്നത്. നിലവിൽ 10 ടെർമിനലുകളാണ് പ്രവർത്തനത്തിലുള്ളത്.

ദേശീയപാത നവീകരണം

സംസ്ഥാനത്ത്‌ ദേശീയപാത 66 നിർമാണ അതിവേഗത്തിൽ കുതിക്കുകയാണ് . 444 കിലോമീറ്റർ ദേശീയപാത നിർമാണം പൂർത്തിയായി. 45 മീറ്റർ വീതിയിൽ ആറുവരി പാത പൂർത്തീകരിക്കപ്പെട്ടു. പണി പൂർത്തീകരിച്ച സ്ഥലങ്ങളിലെല്ലാം ഗതാഗതത്തിന്‌ തുറന്നുകൊടുത്തു. ഉദാഹരണത്തിന്‌ മാഹി ബൈപാസ്‌, കോഴിക്കോട്‌ ബൈപാസ്‌ എന്നിവ. മലപ്പുറം ജില്ലയിൽ ഒരറ്റത്തുനിന്ന്‌ അങ്ങേ അറ്റത്ത്‌ എത്തണമെങ്കിൽ മുൻപ് മൂന്ന്‌ മണിക്കൂർ വേണമായിരുന്നു. ഇപ്പോൾ അതിന് മുക്കാൽ മണിക്കൂർ മതി.
മരങ്ങൾ മുറിച്ചുമാറ്റാൻ, വൈദ്യുതിലൈൻ മാറ്റാൻ, സ്ഥലം ഏറ്റെടുക്കാൻ, തർക്കങ്ങൾ പരിഹരിക്കാൻ, വകുപ്പുകളെ ഏകോപിപ്പിക്കാൻ — ഇതിനെല്ലാം സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെട്ടു. ദേശിയ പാതക്കായി സ്ഥലം ഏറ്റെടുക്കാൻ പണം അങ്ങോട്ടു നൽകിയ ഏക സംസ്ഥാനമാണ് കേരളം.

ദേശിയ പാതക്കായി ഭൂമിയേറ്റെടുത്ത് കൊടുക്കുക എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ആയിരുന്നു. എന്നാല്‍ ആ ചുമതല വഹിക്കാന്‍ ബാധ്യതപ്പെട്ട ഉമ്മൻ‌ചാണ്ടി സര്‍ക്കാര്‍ ചെയ്തില്ല. ഒരിഞ്ച് സ്ഥലവും അവര്‍ ഏറ്റെടുത്തില്ല എന്ന് മാത്രമല്ല . ദേശീയ പാത അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ടു. പിന്നീടാണ് 2016ൽ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. ദേശീയ പാത അതോറിറ്റിയെ തിരിച്ചുവിളിച്ചു. എന്നാല്‍ യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയ്ക്ക് സംസ്ഥാനം പിഴയൊടുക്കേണ്ടതായി വന്നു. ഒടുവില്‍ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ട ചെലവിന്റെ 25 ശതമാനം സംസ്ഥാനം ഏറ്റെക്കാമെന്ന ധാരണയിലെത്തിയതോടെയാണ് പദ്ധതി യാഥാർഥ്യമായത് .

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.