
കേരളത്തിൽ പിഎം ശ്രി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകി. സിപിഐയുടെ ആവശ്യത്തെ തുടർന്ന്, ഒക്ടോബർ 29ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പദ്ധതി നടപ്പാക്കുന്നത് നിറുത്തിവയ്ക്കുന്നതായി കേന്ദ്രത്തെ അറിയിക്കാൻ തീരുമാനിച്ചത്. പിഎം ശ്രി പദ്ധതിയെ കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയേയും മന്ത്രിസഭ നിയോഗിച്ചിരുന്നു. ഉപസമിതി രൂപീകരിച്ച കാര്യവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മന്ത്രിസഭയുടെ തീരുമാനപ്രകാരം കത്ത് അയച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി ചേർന്ന് തീരുമാനിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടേണ്ട പരമാവധി ഫണ്ട് വാങ്ങിയെടുക്കാൻ പരിശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
45 മിനിറ്റ് ചർച്ചയിൽ പിഎം ശ്രി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചിരുന്നു. സമഗ്ര ശിക്ഷാ കേരളയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള കുടിശിക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എസ്എസ്‍കെയിൽ ഇൗ സാമ്പത്തിക വർഷം ലഭിക്കേണ്ട തുകയിലെ ആദ്യ ഗഡുവായ 104 കോടിയിൽ 92.41 കോടി ഒരാഴ്ച മുമ്പ് ലഭിച്ചിരുന്നു. 2023–24ലെ അവസാന രണ്ടുഗഡു ഉൾപ്പെടെ ഇനി കേന്ദ്രം അനുവദിക്കാനുണ്ട്. ആകെ 1,158 കോടി രൂപയാണ് കുടിശിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.