19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
October 18, 2024
May 12, 2024
January 17, 2024
September 14, 2023
August 12, 2023
February 8, 2023
January 21, 2023
October 23, 2022
August 14, 2022

ലൈബ്രറികള്‍ കയ്യടക്കാനുള്ള നീക്കത്തില്‍ പ്രതിരോധം വേണം

എ പി ജയന്‍
September 14, 2023 4:45 am

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകദിനമായ സെപ്റ്റംബര്‍ 14 കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലാ ദിനമായി ആചരിച്ചു വരികയാണ്. ഗ്രന്ഥശാലകളെ കയ്യടക്കുവാന്‍ സംഘ്പരിവാര്‍ നീക്കം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഗ്രന്ഥശാലാ സംരക്ഷണ ദിനമായാണ് ആചരിക്കുന്നത്. ഗ്രന്ഥശാലകളില്‍ ഇന്ന് ഗ്രന്ഥശാലാ സംരക്ഷണ സദസ്, അക്ഷര ജ്വാല എന്നിവയും അടുത്ത ദിവസം താലൂക്ക് കേന്ദ്രങ്ങളില്‍ ഗ്രന്ഥശാലാ സംരക്ഷണ സദസും സംഘടിപ്പിക്കും. ‘പുസ്തകം കയ്യലെടുക്കൂ, ഗ്രന്ഥശാലകളുടെ കാവലാളാകൂ‘എന്ന മുദ്രാവാക്യവുമായാണ് പരിപാടി. പൊതുസമൂഹത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ വായനയും അതിനായി സ്ഥാപിതമായ ഗ്രന്ഥശാലകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന, സ്വാതന്ത്ര്യസമര, കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും വായനശാലകള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു. വായിക്കുക അഥവാ പഠിക്കുക എന്നത് നവോത്ഥാന കാലത്തെ പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നുമായിരുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് കേരളത്തില്‍ (തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍) ഗ്രന്ഥശാലകളും വായനശാലകളും വ്യാപകമായത്.
സമ്പൂര്‍‍ണ സാക്ഷരത കൈവരിക്കുന്നതിന് കേരളത്തെ പ്രാപ്തമാക്കിയതിലും നമ്മുടെ വായനശാലകള്‍ നിര്‍ണായക പങ്ക് വഹിച്ചു.

രാജ്യത്താകെയുള്ള ലൈബ്രറികളുടെ കണക്കെടുത്താല്‍ കേരളം ഇക്കാര്യത്തില്‍ എത്രത്തോളം മുന്നിലാണെന്ന് വ്യക്തമാകും. രാജാ റാം മോഹന്‍‌റോയ് ലൈബ്രറി ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 46,746 പബ്ലിക് ലൈബ്രറികളാണുള്ളത്. അതേസമയം രാജ്യത്തൊട്ടാകെയുള്ള ഗ്രന്ഥശാലയുടെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കല്‍ക്കട്ട സെന്‍ട്രല്‍ ലൈബ്രറിയുടെ കണക്കനുസരിച്ച് 54,000 ലൈബ്രറികളുണ്ട്. ഇതില്‍ 9,515 എണ്ണം കേരളത്തിലാണ്. ആകെയുള്ളതിന്റെ 20 ശതമാനത്തോളം കേരളത്തിലാണെന്നര്‍ത്ഥം. കര്‍ണാടകയില്‍ 5,792, തമിഴ്‌നാട്ടില്‍ 3527, പശ്ചിമബംഗാളില്‍ 2452, ആന്ധ്രാപ്രദേശില്‍ 2,702, മഹാരാഷ്ട്രയില്‍ 12,148, ഗുജറാത്തില്‍ 3,168 വീതം ഗ്രന്ഥശാലകള്‍ വിവിധ ട്രസ്റ്റുകളുടെയും സര്‍ക്കാരിതര സംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ പലതിലും ആയിരത്തിനുതാഴെയാണ് ഗ്രന്ഥശാലകളുടെ എണ്ണം. മേഘാലയയില്‍ എട്ടും രാജസ്ഥാനില്‍ 56ഉം കേന്ദ്ര ലൈബ്രറികളാണുള്ളത്. പല സംസ്ഥാനങ്ങളിലും വിരലിലെണ്ണാവുന്നവ മാത്രവും. സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി ലൈബ്രറികള്‍ ഈ കൂട്ടത്തില്‍പ്പെടുന്നില്ല. രാജ്യത്താകെയുള്ള ലൈബ്രറികളില്‍ മഹാഭൂരിപക്ഷവും നാലഞ്ചു സംസ്ഥാനങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ഈ കണക്കുകളില്‍‍ നിന്ന് വ്യക്തമാണ്. ജനസംഖ്യാനുപാതികമായി പരിശോധിച്ചാലും ഗ്രന്ഥശാലകള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്; 3,510 പേര്‍ക്ക് ഒരു ലൈബ്രറി‍. മഹാരാഷ്ട്രയില്‍ 8,987 പേര്‍ക്കും മേഘാലയയില്‍ 29,66,889 പേര്‍ക്കുമാണ് ഒരു ലൈബ്രറിയുള്ളത്. രാജ്യത്തൊട്ടാകെ പരിശോധിച്ചാല്‍ 25,925 പേര്‍ക്കാണ് ഒരു ലൈബ്രറി. സ്വാതന്ത്ര്യം നേടി 76 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്തെ പൊതുഗ്രന്ഥശാലകളുടെ ചിത്രമാണിത്. കേരളത്തിലെ ഗ്രന്ഥശാലകള്‍ക്കുള്ള പ്രത്യേകത അവ ജനകീയവും ജനാധിപത്യപരവുമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ്.


ഇതുകൂടി വായിക്കൂ: കഥയെക്കാൾ, സ്വപ്നത്തേക്കാൾ മനോഹരമാണ് ജീവിതം 


രാജ്യത്താകെ ലൈബ്രറികളുടെ എണ്ണത്തിലും വ്യാപനത്തിലും കുറവുണ്ടെങ്കിലും തങ്ങളുടെ രാഷ്ട്രീയ‑ആശയ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള നല്ലൊരു വേദിയാണ് ഗ്രന്ഥശാലകള്‍ എന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മനസിലാക്കി. അതുകൊണ്ടുതന്നെ ഗ്രന്ഥശാലകളെ കയ്യടക്കുന്നതിനുള്ള നീക്കം അവര്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതിനുള്ള മുന്നൊരുക്കം വളരെ ആസൂത്രിതമായിരുന്നു. ദശകങ്ങളും നൂറ്റാണ്ടും പൂര്‍ത്തിയാക്കിയവയാണ് വിവിധ സംസ്ഥാനങ്ങളിലെ ഗ്രന്ഥശാലകളെങ്കിലും ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ആദ്യമായി രാജ്യത്താകെയുള്ള ഗ്രന്ഥശാലകളുടെ മഹോത്സവം സംഘടിപ്പിച്ചു. ഓഗസ്റ്റ് ആദ്യ ആഴ്ച ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ചേര്‍ന്ന ലൈബ്രറി ഫെസ്റ്റിവല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നേരിട്ടെത്തി ഉദ്ഘാടനം നടത്തുകയും ചെയ്തു. സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറുമെത്തിയിരുന്നു. കേരളത്തില്‍നിന്ന് 20 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ ഫെസ്റ്റിവലിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട മറനീക്കിയത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. അ തിന് സമാനമായി ഒരു രാജ്യം ഒരു ഡിജിറ്റല്‍ ലൈബ്രറി എന്ന ആശയം ഡല്‍ഹി ഫെസ്റ്റിവലില്‍ അവതരിപ്പിക്കപ്പെട്ടു. സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറാണ് ഈ ആശയം മുന്നോട്ടുവച്ചത്. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ നിന്ന് മാറ്റി കണ്‍കറന്റ് ലിസ്റ്റി(സമവര്‍ത്തി പട്ടിക)ല്‍ എന്ന പ്രഖ്യാപനമായിരുന്നു മറ്റൊന്ന്. ഇതിനുവേണ്ടിയുള്ള നിയമനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ അന്തഃപുരങ്ങളില്‍ നടന്നു എന്നാണ് സൂചന.
എല്ലാ അധികാരങ്ങളും ഡല്‍ഹിയില്‍ കേന്ദ്രീകരിക്കാനുള്ള സ്വേച്ഛാപ്രവണത ബിജെപി അധികാരത്തിലെത്തിയതു മുതല്‍ ശക്തമായതാണ്. സംസ്ഥാന വിഷയമായിരുന്ന വിദ്യാഭ്യാസം, സഹകരണം എന്നിവ കേന്ദ്ര നിയന്ത്രണത്തിലാക്കാനുള്ള നീക്കങ്ങള്‍ ശക്തമാണ്. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട ചരിത്ര ഗവേഷണ കൗണ്‍സില്‍, എന്‍സിഇആര്‍ടി സിലബസിലെ പരിഷ്കാരങ്ങള്‍, പാഠപുസ്തകങ്ങളിലെ മാറ്റങ്ങള്‍ എന്നിങ്ങനെ വൈജ്ഞാനികരംഗത്തെയാകെ കയ്യടക്കാനും നിയന്ത്രിക്കാമുള്ള ആസൂത്രിതമായ പദ്ധതികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ധനവിഹിത വിതരണത്തിലും കേന്ദ്രം തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായാണ് കാര്യങ്ങള്‍ നീക്കുന്നത്.

പുരോഗമനാത്മക സാഹിത്യവും ശാസ്ത്രീയ വൈജ്ഞാനിക ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് പൊതു ഗ്രന്ഥശാലാ ശൃംഖല. കേരളത്തില്‍ അത് പൂര്‍ണമായും ജനാധിപത്യ സംവിധാനത്തിലും ജനകീയ പങ്കാളിത്തത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ പൗരാണികതയും തത്വചിന്തകളും ലോകജനതയ്ക്ക് പരിചയപ്പെടുത്തി നല്‍കുക എന്നാണ് കേന്ദ്ര അജണ്ടയ്ക്ക് ന്യായീകരണം നല്‍കുന്നത്. ഈ സ്ഥാപനങ്ങളെ തങ്ങളുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ കടത്തിവിടുന്നതിനുള്ള ഇടങ്ങളാക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് വ്യക്തമാണ്. ഗ്രന്ഥശാലകളെ കയ്യടക്കുവാന്‍ സംഘ്പരിവാര്‍ നീക്കം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇതിനെതിരെ ശക്തമായ പ്രതിരോധം വളരേണ്ടതുണ്ട് എന്നതിനാലാണ് വായനയും ഗ്രന്ഥശാലകളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രന്ഥശാലാ ദിനം ഇത്തവണ ഗ്രന്ഥശാലാ സംരക്ഷണ ദിനമായി ആചരിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
(കേരള ലൈബ്രറി കൗണ്‍സില്‍ വൈസ്
പ്രസിഡന്റാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.