
വിജയ് ഹസാരെ ട്രോഫിയിൽ ബാറ്റിങ് വെടിക്കെട്ടുമായി കൗമാരതാരം വൈഭവ് സൂര്യവംശി. അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ ബിഹാറിന് വേണ്ടി ഇറങ്ങി 36 പന്തിൽ സെഞ്ചുറി നേടിയ വൈഭവിന് 10 റൺസകലെ ഇരട്ടസെഞ്ചുറി നഷ്ടമാവുകയായിരുന്നു. മത്സരത്തിൽ 84 പന്തിൽ നിന്ന് താരം 190 റൺസെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ സെഞ്ചുറി നേട്ടമാണ് വൈഭവിന്റേത്. ആകെ 15 സിക്സും 16 ഫോറുമാണ് വൈഭവിന്റെ ബാറ്റിൽ നിന്നു പിറന്നത്. 54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്റെ റെക്കോഡാണ് വൈഭവ് തകർത്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായും പതിനാലുകാരനായ വൈഭവ് മാറി.
2024ൽ അരുണാചൽ പ്രദേശിനെതിരെ 35 പന്തിൽ സെഞ്ചുറി നേടിയ പഞ്ചാബിന്റെ അൻമോൽ പ്രീത് സിങ്ങിന്റെ പേരിലാണ് ഇന്ത്യൻ ബാറ്ററുടെ അതിവേഗ സെഞ്ചുറി റെക്കോർഡ്. 40 പന്തിൽ സെഞ്ചുറി നേടിയ യൂസഫ് പഠാൻ, 41 പന്തിൽ സെഞ്ചറി നേടിയ ഉർവിൽ പട്ടേൽ, 42 പന്തിൽ സെഞ്ചുറി നേടിയ അഭിഷേക് ശർമ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. വൈഭവ് സൂര്യവംശിക്കുപുറമെ രണ്ട് സെഞ്ചുറി കൂടി പിറന്നപ്പോള്‍ ബിഹാർ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് അടിച്ചെടുത്തത്. ആയുഷ് ലോഹരുക്ക 56 പന്തിൽ 116 റൺസ് അടിച്ചെടുത്തു. പിന്നാലെ 40 പന്തിൽ 128 റൺസ് സ്വന്തമാക്കി ക്യാപ്റ്റൻ സാക്കിബുല്‍ ഗാനിയും ബിഹാറിനെ റെക്കോഡ് സ്കോറിലേക്ക് നയിച്ചു. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റെക്കോഡാണ് ബിഹാർ സ്വന്തമാക്കിയത്. 2022‑ൽ അരുണാചലിനെതിരെ തന്നെ തമിഴ്‌നാട് കുറിച്ച 506/2 എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.