പ്രവചനങ്ങൾ കടംകഥയാക്കുന്നതാണ് ഫുട്‌ബോൾ കളി. ചരിത്രത്തിന്റെ പഴയതാളുകളിൽ കുറിച്ചുവച്ച കളികളും ഇന്നത്തെ കളികളുമായി താരതമ്യം തീരേയില്ല . ഇന്നോളം കണ്ടുകൊണ്ടിരിക്കുന്നത് കാലത്തിന്റെ മാറ്റങ്ങളും പുത്തൻ പ്രവണതകളുമാണ്. ഡേവിഡ് ബെക്കാം എന്ന യൂറോപ്യൻ ഇതിഹാസം കാത്തിരുന്നു കണക്കുകൂട്ടിയത് വൈകിയാണെങ്കിലും യാഥാർത്ഥ്യമായിരിക്കുന്നു. ലോകഫുട്ബോളിന്റെ നിർണായക കേന്ദ്രങ്ങളായി കണക്കാക്കിയത് യൂറോപ്പ് തന്നെയാണ്. അവിടെയുള്ള ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ചാമ്പ്യൻസും ലാലിഗയുമൊക്കെ ആവേശത്തിന്റെ പൂവെടികൾ പോലെയാണ്. ഇറ്റലിയും ഫ്രാൻസും ജർമ്മനിയും സ്പെയിനും ഒക്കെ കളിക്കളം നിറയ്ക്കുന്നത് ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും താരങ്ങളുടെ കളിയഴക് കൊണ്ടാണ്.
ഇത്തവണത്തെ ലോകകപ്പിൽ ശ്രദ്ധേയരായ കളിക്കാരെല്ലാം യൂറോപ്യൻ പ്രൊഫഷണൽ ക്ലബ്ബുകളെ ആശ്രയിച്ചുകൊണ്ട് കളിക്കരുത്ത് ലോകത്തെ അറിയിച്ചവരാണ്. മെസിയും, എംബാപ്പെയും നെയ്മറും വിനീഷ്യസും, സാദിയാമാനെയും എല്ലാം കറുത്ത മക്കളുടെ പ്രതിനിധികളാണ്. 22മത് ലോകകപ്പ് നേടിയ അർജന്റീനയുടെ കെട്ടുറപ്പും കളിക്കാരുടെ രാജ്യസ്നേഹവും ജയിക്കണമെന്ന വാശിയും ജനകോടികൾ നേരിൽ കണ്ടതാണ്. സമ്പത്ത് കൊണ്ട് കളിക്കാരെ മോഹിപ്പിക്കുന്ന പിഎസ്ജിയുടെ കൂടാരത്തിൽ നിന്നാണ് മെസി അമേരിക്കൻ ടീമിലേക്ക് കടന്നു വന്നത്. ലീഗിൽ ഏറ്റവും താഴേ നിൽക്കുന്ന ടീമാണ് ഇന്റർ മിയാമി, അറേബ്യൻ മുതലാളിമാർ മെസി ചോദിക്കുന്ന പണം തളികയിൽ വച്ചു തരാമെന്ന് ദൂതന്മാരെ വിട്ട് പറഞ്ഞിട്ടും മനസ് മാറാത്ത മെസി വാക്ക് പാലിച്ചത് ബെക്കാമിനോടാണ്. ബെക്കാമിന്റെ ഇന്റർ മിയാമി അമേരിക്കൻ ലീഗിലെ താഴെതട്ടിലുള്ള ആവറേജ് ടീമാണ്.
മെസി കളിക്കുന്നതിന് തൊട്ടു മുമ്പ് കളിച്ച 12 കളികളിൽ പത്തിലും ജയിക്കാൻ കഴിയാത്തവരാണ് മിയാമി. എട്ടു കളിയിൽ തോൽവിയും രണ്ട് ജയവും രണ്ട് സമനിലയുമായിരുന്നു ഫലം. രണ്ടുകളിയിൽ മാത്രം കഷ്ടിച്ചു ജയിച്ചത് ഭാഗ്യദേവതയുടെ കടാക്ഷം കൂടി സഹായിച്ചത് കൊണ്ടാണെന്ന് പിന്നീടുള്ള കളികൾ വിളിച്ചു പറഞ്ഞു. അമേരിക്കൻ ജനതയ്ക്ക് ഫുട്‌ബോളിൽ നേരിയ താല്പര്യം വന്നത് പെലെയുടെ വരവോടെയാണ്. ഇപ്പോഴും അമേരിക്കക്കാർക്ക് ഫുട്‌ബോൾ പ്രധാന ഗെയിമല്ല. ഒരിക്കലും അമേരിക്കക്കാർ ഫുട്‌ബോളിൽ മുഴുകാത്തവരാണ്. അവിടത്തെ പ്രധാന ലീഗ് തന്നെ അമേരിക്കൻ സോക്കർ ലീഗാണ്. ആരും കാര്യമായി മനസ് കൊടുക്കാത്ത ഫുട്‌ബോൾ ലീഗിനെ ലോകത്തോളം അറിയിച്ചത് ലയണൽ മെസിയെന്ന 35 കാരനായ അർജന്റീനയുടെ ലോകചാമ്പ്യനാണ്. മെസി കളിക്കുന്ന കളിയുടെ ടിക്കറ്റ് പുറത്തുവിട്ട് രണ്ട് മണിക്കൂർ കൊണ്ട് വിറ്റഴിയുന്നു. വരവറിയിച്ചു ക്ലബ്ബു നടത്തിയ ജേഴ്സി വില്പനയിൽ ലോക റെക്കോഡാണ്. മൊത്തം മൂന്നു കളിയിലാണ് മെസിയുടെ സാന്നിധ്യം ഉണ്ടായിരുന്നത്.
ആദ്യ മത്സരം ക്രൂസ് അസൂലീയുമായാണ്. ആ കളി തുടങ്ങി കഴിഞ്ഞാണ് മെസി ഇറങ്ങിയത് അന്നത്തെ തുടക്കം കണ്ടവർക്ക് തൃപ്തിയായി. 2–1 ആണ് സ്കോർ. വിജയഗോളിൽ മെസിയുടെ മഴവിൽ ഫ്രീകിക്കും വന്നു. കളികാണാത്തവർ കടുത്ത നിരാശയിലായി. അടുത്ത കളിയിൽ നാല് ഗോളിന്റെ തകർപ്പൻ ജയം. ഒരു ജോഡി ഗോളുകൾ മെസിയുടെ വകയായിരുന്നു. മൂന്നാമത്തെ കളിയിൽ 3–1നാണ് ഒർലാന്‍ഡോ സിറ്റിയെ തോല്പിച്ചത്. മെസിക്ക് ഹാട്രിക്ക് നേടാൻ പറ്റിയ പെനാൽറ്റി വന്നിട്ടും ജോസഫ് മാർട്ടിനെസിന് ദാനം ചെയ്യാൻ മെസി കാണിച്ച മാന്യത വലിയ ചർച്ചയായി. സഹതാരങ്ങളുമായി കളിയിൽ നേടുന്ന ബന്ധം ഫുട്‌ബോളിന്റെ ഇഴയടുപ്പത്തിന്റെ ഭാഗമാണ്. അതിന് മൈതാനത്ത് തന്നെ സഹതാരം നന്ദി കാണിച്ചു. തനിക്കു സ്കോർ ചെയ്യാവുന്ന തുറന്ന സന്ദർഭം മെസിക്ക് നൽകുവാൻ അയാൾ തയ്യാറായി. മൂന്നു കളിയിൽ അഞ്ച് ഗോളുമായി അമേരിക്കൻ ജനതയുടെ ഫുട്‌ബോൾ ആവേശത്തിന് അഴക് ചാർത്തുന്ന കേന്ദ്രബിന്ദുമായി മെസി മാറികഴിഞ്ഞു. ലോക ഫുട്ബോളിൽ അമേരിക്കൻ മേജർ സോക്കർ ലീഗും ഇപ്പോൾ ചർച്ചാ വിഷയമാണ്. ഫുട്‌ബോളിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അവാർഡുകൾ കളികൊണ്ട് നേടിയെടുത്ത മെസിയെ തേടി പുതിയ ലോക ബഹുമതികൂടി വന്നു ചേർന്നിരിക്കുകയാണ്.
ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് സോക്കർ ഫുട്‌ബോൾ മാഗസിൻ 2022ലെ ലോകത്തെ മികച്ച ഫുട്‌ബോൾ താരമായി മെസിയെയാണ് തിരഞ്ഞെടുത്തത്. ഫുട്‌ബോൾ പ്രേമികളുടെയും പ്രസ് റിപ്പോർട്ടർമാരുടെയും അഭിപ്രായങ്ങൾ ഗ്യാലപ്പ് പോളിൽ കൂടി ശേഖരിച്ചാണ് അവാർഡ് നിശ്ചയിക്കുന്നത്. തുടർച്ചയായി ആറുതവണയാണ് മെസിയെതന്നെ ഈ അവാർഡ് തേടിയെത്തിയത്. അമേരിക്കയിൽ മെസി തരംഗം ഹരമായിമാറുമ്പോൾ ഫുട്‌ബോളിന്റെ ജനകീയ വ്യാപ്തി വാനോളം ഉയരുകയാണ്.
English Summary: Argentine professional footballer Lionel Messi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.