ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ മദ്യവും പണവും കൈക്കൂലി വാങ്ങിയ സംഭവത്തിൽ കേസിൽ എറണാകുളം ആർടിഒ പിടിയിൽ .എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫിസിലെ ആർടിഒ ജെർസൻ ആണ് പിടിയിലായത് . വീട്ടിൽ നിന്നും കുപ്പി ഒന്നിന് കാൽ ലക്ഷം വരെ വിലമതിക്കുന്നതുൾപ്പെടെ 49 കുപ്പി വിദേശമദ്യ കുപ്പികളും കണ്ടെത്തി. 5,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയതിനാണ് ജെർസണിനെ എറണാകുളം വിജിലൻസ് സംഘം പിടികൂടിയത്. ഇയാൾ കൈക്കൂലി വാങ്ങാൻ ചുമതലപ്പെടുത്തിയ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന പ്രൈവറ്റ് ബസ്സിന്റെ റൂട്ട് പെർമിറ്റ് ഈമാസം മൂന്നിന് അവസാനിച്ചിരുന്നു. ഈ പെർമിറ്റ് അതേ ഉടമയുടെ മറ്റൊരു ബസ്സിന് അനുവദിച്ചു നൽകുന്നതിന് ബസ് മാനേജറായ ചെല്ലാനം സ്വദേശി എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫിസിൽ അപേക്ഷ നൽകി. തുടർന്ന് ആർടിഒ ജെർസൺ ഈ മാസം ആറുവരെ താല്കാലിക പെർമിറ്റ് അനുവദിക്കുകയും അതിന് ശേഷം പലകാരണങ്ങൾ പറഞ്ഞ് മനപൂർവ്വം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു.
പിന്നാലെ, ആർ.ടി.ഒയുടെ ഏജന്റായ രാമപടിയാർ എന്നയാൾ ബസ് മാനേജരെ നേരിൽ കണ്ട്, പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കയ്യിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആർടിഒ ജെർസൺ പറഞ്ഞതായി അറിയിച്ചു.
പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് വിഭാഗത്തെ അറിയിച്ചു. ഉച്ച ഒരുമണിക്ക് റീജണൽ ട്രാൻസ്പോർട്ട് ഓഫിസിന് മുന്നിൽ വച്ച് ആർടിഒയുടെ ഏജന്റായ സജിയും രാമപടിയാറും ചേർന്ന് പരാതിക്കാരനിൽ നിന്ന് 5,000 രൂപയും ഒരു കുപ്പി വിദേശ മദ്യവും കൈക്കൂലിയായി വാങ്ങവേ കൈയ്യോടെ പിടികൂടി. പ്രതികളുടെ കുറ്റസമ്മത മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ആർടിഒ ജെർസണെയും അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.