ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആധിപത്യം ഉറപ്പിച്ച് ലിവര്‍പൂള്‍. സതാംപ്ടനെതിരെ 3–1 ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ആഴ്സണലുമായുള്ള അകലം 15 പോയിന്റായി ഉയര്‍ത്തി. ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചായിരുന്നു ലിവർപൂള്‍ ജയമെന്നതും ശ്രദ്ധേയം. രണ്ടാം പകുതിയിൽ ഡാർവിൻ ന്യൂനസിന്റെ ഗോളും മുഹമ്മദ് സലായുടെ രണ്ട് പെനൽറ്റി ഗോളുകളുമാണ് ലിവർപൂളിനു വിജയം സമ്മാനിച്ചത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ വിൽ സ്മാൾബോൺ നേടിയ ഗോളിൽ സതാംപ്ടൻ മുന്നിലായിരുന്നു.
കിരീടപ്പോരാട്ടത്തിൽ രണ്ടാമതുള്ള ആഴ്സനലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ കുരുക്കിയത് തിരിച്ചടിയായി. ഇരു ടീമുകളും ഓരോ ഗോളടിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിൽ ലീഡെടുത്ത യുണൈറ്റഡിനെ, 74–ാം മിനിറ്റിൽ ഡെക്ലാൻ റൈസ് നേടിയ ഗോളിലാണ് ആഴ്സനൽ തളച്ചത്. ജയത്തോടെ ലിവർപൂളിന് 29 കളികളിൽ 70 പോയിന്റായി. രണ്ടാമതുള്ള ആഴ്സനലിന് 28 കളികളിൽ 55. ഒരു മത്സരം കൂടുതൽ കളിച്ച ലിവർപൂളിന്റെ ലീഡ് 15 പോയിന്റാണ്. 51 പോയിന്റുമായി നോട്ടിങ്ഹാം ഫോറസ്റ്റാണ് മൂന്നാം സ്ഥാനത്ത്.
ലെസ്റ്റർ സിറ്റിയെ ഒരുഗോളിന് വീഴ്ത്തിയ ചെൽസി 49 പോയിന്റുമായി വീണ്ടും നാലാം സ്ഥാനത്തേക്ക് കയറി. മാർക് കുകുറെയ്യ 60–ാം മിനിറ്റിൽ നേടിയ ഏക ഗോളിലാണ് ജയം. നേരത്തെ, കോൾ പാമർ ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയത് ചെൽസിക്ക് നിരാശയായി. യുവതാരം ഇതാദ്യമായാണ് പ്രീമിയർ ലീഗിൽ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തുന്നത്. 47 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് അഞ്ചാമത്. ആഴ്സനലിനെ സമനിലയിൽ തളച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 28 കളികളിൽ നിന്ന് 34 പോയിന്റുമായി 14–ാം സ്ഥാനത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.