രണ്ടാംപാദത്തിലെ തോല്‍വിയോടെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്. വിജയത്തോടെ പിഎസ്ജി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 4–1ന്റെ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. ആദ്യപാദത്തില്‍ 1–0ന് ലിവര്‍പൂള്‍ വിജയം നേടിയിരുന്നു.
ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു പിഎസ്ജി വിജയം സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന പിഎസ്ജി രണ്ടാം പാദത്തിൽ ഒരു ഗോൾ തിരിച്ചടിച്ച് സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 1–4 എന്ന സ്കോറിനാണ് ചെമ്പടയെ പിഎസ്ജി വീഴ്ത്തിയത്. 12-ാം മിനിറ്റിൽ ഡെംബലെയാണ് പിഎസ്ജിക്കായി വല കുലുക്കിയത്. ഗോൾ വീണതോടെ ആക്രമണം ശക്തമാക്കിയ ചെമ്പട പിഎസ്ജി ബോക്‌സിലേക്ക് ഇരമ്പിയെത്തി. എന്നാൽ നിർഭാഗ്യം ഇംഗ്ലീഷ് ക്ലബ്ബിനെ വേട്ടയാടി. മറുഭാഗത്ത് ലഭിച്ച അവസരങ്ങളിൽ എതിർബോക്‌സിലേക്ക് ഫ്രഞ്ച് ക്ലബ്ബും മുന്നേറിയതോടെ അവസാനനിമിഷം മത്സരം ആവേശമായി. എന്നാൽ മുഴുവൻ സമയവും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. പിഎസ്ജിക്കായി കിക്കെടുത്ത വിറ്റീഞ്ഞ, ഗോൺസാലോ റാമോസ്, ഡെംബലെ, ഡിസൈർ ഡോയി എന്നിവർ വലകുലുക്കി. എന്നാൽ ലിവർപൂളിന്റെ ഡാർവിൻ ന്യൂനസ്, കർട്ടിസ് ജോൺസ് എന്നിവരുടെ ഷോട്ട് ഫുൾലെങ്ത് ഡൈവിലൂടെ തട്ടിയകറ്റി ഇറ്റാലിയൻ ഗോൾകീപ്പർ പിഎസ്ജിയുടെ രക്ഷകനായി. ഒടുവിൽ 4–1ന് ഷൂട്ടൗട്ട് ജയിച്ച് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിൽ പോർച്ചുഗൽ ക്ലബ്ബ് ബെൻഫിക്കയ്ക്കെതിരെ 3–1നാണ് ബാഴ്സയുടെ വിജയം. ഇതോടെ ബാഴ്സ 4–1ന് മുന്നിലെത്തി. ആദ്യ പാദ മത്സരത്തില്‍ 1–0ന് ബാഴ്സലോണ വിജയിച്ചിരുന്നു. രണ്ടാം പാദ പോരാട്ടത്തിൽ ബ്രസീൽ താരം റാഫിഞ്ഞ രണ്ടു ഗോളുകൾ നേടി. 11, 42 മിനിറ്റുകളിലായിരുന്നു റാഫിഞ്ഞയുടെ ഗോളുകൾ. സ്പാനിഷ് താരം ലമിൻ യമാലും 27–ാം മിനിറ്റിൽ ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. 13–ാം മിനിറ്റിൽ നിക്കോളാസ് ഒട്ടമെൻഡിയുടെ വകയായിരുന്നു ബെൻഫിക്കയുടെ ആശ്വാസ ഗോൾ. ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെയോ ലില്ലെയെയോ ആയിരിക്കും ബാഴ്സലോണ നേരിടുക. മറ്റു മത്സരങ്ങളിൽ ഇന്റർ മിലാൻ 2–1ന് ഫെയർനൂദിനേയും ബയേൺ മ്യൂണിക് എതിരില്ലാത്ത രണ്ട് ഗോളിന് ബയേൺ ലെവർകൂസനേയും തോല്പിച്ചു. ഇന്റര്‍ മിലാന്‍ ഇരുപാദങ്ങളിലുമായി 4–1 ആഗ്രെഗേറ്റ് സ്കോറുമായി ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ ജര്‍മ്മന്‍ പോരാട്ടത്തില്‍ ബയേണ്‍ 5–0ന് ആധികാരികമായാണ് ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.