31 December 2025, Wednesday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

റോഡില്‍ ജീവന്‍ പൊലിയാതിരിക്കണം

Janayugom Webdesk
March 22, 2024 5:00 am

തിരുവനന്തപുരത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തോടെ ടിപ്പര്‍ ലോറികളുടെ നിയന്ത്രണങ്ങളും നിയമലംഘനങ്ങളും സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉണ്ടായിരിക്കുന്നു. തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി വന്ന ടിപ്പർ ലോറിയില്‍ നിന്ന് തെറിച്ചുവീണ കല്ല് പതിച്ചാണ് ചൊവ്വാഴ്ച വിഴിഞ്ഞത്ത് സ്കൂട്ടർ യാത്രികന്‍ മരിച്ചത്. മുക്കോല കാഞ്ഞിരംവിള അനന്തു ഭവനിൽ അനന്തുവാണ് മരിച്ചത്. മുക്കോല മുളമുക്ക് ജങ്ഷന് സമീപത്തുവച്ച് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ മുഖത്ത് കല്ല് പതിക്കുകയായിരുന്നു. സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ഈ അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ബുധനാഴ്ച തിരുവനന്തപുരം നഗര മധ്യത്തില്‍ ടിപ്പറിനടിയില്‍പ്പെട്ട് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന അധ്യാപകന് ദാരുണാന്ത്യമുണ്ടായത്. ചാല വിഎച്ച്എസ്എസ് ആന്റ് ടിടിഐയിലെ ഇൻസ്ട്രക്ടർ മലയിൻകീഴ് പെരുകാവ് സ്വദേശി ജി എസ് സുധീറിനാണ് ജീവന്‍ നഷ്ടമായത്. പനവിള ജങ്ഷനിലെ ട്രാഫിക് സിഗ്നൽ കടന്നു പോകവെ ടിപ്പർലോറി സ്കൂട്ടറിൽ തട്ടുകയും മറിഞ്ഞുവീണ സുധീറിന്റെ ദേഹത്തിലൂടെ പിൻചക്രം കയറി ഇറങ്ങുകയും ചെയ്തു. ടെക്നോ പാർക്ക് ഭാഗത്ത് ലോഡിറക്കി മടങ്ങുകയായിരുന്നു ടിപ്പർ. ഇരുസംഭവങ്ങളും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. ആദ്യ സംഭവമുണ്ടായപ്പോള്‍ വിഴിഞ്ഞം ഭാഗത്ത് കല്ലുകള്‍ കയറ്റിയെത്തുന്ന ടിപ്പര്‍ ലോറികള്‍ ഇതിന് മുമ്പും അപകടം വരുത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. രണ്ടു മാസം മുമ്പ് സമാനമായ രീതിയില്‍ കല്ല് തെറിച്ച് വീണ് പരിക്കേറ്റ സ്ത്രീയുടെ കാല് മുറിച്ചുമാറ്റേണ്ടിവന്നു. കഴിഞ്ഞയാഴ്ച കല്ലിറക്കി അമിതവേഗത്തില്‍ തിരിച്ചുപോയ ലോറി ഗുഡ്സ് ഓട്ടോ ഇടിച്ചു തെറിപ്പിച്ചു.


ഇതുകൂടി വായിക്കൂ: വിവാദങ്ങളുടെ പിന്നില്‍ സാമൂഹ്യപ്രതിബദ്ധതയല്ല 


അനുവദനീയമായതിലധികം കല്ലുകളും പാറയും കയറ്റി സഞ്ചരിക്കുന്ന ലോറികള്‍ നിത്യക്കാഴ്ചയാണെന്ന് സമീപവാസികള്‍ പറയുന്നു. നേരത്തെ ചെറിയ രീതിയിലുള്ള അപകടങ്ങള്‍ ഉണ്ടായപ്പോള്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. അപകടങ്ങളില്‍ പെടുന്നവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കുന്നതിനോ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനോ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന പരാതിയുമുണ്ട്.
സാധാരണ ലോറികളില്‍ നിന്ന് വ്യത്യസ്തമായി യന്ത്രശേഷി കൂടുതലായതിനാലും മനുഷ്യവിഭവശേഷി കുറച്ച് മതിയെന്നതിനാലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് ടിപ്പര്‍ ലോറികള്‍. വികസന പ്രവര്‍ത്തനങ്ങളിലും നിര്‍മ്മാണ മേഖലയിലും അവശ്യവസ്തുക്കളായ പാറകള്‍ ഉള്‍പ്പെടെ കടത്തുന്നതിനും മറ്റും അത്യന്താപേക്ഷിതമായ ഒന്നാണിവ. 2000ത്തിനുശേഷം നമ്മുടെ സംസ്ഥാനത്ത് വ്യാപകമായ ഈ നവ ചരക്കുവാഹന സംവിധാനം സാമൂഹ്യ ജീവിതത്തിന്റെ അത്യന്താപേക്ഷിത ഘടകവുമാണിപ്പോള്‍. എന്നാല്‍ എല്ലാ രംഗത്തുമെന്നതുപോലെ ലാഭക്കൊതി മൂത്ത ചിലര്‍ ഉടമകളായി കടന്നുവന്നതോടെ ഈ രംഗത്ത് അനാശാസ്യ പ്രവണതകളുണ്ടായി. കൂടുതല്‍ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമിത വേഗത്തിലും അനുവദനീയമായതില്‍ കൂടുതല്‍ വസ്തുക്കള്‍ കയറ്റിയും ഓടുന്ന സംഭവങ്ങള്‍ വ്യാപകമായി. ഇത് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിനും ജീവഹാനിക്കും കാരണമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വ്യാപകമായ പ്രതിഷേധത്തെയും കോടതി ഉത്തരവിനെയും തുടര്‍ന്ന് 2012 ഡിസംബറില്‍ തിരക്കുപിടിച്ച സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിട്ടു. രാവിലെ എട്ടു മുതല്‍ 10 വരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ചുവരെയുമായിരുന്നു നിയന്ത്രണം. എന്നാല്‍ നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കാരണത്താല്‍ 2014 ഫെബ്രുവരിയില്‍ പ്രസ്തുത ഉത്തരവ് പുതുക്കി, സമയനിയന്ത്രണം രാവിലെ ഒമ്പത് മുതല്‍ 10 വരെയും വൈകിട്ട് നാല് മുതല്‍ അഞ്ചുവരെയുമാക്കി. എന്നിട്ടും അമിതവേഗതയും അമിതഭാരവും നിയന്ത്രിക്കപ്പെട്ടില്ല. എന്നുമാത്രമല്ല അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തില്‍ ചില ജില്ലകളില്‍ കളക്ടര്‍മാര്‍ നിയന്ത്രണ സമയം കൂട്ടുന്ന സ്ഥിതിയുമുണ്ടായി. കഴിഞ്ഞ ജനുവരിയിലും ജൂണിലും ചില ജില്ലകളില്‍ ഇത്തരം തീരുമാനങ്ങള്‍ ഉണ്ടായിരുന്നു.


ഇതുകൂടി വായിക്കൂ: ആവര്‍ത്തിക്കുന്ന റെയില്‍ ദുരന്തവും അലംഭാവവും


ഇതുകൊണ്ടൊന്നും ഫലമുണ്ടാകുന്നില്ലെന്നാണ് ഓരോ അപകടങ്ങളും വ്യക്തമാക്കുന്നത്. കൂടുതല്‍ പണമുണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമുണ്ടാകുമ്പോള്‍ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതില്‍ കാട്ടുന്ന അലംഭാവമാണ് പല അപകടങ്ങളുടെയും കാരണമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് കര്‍ശനമായ പരിശോധനകളും ആവശ്യമായ നടപടികളും ഉണ്ടാകേണ്ടതുണ്ട്. വിഴിഞ്ഞത്ത് അപകടത്തെത്തുടര്‍ന്ന്, പല തവണ പിഴ ഒടുക്കിയിട്ടും അമിത വേഗതയും അനുവദനീയമായതില്‍ കൂടുതല്‍ സാധനങ്ങള്‍ കയറ്റി ഓടുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാത്ത നിരവധി വാഹനങ്ങള്‍ ഉണ്ടെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്. നിരന്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുക, ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കുക തുടങ്ങിയ ശിക്ഷണ നടപടികള്‍ക്ക് നിയമപ്രകാരം വ്യവസ്ഥകളുള്ളതാണ്. അത്തരം കര്‍ശന നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായാല്‍ അപകടങ്ങളും ജീവഹാനിയും കുറയ്ക്കുന്നതിന് ഒരു പരിധിവരെ സാധിക്കും.

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.