6 December 2025, Saturday

എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; ഹ്രസ്വ ചലച്ചിത്ര രംഗത്തെ ഓസ്‌കാര്‍

നിഖില്‍ എസ് ബാലകൃഷ്ണന്‍ 
August 24, 2025 6:50 am

സ്‌കാര്‍ അവാര്‍ഡ് നിശയെ അനുസ്മരിപ്പിക്കുന്ന സംവിധാനങ്ങള്‍. വിലയിരുത്താന്‍ വിദഗ്ധരായ സിനിമാ സംവിധായകര്‍, വിശാലമായ പ്രദര്‍ശന ശാലകള്‍, കൈയ്യടിക്കാന്‍ ചുറ്റും ആരാധകര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ കൊച്ചിയില്‍ അരങ്ങേറുമ്പോള്‍ അതില്‍ ഭാഗമാകുവാന്‍ ആരും ഒന്ന കൊതിക്കും. പറഞ്ഞുവരുന്നത് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഷോട് ഫിലിം ഫെസ്റ്റിവലായ എല്‍ കെ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിനെയും അതിന്റെ അമരക്കാരനായ സ്വകാര്യ സംരംഭകന്‍ രാജേഷ് പുത്തന്‍പുരയിലിനെയും കുറിച്ചാണ്. 

കൈവിട്ട സിനിമാ മോഹങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രാജേഷ് പൊടിതട്ടിയെടുത്തതോടെയാണ് എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ പിറവി സംഭവിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഫെസ്റ്റിവലിന്റെ ഒന്നാം എഡിഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാം എഡിഷനിലേയ്ക്കുള്ള ഹസ്രചിത്രങ്ങളുടെ എന്‍ട്രി ഉടന്‍ തന്നെ ക്ഷണിക്കും. കേരളത്തിന് അകത്തും പുറത്തും നിന്നുമായി 1000ത്തിലേറെ ഹസ്രചിത്രങ്ങളാണ് രണ്ടാം എഡിഷനിലേയ്ക്കും പ്രതീക്ഷിക്കുന്നത്. എല്‍ കെ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്‍ എന്ന സ്ഥാപനത്തിനെ ദിനംപ്രതി വളര്‍ച്ചയിലേയ്ക്ക നയിക്കുന്ന സംരംഭകന്‍ രാജേഷിന്റെ ചിന്തയില്‍ നിന്നാണ് അന്താരാഷ്ട്ര ഹസ്രചിത്ര മേള എന്ന ആശയം ജനിക്കുന്നത്. സംസ്ഥാനത്ത് ഇതിനു മുമ്പ് നടന്നുവന്ന ചെറുകിട ഹ്രസ്വ ചിത്ര പ്രദര്‍ശന മേളയില്‍ നിന്ന് ഏറെ മാറിയാണ് എല്‍ കെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ നിലയുറപ്പിക്കുന്നത്. അതിന്റെ വലിപ്പവും കണ്ണഞ്ചിപ്പിക്കുന്ന പ്രൗഡിയുമാണ് അതിന് കാരണം. ഇത്രയും വിപുലമായ രീതയില്‍ ഇത് അവതരിപ്പിക്കാന്‍ സാധിക്കുമോ എന്ന് സംശയിച്ചവരാണ് ഏറെയും. എന്നാല്‍ രാജേഷ് പുത്തന്‍പുരയില്‍ എന്ന സിനിമാ പ്രേമിയായ സംരംഭകന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതോടെ 2025 ഏപ്രില്‍ മാസത്തില്‍ കൊച്ചിയിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ എല്‍കെ ഷോര്‍ട്ട ഫിലിം ഫെസ്റ്റിവലിന് കളമൊരുങ്ങുകയായിരുന്നു. സംവിധായകന്‍ കമലിന്റെ നേതൃത്വത്തിലുളള പ്രത്യേക ജൂറിയാണ് ഹസ്ര ചിത്രങ്ങള്‍ കണ്ടതും വിലയിരുത്തല്‍ നടത്തി അവാര്‍ഡിന് അര്‍ഹരായവരെ പ്രഖ്യാപിച്ചതും. ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് സുപ്രസിദ്ധ മണിപ്പൂരി സംവിധായകന്‍ ഹൗബന്‍ പവന്‍കുമാറായിരുന്നു. ഇത്രയും മികച്ച രീതിയില്‍ ഒരു ഹ്രസ്വ ചിത്രമേള കണ്ടില്ലെന്നായിരുന്നു ഹൗബന്‍ പവന്‍കുമാറിന്റെ അഭിപ്രായം. രണ്ടാം എഡിഷനിലും ചിത്രമേളയുടെ ഭാഗമാകുവാന്‍ എത്തുമെന്ന് ഹൗബന്‍ പവന്‍കുമാര്‍ ഉറപ്പിച്ച് പറയുന്നു. 

സമാന്തര സിനിമകളുടെ ആരാധകനാണ് രാജേഷ് പുത്തന്‍പുരയില്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമകളെ നെഞ്ചോട് ചേര്‍ക്കുന്ന രാജേഷിന്റെ സിനിമാ അഭിനിവേശം തിരിച്ചറിയുന്നവരില്‍ മുന്‍പില്‍ സാക്ഷാല്‍ അടൂരുമുണ്ട്. അതുകൊണ്ടാണ് എല്‍കെ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന്റെ ഭാഗമാകുവാന്‍ എത്താമെന്ന് അടൂര്‍ ഉറപ്പ് പറഞ്ഞത്. കോവിഡ് കാലത്ത് രാജേഷ് സംവിധാനം ചെയ്ത ‘മെയ്ഡ് ഇന്‍’ എന്ന ഹ്രസ്വചിത്രം 18ഓളം രാജ്യാന്തര ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലാണ് പ്രദര്‍ശിപ്പിച്ചത്. പല അവാര്‍ഡുകളും മെയ്ഡ് ഇന്‍ കരസ്ഥമാക്കി. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കണമെന്ന ആഗ്രഹവുമായി, പിന്നീട് അതിന്റെ വക്കോളം എത്തിയ രാജേഷിന് പക്ഷെ വിധിച്ചത് മറ്റ് പലതുമായിരുന്നു. എല്‍കെ ഫൗണ്ടേഷന്റെ കീഴില്‍ ഗ്ലോബല്‍ അക്കാദമി എന്ന സ്ഥാപനത്തെ കേരളത്തിലെ അറിയപ്പെടുന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായി വളര്‍ത്തിയ രാജേഷ്, പിന്നീട് ഡല്‍ഹി അടക്കമുള്ള കേന്ദ്രങ്ങളിലേയ്ക്ക് അതിന്റെ വേരുകള്‍ ആഴത്തില്‍ പടര്‍ത്തി. തന്റെ ജീവിത നിലവാരം പതിയെ മെച്ചപ്പെട്ടതോടെയാണ് ഇഷ്ടമേഖലയിലേയ്ക്ക് രാജേഷ് തിരിഞ്ഞത്. ഇതിന് ശേഷം ഗ്ലോബല്‍ അക്കാദമിയുടെ കീഴില്‍ തന്നെ യുജിസി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്‍ഡ് ഡയറക്ഷന്‍ എന്ന പേരില്‍ മറ്റൊരു സംരംഭം ആരംഭിച്ചതിന് പിന്നിലും സിനിമാ പ്രേമം ഒന്ന് മാത്രം. 

രണ്ടാം എല്‍കെ ഫിലിം ഫെസ്റ്റിവല്‍ ഒരു ചരിത്ര സംഭവമാകുമെന്ന കാര്യത്തില്‍ രാജേഷ് പുത്തന്‍പുരയിലിന് സംശയമില്ല. അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അടൂരിനെ പോലുളള മഹാപ്രതിഭകള്‍ വരും വര്‍ഷങ്ങളിലും എല്‍കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുമായി കൈകോര്‍ക്കുമെന്നും നിസംശയം പറയാന്‍ സാധിക്കും. ഇന്ത്യയ്ക്ക് പുറത്ത് നിന്നുളള എന്‍ട്രികളും പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ രാജേഷും അദേഹത്തിന്റെ ടീമും ആരംഭിച്ചുകഴിഞ്ഞു. എല്‍ കെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ മൂന്നോ നാലോ എഡിഷനുകള്‍ പൂര്‍ത്തിയാകുമ്പോഴേയ്ക്കും രാജ്യാന്തര തലത്തില്‍ പോലും ചര്‍ച്ചാവിഷയമാകുമെന്ന ശുഭ പ്രതീക്ഷയിലാണ രാജേഷ് പുത്തന്‍പുരയില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.