
റിലയന്‍സ് ഗ്രൂപ്പ് ചെയർമാന്‍ അനിൽ അംബാനിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിർദേശം. വായ്പാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. റിലയന്‍സ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നടന്ന പരിശോധനയ്ക്ക് പിന്നാലെയാണ് അനിലിനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിരിക്കുന്നത്. ഈ മാസം അഞ്ചിന് ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഇഡി ഹെഡ് ക്വാർട്ടേഴ്സില്‍ ഹാജരാകാനാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമാകും അനിലിന്റെ മൊഴി രേഖപ്പെടുത്തുക. അനില്‍ അംബാനിയേയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘തട്ടിപ്പുകാരുടെ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ പിന്നാലെയായിരുന്നു ഇഡിയുടെ അന്വേഷണം. ജൂലൈ 24ന് ആരംഭിച്ച റെയ്ഡ് മൂന്നുദിവസം നീണ്ടുനിന്നു. 59 കമ്പനികളുടെയും 25 വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 35 ലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
2017–2019 കാലയളവിൽ അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഹോം ലോണ്‍ ലിമിറ്റഡ് എന്നീ കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റൽ സംബന്ധിച്ച ആരോപണങ്ങളിലാണ് ഇഡി അന്വേഷണം. ക്രെഡിറ്റ് നയം ലംഘിച്ച് യെസ് ബാങ്ക് റിലയന്‍സ് ഗ്രൂപ്പിലെ കമ്പനികളെ വഴിവിട്ട് സഹായിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അംബാനിയുടെ കമ്പനികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിന്റെ പ്രൊമോട്ടര്‍മാരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. വായ്പ അനുവദിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയതാണ് ഇതെന്നാണ് ഇഡി സംശയിക്കുന്നത്. റിലയൻസ് മ്യൂച്വൽ ഫണ്ട് എടി-1 ബോണ്ടുകളിൽ നടത്തിയ 2,850 കോടിയുടെ നിക്ഷേപവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും കനറാ ബാങ്കും തമ്മിലുള്ള 1050 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പ ‘തട്ടിപ്പും’ അന്വേഷണത്തിലാണ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെട്ട ഏകദേശം 10,000 കോടിയുടെ വായ്പാ ഫണ്ട് വകമാറ്റവും ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.