24 January 2026, Saturday

Related news

January 24, 2026
January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

വായ്പ തിരിച്ചടവ്; ഇന്ത്യക്കാരുടെ ശമ്പളത്തിന്റെ മൂന്നിലൊന്നും ഇഎംഐ

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2025 10:46 pm

ഇന്ത്യക്കാരുടെ ശമ്പളത്തിന്റെ മൂന്നിലൊന്നും ചെലവഴിക്കുന്നത് വായ്പ അടവിനെന്ന് പഠനം. തുല്യമായ പ്രതിമാസ ഗഡു (ഇഎംഐ) രീതിയിലുള്ള വായ്പകളാണിവയിലേറെയും. കുറഞ്ഞ വരുമാനം ലഭിക്കുന്ന ഭൂരിപക്ഷം പേരും വിവിധ ആവശ്യങ്ങള്‍ക്കായി അധിക തുക വിനിയോഗിക്കുന്നതായും പിഡബ്ല്യുസി ആന്റ് പെര്‍ഫിയോസ് നടത്തിയ ഹൗ ഇന്ത്യ സ്പെന്‍ഡ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

സമ്പന്നവര്‍ഗം ചെലവഴിക്കുന്നതിനേക്കാള്‍ ഇരട്ടിയോളം തുകയാണ് കുറഞ്ഞ വരുമാനക്കാരുടെ പോക്കറ്റില്‍ നിന്ന് ചോരുന്നതെന്നും പഠനത്തിലുണ്ട്. മൂന്നുലക്ഷം വ്യക്തികളുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഭൂരിപക്ഷവും ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഇഎംഐക്ക് വേണ്ടി ചെലവഴിക്കുന്ന ദുരവസ്ഥ ചുണ്ടിക്കാട്ടുന്നത്.

ബാങ്കുകള്‍-നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയുടെ തുല്യമായ പ്രതിമാസ ഗഡു ഒടുക്കിയാണ് ഭൂരിപക്ഷം പേരും ജീവിതം തള്ളിനീക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോം ധനകാര്യ സ്ഥാപനങ്ങളും പട്ടികയില്‍ വരും. മുന്നാം നിര മെട്രോ നഗരങ്ങളിലെ 20,000 മുതല്‍ പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവരുടെ ഇടയിലായിരുന്നു പഠനം. 

രാജ്യത്തെ മധ്യവര്‍ഗ വരുമാനക്കാരാണ് ഇഎംഐ അടയ്ക്കുന്നവരില്‍ ഭൂരിഭാഗവും. ഏറ്റവും താഴേക്കിടയിലുള്ള ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇഎംഐ ബാധ്യത വരുന്നില്ല. താഴ്ന്ന വരുമാനക്കാര്‍ സുഹൃത്തുക്കളില്‍ നിന്നോ പ്രാദേശികമായി വായ്പ കടം വാങ്ങുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. ചെലവിനെ മൂന്നായി തരം തിരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. നിര്‍ബന്ധിത ചെലവുകള്‍ (39 ശതമാനം), അവശ്യവസ്തു വിഭാഗം (32), വിവേചനപരമായ ചെലവുകള്‍ (29) എന്നീ ക്രമത്തിലാണ് ചെലവിനെ വര്‍ഗീകരിച്ചിരിക്കുന്നത്.

വായ്പ തിരിച്ചടവ്, ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം എന്നിവയാണ് ആദ്യഘട്ടത്തില്‍ വരുന്നത്. വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധനം, മരുന്ന്, പലചരക്ക് സാധനങ്ങള്‍ എന്നിവയാണ് രണ്ടാമത്. മൂന്നാം ഘട്ടത്തില്‍ ഓണ്‍ലൈന്‍ ഗെയിം, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍, വിനോദം എന്നിവയാണ് ഉള്‍പ്പെടുന്നത്. താഴ്ന്ന വരുമാനമുള്ളവര്‍ ഭൂരിഭാഗവും അവശ്യ വസ്തുക്കള്‍ നിറവേറ്റാനോ, കടം വീട്ടുന്നതിനോ ആണ് വിനിയോഗിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ വരുമാനത്തിന്റെ മുഖ്യപങ്കും നിര്‍ബന്ധിതവും വിവേചനപരവുമായ ചെലവുകള്‍ക്കാണ് നീക്കിവയ്ക്കുന്നത്. ഉയര്‍ന്ന വരുമാനക്കാര്‍ ഉന്നത ജീവിതചെലവ് വഹിക്കുകയും ആഡംബരം-അവധി ആഘോഷങ്ങള്‍ക്കായി വരുമാനം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന പ്രവണത സമീപഭാവിയില്‍ വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു.
എന്‍ട്രി ലെവല്‍ വരുമാനമുള്ളവര്‍ ഉയര്‍ന്ന വരുമാനമുള്ളവരുടെ സ്ഥാനത്തേക്ക് എത്തിയപ്പോള്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടിയുള്ള ചെലവഴിക്കല്‍ 29ല്‍ നിന്ന് 33 ശതമാനമായി വര്‍ധിച്ചു. നിര്‍ബന്ധിത ചെലവുകള്‍ എന്‍ട്രി ലെവല്‍ വരുമാനക്കാര്‍ക്ക് 34 ശതമാനവും ഉയര്‍ന്ന വരുമാനക്കാര്‍ക്ക് 45 ശതമാനമായും ഉയരുന്നുണ്ട്. ശരാശരി ശമ്പളമുള്ള വ്യക്തികള്‍ വരുമാനത്തിന്റെ 34–45 ശതമാനവും നിര്‍ബന്ധിത ചെലവുകള്‍ക്കായി നീക്കിവയ്ക്കുന്നു. 22–44 ശതമാനം അവശ്യവസ്തക്കള്‍ക്കായി മാറ്റിവയ്ക്കുന്നതായും പഠനം വ്യക്തമാക്കുന്നു. രാജ്യത്ത് പണപ്പെരുപ്പവും ഭക്ഷ്യ വിലപ്പെരുപ്പവും ക്രമാതീതമായി ഉയരുന്ന അവസരത്തിലാണ് പൗരന്മാര്‍ ശമ്പളത്തിന്റെ മുക്കാല്‍ പങ്കും ഇഎംഐക്കായി ചെലവഴിക്കുന്നതായി ചൂണ്ടിക്കാട്ടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.