11 January 2026, Sunday

വായ്പാ തട്ടിപ്പ്: വീഡിയോകോണ്‍ സിഇഒ വേണുഗോപാൽ ധൂതിന് ജാമ്യം

Janayugom Webdesk
ന്യൂഡൽഹി
January 20, 2023 2:29 pm

ഐസിഐസിഐ‑വീഡിയോകോണ്‍ ബാങ്ക് തട്ടിപ്പുകേസില്‍ വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂതിന് ബോംബെ ഹൈക്കോടതി ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചു. ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും ഇതേ കേസിൽ അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് ധൂത് അറസ്റ്റിലായത്.

3,250 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിലാണ് ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പികെ ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയാണ് ജാമ്യത്തുക.

അന്വേഷണ ഏജൻസിക്ക് അപ്പീലിൽ സുപ്രീം കോടതിയെ സമീപിക്കാൻ കഴിയുന്ന തരത്തിൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സിബിഐയുടെ അപേക്ഷയും കോടതി നിരസിച്ചു. വിഷയത്തിൽ ഇടപെടണമെന്നും കൊച്ചാർമാർക്ക് ജാമ്യം അനുവദിച്ച മുൻ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയും കോടതി തള്ളി. 25,000 രൂപയാണ് അഭിഭാഷകനെതിരെ ബെഞ്ച് വിധിച്ചത് .

ജനുവരി 10ന് ഇതേ ബെഞ്ച് കൊച്ചാർ ദമ്പതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെ തുടർന്ന് ധൂത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2022 ഡിസംബർ 23 നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി സഹകരിക്കുന്നതിനാൽ തന്റെ അറസ്റ്റ് അനാവശ്യമാണെന്ന് ധൂത് വാദിച്ചു. അതേസമയം അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് സിബിഐ വാദിച്ചു. 59 കാരിയായ ചന്ദ കൊച്ചാർ 2018 ഒക്ടോബറിൽ ഐസിഐസിഐ ബാങ്കിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറും സ്ഥാനവും രാജിവച്ചിരുന്നു.

Eng­lish Sum­ma­ry: Loan scam: Video­con CEO Venu­gopal Dhoot grant­ed bail

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.