
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ സ്ഥാനമേറ്റതോടെ അവർക്ക് മുന്നിൽ പുതിയ ഉത്തരവാദിത്തങ്ങളാണുള്ളത്.
ശാസ്ത്രീയമായ സർവേയിലൂടെ കണ്ടെത്തിയ അതിദരിദ്രരെ ഓരോ ആവശ്യങ്ങളും നിർണയിച്ച് മൈക്രോ പ്ലാനുകൾ തയ്യാറാക്കി അതിദാരിദ്ര്യ നിർമ്മാർജനം സമയബന്ധിതമായി സാധ്യമാക്കാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ ഭരണ സമിതികളുടെ ചുമതല കൂടുതൽ വിപുലമാണ്. അതിദാരിദ്ര്യ മുക്തരായവർ തിരികെ അതിദാരിദ്ര്യത്തിലേക്ക് പോകരുത്. പലകാരണങ്ങളാൽ അതിദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്ന ആൾക്കാരെ അതിൽ നിന്നും മുക്തരാക്കണം. ഈ പ്രക്രിയ നിരന്തരം സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. അതിനായുള്ള ഇപിഇപി 2.0 പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഏറ്റെടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യ മുക്തം നവകേരളം പദ്ധതിയിലൂടെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനം എന്ന നിലയിലേക്ക് സമീപനത്തിലും പശ്ചാത്തല സൗകര്യങ്ങളിലും നാം മുന്നോട്ട് പോയിട്ടുണ്ട്. പ്രാദേശിക സർക്കാരുകളുടെ അനിവാര്യ ചുമതല കൂടിയാണ് ഈ മേഖല. ഇതിലെ നേട്ടങ്ങൾ നിലനിർത്തുന്നതിനും കൂടുതൽ മുന്നോട്ട് പോകുന്നതിനും നിതാന്ത പരിശ്രമം ആവശ്യമാണ്. ഭാവി ഉറപ്പുള്ളതാക്കാൻ നാട് മാലിന്യ മുക്തമാകേണ്ടതുണ്ട്. ആ ചുമതല എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൂർണമായും ഏറ്റെടുക്കണം.
ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകും. ‘പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വോളണ്ടിയർമാരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് സാർവത്രികമായ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നതിന് കേരള കെയർ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ആ രംഗത്തും സമർപ്പണ ബോധത്തോടെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർലമെന്റിൽ നിന്നും നിയമസഭയിൽ നിന്നും വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത് ഭരണ സമിതികളാണ്. ഭരണപക്ഷവും പ്രതിപക്ഷവുമില്ല. ഓരോ അംഗവും വിവിധ വിഷയങ്ങളിൽ ഭരണ നിർവഹണം നടത്തുന്ന ഏതെങ്കിലുമൊരു സ്റ്റാന്റിങ് കമ്മിറ്റിയിൽ അംഗമാണ്. എല്ലാ തീരുമാനങ്ങളുമെടുക്കുന്നതും നിർവഹണം നടത്തുന്നതും ഭരണസമിതികളാണ്. അതിനാൽ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വിശാല താല്പര്യം മുൻനിർത്തി കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി എല്ലാ ജനപ്രതിനിധികൾക്കും യോജിച്ച് പ്രവർത്തിക്കാൻ കഴിയും. അതിന് തയ്യാറാകണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.