11 February 2026, Wednesday

Related news

February 8, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
January 8, 2026
December 2, 2025
November 11, 2025
September 16, 2025
August 13, 2025

സേവനം മെച്ചപ്പെടുത്തുന്നതിന് തദ്ദേശ വകുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
ആലപ്പുഴ
August 23, 2024 9:38 am

ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ചട്ടങ്ങളിലെ അവ്യക്തത പരിഹരിച്ച് വ്യക്തത വരുത്തലാണ് ഈ ഭേദഗതികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് സേവനം നിഷേധിക്കുന്ന തരത്തിൽ ചട്ടങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കുന്നത് ഒഴിവാക്കി മെച്ചപ്പെട്ട സേവനം നൽകാൻ ഇതോടെ സാധിക്കും. അദാലത്തുകൾ അതിനുള്ള വേദികളാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം എസ് ഡി വി സെന്റിനറി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വ്യക്തിഗത പരാതികളിൽ തീർപ്പുണ്ടാക്കുന്നത് മാത്രമല്ല, അവ തീർപ്പാക്കുന്നത് പലതും പൊതു തീരുമാനങ്ങളിലേക്ക് നയിക്കുമെന്നതാണ് അദാലത്തിന്റെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ നാല് അദാലത്തിലും 85- 90 ശതമാനം പരാതികളും പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. തിരുവനന്തപുരത്ത് ലഭിച്ച 1285 പരാതികളിൽ 1141 പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. 89 ശതമാനമാണ് അനുകൂല തീരുമാനം. ഈ അദാലത്തോടുകൂടി കുടിശ്ശികയായുള്ള മുഴുവൻ പരാതികളും പരിഹരിക്കുകയും ഇനിയൊരു അദാലത്ത് നടത്തേണ്ടതില്ലാത്ത വിധം കാര്യക്ഷമമായി പരാതികൾ അപ്പപ്പോൾ തീർപ്പാക്കി പോകുകയും ചെയ്യുന്ന സംവിധാനം കാര്യക്ഷമമാക്കുകയമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
2022- 24 ഓഗസ്റ്റ് വരെ ഐ എൽജിഎംഎസ് സംവിധാനം വഴി പഞ്ചായത്തുകളിൽ മാത്രം കൈകാര്യം ചെയ്തത് 1.88 കോടി ഫയലുകളാണ്. അതിൻ 93.5 ശതമാനം പരിഹരിച്ചു. 6.5 ശതമാനത്തിന്റെ കുടിശികയാണുള്ളത്. ഏതാണ്ട് 10 ലക്ഷത്തോളം. കഴിഞ്ഞ ഒരു വർഷത്തെ കേസ് കൈകാര്യം ചെയ്ത ഫയലുകൾ 18 ലക്ഷത്തിലധികമാണ്. 76 ശതമാനം തീർപ്പാക്കി. ഈ പരാതികൾ തീർപ്പാക്കുന്നതിനാണ് താലൂക്ക്, ജില്ലാ, സംസ്ഥാന സ്ഥിരം അദാലത്ത് സംവിധാനം ആരംഭിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരാണ് സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ. എന്നാൽ, ജനവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ചടങ്ങിൽ പിപി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എംഎൽഎ മാരായ എച്ച് സലാം, ദലീമ ജോജോ, യു പ്രതിഭ, തോമസ് കെ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ല കളക്ടർ അലക്സ് വർഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാബശിവ റാവു, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് വൈസ് പ്രസിഡന്റ് ഷെർളി ഭാർഗവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി പി സംഗീത, അർബൻ അഫേഴ്സ് വകുപ്പ് ഡയറക്ടർ സൂരജ് ഷാജി, കൗൺസിലർ കെ ബാബു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.