14 January 2026, Wednesday

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭാവി വികസനതന്ത്രവും

ഡോ. കെ പി വിപിന്‍ ചന്ദ്രന്‍
January 2, 2026 4:15 am

ക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്ത സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കാനായി ഇനി അഞ്ച് വർഷം മാത്രം ശേഷിക്കെയാണ് പുതിയ തദ്ദേശ സ്വയംഭരണ സമിതികൾ അധികാരത്തിലെത്തുന്നത്. അതിനാൽ പുതിയ പ്രാദേശിക സർക്കാരുകളുടെ ഭരണകാലം പ്രാദേശികതലത്തിൽ എസ്ഡിജികള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള അപൂർവ അവസരമാണ് സൃഷ്ടിക്കുന്നത്. ഇതിനായി ഓരോ തദ്ദേശ സ്ഥാപനവും 2025–30 കാലയളവിലേക്ക് പ്രത്യേക സുസ്ഥിര വികസന കർമ്മരേഖ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിന് മുൻഗണന നൽകുന്ന ഒരു ‘പുതിയ കേരള ബദൽ’ ആണ് വിഭാവനം ചെയ്യേണ്ടത്. നൈപുണ്യ വികസനം, നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള കാർഷിക നവീകരണം, കാലാവസ്ഥാ പ്രതിരോധം എന്നിവയിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സ്വയംപര്യാപ്തമാക്കാൻ സാധിക്കും. ‘ആരെയും പിന്നിലാക്കരുത്’ എന്ന സുസ്ഥിര വികസനത്തിന്റെ കാതലായ തത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിജിറ്റൽ ഗവേണൻസും ജനപങ്കാളിത്തവും സമന്വയിപ്പിക്കാൻ കേരളത്തിലെ തദ്ദേശ ഭരണകൂടങ്ങൾക്ക് ലഭിച്ച സുവർണാവസരമാണിത്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം എന്നത് കേവലം ഒരു ഔദ്യോഗിക നടപടിയല്ല, മറിച്ച് ആഗോള ലക്ഷ്യങ്ങളെ ഗ്രാമീണതലത്തിലെ യാഥാർത്ഥ്യങ്ങളുമായി വിളക്കിച്ചേർക്കുന്ന വികസന തന്ത്രമാണ്. ഓരോ തദ്ദേശ സ്ഥാപനവും തങ്ങളുടെ വാർഷിക പദ്ധതികളിൽ ഈ 17 ആഗോള ലക്ഷ്യങ്ങളെ ഉൾച്ചേർക്കുമ്പോൾ, അത് നാടിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കും. പൂർണമായ ദാരിദ്ര്യ നിർമ്മാർജനത്തിനായി ഓരോ കുടുംബത്തിന്റെയും പ്രത്യേക സാഹചര്യം വിശകലനം ചെയ്ത് തയ്യാറാക്കുന്ന ‘മൈക്രോ പ്ലാനുകൾ’ ഇതിന്റെ മികച്ച ഉദാഹരണമാണ്. കേവലം സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതിന് പകരം, പോഷകാഹാരം, സുരക്ഷിതമായ പാർപ്പിടം, മെച്ചപ്പെട്ട ഉപജീവനമാർഗങ്ങൾ എന്നിവ ഉറപ്പാക്കി പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രാദേശിക സർക്കാരുകളുടെ പ്രഥമ കടമ.
ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെ ആധുനിക കാലത്തിനനുസരിച്ച് നവീകരിക്കേണ്ടത് അനിവാര്യമാണ്. സ്ത്രീ ശാക്തീകരണവും പ്രാദേശിക സാമ്പത്തിക വളർച്ചയും ത മ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിഞ്ഞുകൊണ്ടുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ആധുനിക ഡിജിറ്റൽ സേവനങ്ങളിലേക്കും ചെറുകിട വ്യവസായ യൂണിറ്റുകളിലേക്കും നയിക്കേണ്ടതുണ്ട്. ഇത് ലിംഗനീതി ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും. 

പ്രാദേശിക ഭരണകൂടങ്ങൾ സജീവമായ സാമ്പത്തിക വികസന ഏജൻസികളായി മാറേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളുടെ കുടിയേറ്റം തടയാൻ വാർഡ് തലത്തിൽ സ്കില്ലിങ് സെന്ററുകളും ബിസിനസ് ഇൻക്യൂബേഷൻ യൂണിറ്റുകളും ആരംഭിക്കണം. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക മേഖലകളിൽ പരിശീലനം നൽകുന്നതിലൂടെ പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കും പുതിയ തൊഴിലവസരങ്ങൾക്കും വഴിയൊരുക്കാം. കൃഷിയെയും ടൂറിസത്തെയും നവീനമായ രീതിയിൽ പുനരാവിഷ്കരിക്കണം. ഡ്രോണുകൾ, എഐ അധിഷ്ഠിത രോഗനിർണയം തുടങ്ങിയ സ്മാർട്ട് കൃഷി രീതികൾ കാർഷിക മേഖലയെ ലാഭകരമാക്കും. ഉത്തരവാദിത്ത ടൂറിസം, ഹോംസ്റ്റേകൾ, അഗ്രി-ടൂറിസം എന്നിവയിലൂടെ പരിസ്ഥിതി സൗഹൃദമായ വരുമാന മാർഗങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാം. സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കായി വിഭവ മാപ്പിങ് നടത്തി മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ഏകജാലക സംരംഭക സെല്ലുകൾ വാണിജ്യ ലൈസൻസുകൾ വേഗത്തിലാക്കുകയും ‘പഞ്ചായത്ത് ബ്രാൻഡ്’ വഴി വിപണനം ഉറപ്പാക്കുകയും വേണം. കോ-വർക്കിങ് സ്പേസുകളും സഹകരണ യൂണിറ്റുകളും സ്ഥാപിച്ച് ലാഭം താഴെത്തട്ടിലേക്ക് എത്തിക്കുന്നതിലൂടെ കുടിയേറ്റം കുറഞ്ഞ സുസ്ഥിരമായ ഒരു പ്രാദേശിക സാമ്പത്തിക മാതൃക കെട്ടിപ്പടുക്കാം. ഭരണനിർവഹണത്തിനൊപ്പം ശാസ്ത്രീയമായ വികസന ആസൂത്രണത്തിന് ഭൗമ വിവര സംവിധാനങ്ങൾ വലിയ പിന്തുണ നൽകുന്നു. ഓരോ പഞ്ചായത്തിലെയും ഭൂപ്രകൃതി, ജലസ്രോതസുകൾ, റോഡ് ശൃംഖലകൾ, പൊതുസ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ എന്നിവ ഡിജിറ്റൽ മാപ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിലൂടെ വിഭവങ്ങളുടെ കൃത്യമായ വിതരണവും ഉപയോഗവും സാധ്യമാകും. ഡിജിറ്റൽ സേവനങ്ങൾ സാർവത്രികമാക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഡിജിറ്റൽ വിടവ് നികത്താനും തദ്ദേശ ഭരണകൂടങ്ങൾ സജീവമായി ഇടപെടണം. സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാൻ പ്രയാസമനുഭവിക്കുന്ന വയോജനങ്ങൾക്കും സാധാരണക്കാർക്കും അക്ഷയ കേന്ദ്രങ്ങൾ വഴിയോ പ്രത്യേക ഹെല്പ് ഡെസ്കുകൾ വഴിയോ സേവനങ്ങൾ ഉറപ്പാക്കണം. ആധുനിക സാങ്കേതികവിദ്യയും പ്രാദേശിക വിജ്ഞാനവും സംയോജിപ്പിക്കുന്നതിലൂടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവും ജനകീയവുമാക്കാൻ സാധിക്കും. 

കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ അടിമുടി മാറ്റിയിരിക്കുകയാണ്. തദ്ദേശ ഭരണകൂടങ്ങള്‍ കേവലം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ, ശാസ്ത്രീയമായ കാലാവസ്ഥാ പ്രതിരോധ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓരോ വാർഡിലെയും ഭൂപ്രകൃതിയും അപകടസാധ്യതകളും മുൻകൂട്ടി വിലയിരുത്തിക്കൊണ്ട് പ്രാദേശികമായ ദുരന്തനിവാരണ സേനകൾ രൂപീകരിക്കുകയും, മുൻകരുതൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ജീവനും സ്വത്തും സംരക്ഷിക്കാൻ സഹായിക്കും.
മാലിന്യസംസ്കരണം പരിസ്ഥിതി സംരക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം എന്ന മുദ്രാവാക്യം അർത്ഥവത്താക്കാൻ ഓരോ വീട്ടിലും ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കണം. ഹരിതകർമ്മസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിക്കാനും പുനരുപയോഗം ഉറപ്പാക്കാനും സാധിക്കും. മാലിന്യത്തിൽ നിന്ന് ഊർജമോ വളമോ ഉല്പാദിപ്പിക്കുന്ന ‘മാലിന്യത്തിൽ നിന്ന് സമ്പത്ത്’ എന്ന മാതൃക തദ്ദേശ തലത്തിൽ വളർത്തിയെടുത്താല്‍ ശുചിത്വവും സാമ്പത്തിക ലാഭവും ഒരുപോലെ കൈവരിക്കാം. ജലസംരക്ഷണവും മഴവെള്ള സംഭരണവും കാലാവസ്ഥാ ആസൂത്രണത്തിന്റെ സുപ്രധാന ഭാഗങ്ങളാണ്. വാർഡ് തലത്തിൽ നിലവിലുള്ള ജലസ്രോതസുകൾ വീണ്ടെടുക്കുകയും തോടുകളും കുളങ്ങളും നവീകരിച്ച് സ്വാഭാവിക നീരൊഴുക്ക് ഉറപ്പാക്കുകയും വേണം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ആപ്തവാക്യമായ ‘ആരെയും പിന്നിലാക്കരുത്’ എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് കേരളത്തിലെ തദ്ദേശഭരണകൂടങ്ങളുടെ വികസന നയത്തിന്റെ അടിസ്ഥാനശിലയായി മാറേണ്ടതുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടവർ, ഭിന്നശേഷിക്കാർ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് വികസനത്തിന്റെ ഗുണഫലങ്ങൾ തുല്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി ഓരോ പ്രദേശത്തെയും അർഹരായവരെ കണ്ടെത്താൻ സാമൂഹിക ഓഡിറ്റിങ്ങും കൃത്യമായ വിവരശേഖരണവും നടത്തണം. 

വർധിച്ചുവരുന്ന വയോജനസംഖ്യയെ ഉൾക്കൊള്ളാൻ സവിശേഷമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഏകാന്തതയും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്കായി വാർഡ് തലത്തിൽ ‘പകൽവീടുകൾ’ അല്ലെങ്കിൽ കമ്യൂണിറ്റി കെയർ സെന്ററുകൾ ആരംഭിക്കണം. അവർക്ക് പരസ്പരം സംവദിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമൊരുക്കുന്നതോടൊപ്പം, പാലിയേറ്റീവ് കെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് പതിവ് ആരോഗ്യ പരിശോധനകളും പോഷകാഹാര ലഭ്യതയും ഉറപ്പാക്കണം. വയോജന സൗഹൃദ ഗ്രാമങ്ങൾ/നഗരങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് ഭാവി കേരളത്തിന്റെ വികസനത്തിൽ നിർണായകമാണ്.
വികസന പ്രക്രിയയിൽ ജനങ്ങളെ നേരിട്ട് പങ്കാളികളാക്കുന്ന ‘പങ്കാളിത്ത ബജറ്റിങ്’ രീതി ശക്തിപ്പെടുത്തുന്നത് ഭരണത്തിൽ കൂടുതൽ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവരും. പ്രദേശത്തിന്റെ മുൻഗണനകൾ നിശ്ചയിക്കാനും ഫണ്ട് വിനിയോഗം നിരീക്ഷിക്കാനും ജനങ്ങൾക്ക് അധികാരം നൽകണം. പദ്ധതികളുടെ ആസൂത്രണം മുതൽ പൂർത്തീകരണം വരെയുള്ള ഘട്ടങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ അഴിമതി കുറയ്ക്കാനും ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഹരിക്കാനും സാധിക്കും. ഡിജിറ്റൽ ഡാഷ്ബോർഡുകൾ വഴി പദ്ധതി പുരോഗതി ജനങ്ങളിലേക്ക് എത്തിക്കുന്നത് ഈ ജനാധിപത്യ പ്രക്രിയയെ കൂടുതൽ കരുത്തുറ്റതാക്കും. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പാരമ്പര്യം പേറുന്ന ഈ സ്ഥാപനങ്ങൾക്ക് ഇനി വരുന്ന നിർണായകമായ അഞ്ച് വർഷം വെറും ഭരണനിർവഹണ സ്ഥാപനങ്ങളായി ഒതുങ്ങാൻ കഴിയില്ല. മറിച്ച്, ദീർഘകാല വികസന കാഴ്ചപ്പാടോടെയുള്ള പങ്കാളിത്തപരവും ഉത്തരവാദിത്തബോധമുള്ളതുമായ ഒരു ഭരണനിർവഹണം കാഴ്ചവയ്ക്കാൻ സാധിക്കണം. സുതാര്യതയും ജനകീയ പങ്കാളിത്തവും കൈമുതലാക്കിക്കൊണ്ട് ഭാവി തലമുറയ്ക്കായി ഒരു ‘സുസ്ഥിര കേരളം’ കെട്ടിപ്പടുക്കാൻ ഈ സുവർണാവസരം എല്ലാ പ്രാദേശിക സർക്കാരുകളും പ്രയോജനപ്പെടുത്തണം. 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.