രാജ്യത്ത് വിധി നിര്‍ണായകമാകുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഏഴു ഘട്ടമായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26ന് കേരളം വിധിയെഴുതും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. പൊതു തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ഒന്നാം ഘട്ടം ഏപ്രില്‍ 19 നാണ് നടക്കുക. 21 സംസ്ഥാനങ്ങളിലായി 102 പാര്‍ലമെന്റ് സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഏപ്രില്‍ 26ന് രണ്ടാം ഘട്ടം കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കുള്ളതാണ്. മേയ് ഏഴിന് മൂന്നാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധി രേഖപ്പെടുത്തും. മേയ് 13ന് നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. അഞ്ചാം ഘട്ടമായ മേയ് 20ന് എട്ട് സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്കും മേയ് 25ന് ആറാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലും വോട്ടിങ് നടക്കും. ജൂണ്‍ ഒന്നിന് അവസാന ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ആകെ 543 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഒന്നാം ഘട്ട വിജ്ഞാപനം ഈ മാസം 20ന് പുറപ്പെടുവിക്കും. കേരളത്തിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ഈ മാസം 28ന് തുടങ്ങി ഏപ്രില്‍ നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന്. പിന്‍വലിക്കാനുള്ള അവസാന തീയതി എട്ടിനാണ്.
ആന്ധ്രാപ്രദേശിലെ 175 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിലാണ് നടക്കുക, ഒഡിഷയില്‍ നാലുഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ആകെ മണ്ഡലങ്ങള്‍ 147. സിക്കിമിലെ 32 മണ്ഡലങ്ങളിലേക്കും അരുണാചല്‍ പ്രദേശിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പും ഒന്നാം ഘട്ടത്തില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും പൊതു തെരഞ്ഞെടുപ്പിനൊപ്പം പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വിഗ്യാന്‍ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. പുതുതായി ചുമതലയേറ്റ കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും പങ്കെടുത്തു. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16നാണ് അവസാനിക്കുക. ജൂണ്‍ ആറിനുള്ളില്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളും പൂര്‍ത്തിയാകുമെന്നും കമ്മിഷന്‍ അറിയിച്ചു.
updating.…
English Summary:Lok Sabha Elections; Polling in Kerala on April 26, counting of votes on June 4
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.