18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

March 27, 2024
February 15, 2024
January 19, 2024
January 17, 2024
December 18, 2023
December 15, 2023
December 11, 2023
December 10, 2023
December 9, 2023
December 8, 2023

ഭരണ‑പ്രതിപക്ഷ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു; മഹുവയ്ക്കെതിരെ റിപ്പോര്‍ട്ട് ഇന്ന് സഭയില്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
December 8, 2023 8:56 am

പാര്‍ലമെന്റില്‍ ഭരണ‑പ്രതിപക്ഷ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. ചോദ്യത്തിന് കോഴ വിവാദത്തില്‍ ടിഎംസി അംഗം മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ സമര്‍പ്പിച്ചേക്കും. മഹുവയ്ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ലമെന്ററി എത്തിക്സ് കമ്മിറ്റി തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചിരുന്നു. മഹുവയെ സഭയില്‍ നിന്നും പുറത്താക്കണമെന്നാണ് ബിജെപിക്ക് പ്രാമുഖ്യമുള്ള സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശം. മുന്‍കൂട്ടി നിശ്ചയിച്ച തിരകഥയാണ് റിപ്പോര്‍ട്ടിലെന്ന് ചൂണ്ടിക്കാട്ടി സമിതിയിലെ നാല് പ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടിനോട് വിയോജിപ്പ് അറിയിച്ചു.

സമിതിയിലെ ആറ് ബിജെപി അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതോടെ സമിതി റിപ്പോര്‍ട്ട് ഭൂരിപക്ഷ പിന്‍ബലത്തില്‍ അംഗീകരിക്കപ്പെടുകയാണുണ്ടായത്. റിപ്പോര്‍ട്ട് ഇന്ന് എത്തിക്‌സ് കമ്മിറ്റി ലോക്‌സഭയില്‍ സമര്‍പ്പിച്ചാല്‍ മഹുവയെ പുറത്താക്കാന്‍ സഭ തീരുമാനമെടുക്കും. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് റിപ്പോര്‍ട്ട് കാരണമാകുമെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന വിലയിരുത്തലില്‍ ബിജെപി ഇന്ന് സഭയില്‍ ഹാജരുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ക്ക് വിപ്പ് നല്‍കി.

സമാനമായ നിലപാട് ഭരണ പ്രതിപക്ഷങ്ങള്‍ സ്വീകരിച്ചാല്‍ ശൈത്യകാല സമ്മേളനം ചൂടേറിയതാകും. എംപിമാര്‍ക്ക് സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ നല്‍കുന്ന ഇ മെയിലിന്റെ ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് മഹുവ കൈമാറിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിലൂടെ മഹുവയ്ക്ക് വിവിധ തരത്തില്‍ നേട്ടങ്ങള്‍ ഉണ്ടായെന്നാണ് എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തല്‍. കേന്ദ്ര യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍ 2023 സഭ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ പാസാക്കി. വളര്‍ച്ചാ തോത് കണക്കിലെടുത്താല്‍ വരുന്ന എട്ടു വര്‍ഷംകൊണ്ട് ഇന്ത്യ അഞ്ചാമത്തെ ആഗോള സാമ്പത്തിക ശക്തിയായി മാറുമെന്ന് രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍കള്‍ക്കുള്ള മറുപടിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവകാശപ്പെട്ടു.

സമ്പൂര്‍ണ ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ട് : നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കുന്ന മോഡി സര്‍ക്കാര്‍ വരുന്ന വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റാകും അവതരിപ്പിക്കുകയെന്നും അവര്‍ പറഞ്ഞു. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഗ്ലോബല്‍ ഇക്കണോമിക് പോളിസി ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ബ്രിട്ടീഷ് പാരമ്പര്യ പ്രകാരം വോട്ട് ഓണ്‍ അക്കൗണ്ടാകും ഫെബ്രുവരി ഒന്നിന് ഉണ്ടാകുക. അതിനാല്‍ തന്നെ ഗംഭീര തീരുമാനങ്ങളൊന്നും ബജറ്റില്‍ പ്രതീക്ഷിക്കേണ്ടതില്ല. പൊതു തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലേറുന്ന പുതിയ സര്‍ക്കാര്‍ ജൂലൈയിലാകും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയെന്നും മന്ത്രി യോഗത്തെ അറിയിച്ചു.

Eng­lish Sum­ma­ry: Lok Sab­ha ethics com­mit­tee report on Mahua Moitra to be tabled today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.