16 January 2026, Friday

Related news

December 18, 2025
December 6, 2025
July 28, 2025
July 21, 2025
March 14, 2025
December 17, 2024
December 14, 2024
December 13, 2024
November 25, 2024
July 14, 2024

ലോക്‌സഭ: അവിശ്വാസ പ്രമേയത്തിന് അനുമതി; പ്രതിപക്ഷ വിജയം

മോഡി മറുപടി പറയണം
ഇന്ത്യയിലെ 28-ാം അവിശ്വാസ പ്രമേയം
പ്രധാനമന്ത്രിയുടെ മൗനവും രാഷ്ട്രീയവും 
ഇഴകീറി ചര്‍ച്ചയാകും
പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു
റെജി കുര്യന്‍
ന്യൂഡല്‍ഹി
July 26, 2023 11:01 pm

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് വിജയം. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് ലോക്‌സഭാ സ്പീക്കറുടെ അനുമതി. വിഷയത്തില്‍ സഭയില്‍ വാ തുറക്കില്ലെന്ന പ്രധാനമന്ത്രിയുടെ നരേന്ദ്ര മോഡിയുടെ നിലപാടിനെ ഇതിലൂടെ പ്രതിപക്ഷം പരാജയപ്പെടുത്തി. അസമിൽനിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് 50 പേരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. സ്വതന്ത്ര ഇന്ത്യയില്‍ ഭരണകക്ഷിക്കെതിരെയുള്ള 28-ാം അവിശ്വാസ പ്രമേയമാണ് നടക്കാന്‍ പോകുന്നത്. സഭയിൽ മണിപ്പൂർ കലാപം ചർച്ചചെയ്യാനും മറുപടി പറയാൻ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കാനും അവിശ്വാസ പ്രമേയത്തിലൂടെ സാധിക്കും. വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം സമ്മേളനം തുടങ്ങിയപ്പോൾ മുതൽ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ കലാപത്തില്‍ ബിജെപിയും സംസ്ഥാന‑കേന്ദ്ര സര്‍ക്കാരുകളും നടത്തുന്ന ഒളിച്ചുകളി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്ത് എത്തിയപ്പോഴും സര്‍ക്കാര്‍ മൗനം തുടരുകയായിരുന്നു. പ്രതിപക്ഷ ആവശ്യത്തെ തളയ്ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം നല്‍കിയ നോട്ടീസുകള്‍ക്ക് സഭയില്‍ അംഗീകാരം ലഭിച്ചതും ഈ പശ്ചാത്തലത്തിലാണ്. തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധത വ്യക്തമാക്കിയ സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് പുതുതായി രൂപീകൃതമായ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മോഡിയെ കൊണ്ട് സഭയില്‍ പ്രസ്താവന നടത്തിക്കുക, ശേഷം സഭയില്‍ ചര്‍ച്ച ചെയ്യാം എന്ന ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. അവിശ്വാസ പ്രമേയം ഭൂരിപക്ഷ വോട്ടിനിട്ട് ലോക്‌സഭ തള്ളിയാലും അവിശ്വാസ ചര്‍ച്ചയില്‍ മണിപ്പൂര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തിന് അവസരം ലഭിക്കും. കലാപത്തില്‍ മോഡി സ്വീകരിച്ച മൗനവും അതിനു പിന്നിലെ രാഷ്ട്രീയവും സഭയില്‍ ഇഴകീറി ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചര്‍ച്ചക്കുള്ള സമയം പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം തീര്‍ത്തതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു. രാവിലെ സമ്മേളിച്ച ലോക്‌സഭ ആദ്യം 12 വരെയും പിന്നീട് ഉച്ചതിരിഞ്ഞ് രണ്ടു വരെയും നിര്‍ത്തി വച്ചു. ഇതിനിടെ ചോദ്യവേള മുന്നോട്ടു കൊണ്ടുപോകാന്‍ സ്പീക്കര്‍ നടത്തിയ നീക്കവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. രണ്ടിന് ചേര്‍ന്ന സഭ വന സംരക്ഷണ ഭേദഗതി ബില്‍ പാസാക്കി ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സമ്മേളിച്ച രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കിയ വിഷയം ഡിഎംകെ അംഗം തിരുച്ചി ശിവ ഉന്നയിച്ചു. മൈക്ക് ഓഫാക്കിയില്ലെന്ന ചെയറിന്റെ വാദം അംഗീകരിക്കാന്‍ പ്രതിപക്ഷം വിസമ്മതിച്ചു. തന്നെ അപമാനിച്ചെന്നും തന്റെ വിശ്വാസ്യത ചോദ്യം ചെയ്‌തെന്നും ഖാര്‍ഗെ പറഞ്ഞതോടെ രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. പ്രതിഷേധം കനത്തതോടെ 12 വരെ സഭാ നടപടികള്‍ നിര്‍ത്തി വച്ചു. ഉച്ചതിരിഞ്ഞ് സമ്മേളിച്ച സഭ ഹിമാചലിലെ ഹത്തി വിഭാഗത്തിന് എ‌സ‌്ടി പദവി നല്‍കാനുള്ള ബില്‍ പാസാക്കി ഇന്നത്തേക്ക് പിരിഞ്ഞു.

eng­lish summary;Lok Sab­ha: No-con­fi­dence motion approved; Oppo­si­tion victory

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.