28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

June 15, 2024
June 14, 2024
June 14, 2024
June 13, 2024
May 7, 2024
June 11, 2023
June 11, 2023
June 23, 2022
June 18, 2022
June 18, 2022

ലോകകേരള സഭ ഇന്നും നാളെയും; സമ്മേളനം രാത്രിയിലും തുടരും

Janayugom Webdesk
തിരുവനന്തപുരം
June 14, 2024 8:00 am

ഇന്നും നാളെയുമായി നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിലാണ് നിയമസഭാ സമുച്ചയത്തിൽ രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടനചടങ്ങ് മാറ്റിയത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകും. ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോകകേരള സഭയുടെ നാലാം സമ്മേളനം നടക്കുന്നത്. കുവൈറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും സമ്മേളനം ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിൽ ലോകകേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമർപ്പിക്കും. ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

ഏഴു മേഖലകളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും പ്രവാസികളുമായി ബന്ധപ്പെട്ട എട്ടു വിഷയങ്ങളുമാകും ഇത്തവണത്തെ ലോകകേരള സഭ ചർച്ച ചെയ്യുക. 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾക്കു പുറമേ ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. പാർലമെന്റ്, നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്.

എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം — നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും, നവ തൊഴിലവസരങ്ങളും നൈപുണ്യവികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ, കേരള വികസനം-നവ മാതൃകകൾ, വിദേശരാജ്യങ്ങളിലെ മാറുന്ന തൊഴിൽ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിവയാണു നാലാം ലോക കേരള സഭയുടെ ചർച്ചാ വിഷയങ്ങൾ. ഗൾഫ്, ഏഷ്യ പസഫിക്, യൂറോപ്പ് ആന്റ് യുകെ, അമേരിക്ക, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, തിരികെയെത്തിയ പ്രവാസികൾ എന്നിവയാണ് മേഖലാ വിഷയങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.