20 June 2024, Thursday

Related news

June 15, 2024
June 14, 2024
June 14, 2024
June 13, 2024
May 7, 2024
June 11, 2023
June 11, 2023
June 23, 2022
June 18, 2022
June 18, 2022

പുതുകൈരളിക്കൊരു ആഗോള മലയാളി സംഗമം

ഇ ടി ടൈസൺ (എംഎല്‍എ)
June 15, 2024 4:45 am

മലയാളിസമൂഹവും സംസ്കാരവും ലോകമാകെ വ്യാപിക്കുകയാണ്. കേരളത്തിന് പുറത്തുള്ള മലയാളികളുടെ സജീവപങ്കാളിത്തം ജനാധിപത്യ പ്രക്രിയയിൽ ഉപയോ​ഗിച്ചാൽ മാത്രമേ യഥാർത്ഥ വികസനത്തിലേക്കെത്താൻ സംസ്ഥാനത്തിനു കഴിയൂ. കേരളത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന പ്രവാസികൾക്ക് വേണ്ടി തീർച്ചയായും ചിലത് ചെയ്യേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാര്‍ കരുതുന്നു. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുണ്ടായ പ്രേരണ. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയാണ് ലോക കേരളസഭ. പ്രവാസികളുടെ ആശങ്കകളും ആശയങ്ങളും അറിവും അനുഭവസമ്പത്തും വിപുലമായി പങ്കുവയ്ക്കുകയും പരസ്പരം പ്രയോജനപ്രദവുമാക്കി തീർക്കുന്ന കൂട്ടായ്മയാണിത്. ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് തലസ്ഥാനം സാക്ഷിയാവുകയാണ്. ലോകകേരള സഭയിൽ 351 അംഗങ്ങളാണുള്ളത്. സംസ്ഥാന നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളുമായി 169 പേരും 182 പ്രവാസികളും അടങ്ങുന്നതാണ് സഭ. പ്രവാസികളിൽ ഇന്ത്യക്ക് പുറത്തുള്ളവർ 104 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് 36 പേരും തിരിച്ചെത്തിയ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ പ്രമുഖരടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാകും. പൗരത്വമുള്ളവർക്ക് മാത്രമായി ലോക കേരളസഭാ അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗരന്മാരല്ലാത്ത കേരളീയരെയും മറ്റു നിലകളിൽ സഭയുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ അവസരം ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെയും പ്രവാസികളുടെയും പ്രയോജനത്തിനായി തീരുമാനിക്കപ്പെടുന്ന ധാരണകൾ സര്‍ക്കാര്‍ ഓരോന്നായി നടപ്പിലാക്കി വരുന്നു. മറ്റ് സംസ്ഥാന സർക്കാരുകൾ ഇതുമാതൃകയാക്കുന്നതിനു വേണ്ടി ശ്രമം ആരംഭിച്ചതും അഭിമാനകരമാണ്. സംസ്ഥാനത്തിന്റെ വ്യവസായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ലോക കേരളസഭയിൽ രൂപീകരിക്കപ്പെടും. പ്രവാസികളുടെ ക്ഷേമത്തിനായി കേരളീയ പ്രവാസി വകുപ്പും (നോര്‍ക്ക), പ്രവാസി ക്ഷേമനിധി ബോർഡും ഒട്ടേറെ വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. പ്രവാസി പുനരധിവാസ പദ്ധതി (എന്‍ഡിപിആര്‍എം) നൈപുണ്യ പരിശീലനവും വികാസവും, വിസ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം, ഓൺലൈൻ ഡാറ്റാ ബേസ്, നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ, നോർക്ക എമർജൻസി ആംബുലൻസ് സർവീസ്, പ്രവാസി ലീഗൽ അസിസ്റ്റന്റ് പദ്ധതി, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ, ജോബ് പോർട്ടൽ ആന്റ് റിക്രൂട്ട്മെന്റ്, എമർജൻസി റിപാട്രിയേഷൻ ഫണ്ട്, മാർക്കറ്റ് റിസർച്ച്, ഗ്ലോബൽ കേരള കൾച്ചറൽ ഫെസ്റ്റ്, പ്രവാസി സംഘങ്ങൾക്കുള്ള ധനസഹായം, നോർക്ക ഡയറക്ടേഴ്സ് സ്കോളർഷിപ്പ്, ലോക കേരള കേന്ദ്രം, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ്, നോർക്ക ഫെയർ, പൊതുമാപ്പ് നൽകിയവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരൽ, തുടങ്ങിയ നിരവധി പദ്ധതികള്‍ നടന്നുവരുന്നു. രോഗങ്ങൾ മൂലം നാട്ടിൽ മടങ്ങിയെത്തി അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി രൂപീകരിച്ച ധനസഹായ നിധിയാണ് സാന്ത്വനം.


ഇതുകൂടി വായിക്കൂ:പ്രഹരമേറ്റ വർഗീയ ഫാസിസം, ജനാധിപത്യത്തിന്റെ മിന്നൽത്തിളക്കം


ചികിത്സാ ധനസഹായമായി പരമാവധി 50, 000 നൽകുന്നു. മരണാനന്തര ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപയും വിവാഹ ധനസഹായമായി പരമാവധി 15,000 രൂപയും, വീൽചെയർ, ക്രച്ചസ് എന്നിവ വാങ്ങുന്നതിന് 10,000 രൂപയും നൽകുന്നു. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള തൊഴിൽരഹിതരായ അവകാശിക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവാസികളായ മലയാളികൾ വിദേശത്തോ ഇതര സംസ്ഥാനത്തോ മരിച്ചാൽ മൃതദേഹം കൊണ്ടുവരുന്നതിന് അവകാശിക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് കാരുണ്യം. പലതരത്തിൽ ദുരിതങ്ങളനുഭവിക്കുന്ന പ്രവാസികൾക്ക് സഹായധനം നൽകുന്നതാണ് ചെയർമാൻ ഫണ്ട്. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ സമഗ്ര പദ്ധതിയാണ് എന്‍ഡിപിആര്‍എം. 30 ലക്ഷം വരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയംതൊഴിൽ സംരംഭകർക്ക് 15 ശതമാനം (പരമാവധി മൂന്ന് ലക്ഷം) സബ്സിഡിയായി നൽകുന്നു. വിദേശ മലയാളികളുടെ ഭൗതിക ശരീരം വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ്. വിദേശത്ത് ആറ് മാസത്തിൽക്കൂടുതൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 വയസിന് മുകളിലുള്ളവർക്ക് മൂന്ന് വർഷ കാലാവധിയുള്ള നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡെടുക്കാം. രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും സ്ഥിരവെെകല്യത്തിന് ഒരു ലക്ഷം രൂപയും നൽകും. ഈ കാർഡുള്ളവർക്ക് ഒമാൻ എയർ വിമാന നിരക്കിൽ ഏഴ് ശതമാനം ഇളവുനൽകാൻ ധാരണയുണ്ട്. പ്രവാസി ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘങ്ങള്‍ക്ക് ഒരു കോടി രൂപവരെ അനുവദിക്കുന്നുണ്ട്. പ്രവാസി മലയാളികൾക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം നൽകുന്നതാണ് പ്രവാസി ലീഗൽ അസിസ്റ്റന്റ് പദ്ധതിയുടെ ലക്ഷ്യം. 2008ലെ പ്രവാസി ക്ഷേമ ആക്ട് പ്രകാരം അംഗമായി 60 വയസ് പൂർത്തിയായവർക്ക് പ്രതിമാസം 3,000 രൂപ മുതൽ 7,000 രൂപ വരെ പെൻഷനും നല്‍കുന്നു. അംഗം മരിച്ചാല്‍ കുടുംബാംഗങ്ങൾക്ക് 50 ശതമാനം പെൻഷൻ ലഭിക്കും.

ക്ഷേമനിധിയിൽ അംഗമായിരിക്കെ മരിക്കുന്ന പ്രവാസികളുടെ ആശ്രിതർക്ക് 50,000 രൂപയും തിരിച്ചുവന്ന പ്രവാസികൾക്ക് 30,000 രൂപയും ലഭിക്കും. അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റായി ‌4000 രൂപയും വനിതാ അംഗങ്ങൾക്ക് 3000 രൂപ പ്രസവ സഹായവും അനുവദിക്കും. പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള മറ്റൊരു പദ്ധതിയാണ് ഡിവിഡന്റ് സ്കീം. പാസ്പോർട്ട് പുതുക്കുമ്പോഴും വിസ എടുക്കുമ്പോഴും പിരിച്ചെടുക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ലഭ്യമാക്കാതെ തടഞ്ഞു വച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞവർഷം 571.25 കോടി രൂപയാണ് കെട്ടിക്കിടക്കുന്നതെന്ന് അറിയിച്ചിരുന്നു. ഇതിന്റെ കണക്ക് പുതുക്കാൻ പോലും കേന്ദ്രസർക്കാർ അലംഭാവം കാണിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ അയക്കുന്ന രാജ്യമാണ് നമ്മുടേത്. പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം, വോട്ടവകാശം, നിയമസഹായം, ദുരിതമനുഭവിക്കുന്നവർക്കുള്ള സാമ്പത്തിക സഹായം, തിരിച്ചെത്തുന്നവർക്കുള്ള തൊഴിൽ സഹായം, വിദേശ യൂണിവേഴ്സിറ്റികളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ, ഇടനിലക്കാരുടെ ചതിയില്‍പ്പെട്ട് വിദ്യാഭ്യാസത്തിനുശേഷം നല്ല ജോലി കിട്ടാതെ അനധികൃതമായി അവിടെത്തന്നെ കുടുങ്ങിപ്പോയവർ തുടങ്ങിയ കാര്യങ്ങളിലെല്ലാം കേന്ദ്രസർക്കാർ മൗനത്തിലാണ്. വിമാന ടിക്കറ്റ് വർധിപ്പിക്കുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്നുമുണ്ട്. കാനഡ പോലുള്ള രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം വഷളാക്കി പ്രവാസികളായ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും പ്രതിസന്ധിയിലാക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്.


ഇതുകൂടി വായിക്കൂ:ഗാന്ധിയെ നിരാകരിക്കുന്ന അധികാരോന്മാദം


ഇക്കാര്യത്തിൽ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് മൗനം ദീക്ഷിക്കുകയാണ്. കേരളത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണ്. ഇത്ര വലിയ സംഭാവന നൽകുന്ന പ്രവാസികളുടെ പ്രതിനിധികൾക്ക് ചെലവാക്കുന്ന പണത്തിന്റെ കണക്ക് പെരുപ്പിച്ച് വിവാദ വ്യവസായം നടത്തുകയാണ് പ്രതിപക്ഷം. മുസ്ലിം ലീഗ്, കോൺഗ്രസ് അനുഭാവികളായ പ്രവാസികൾ പോലും പങ്കെടുക്കുന്ന ലോക കേരളസഭയെ ഇത്തരത്തിൽ ഇകഴ്ത്തുന്നത് ശരിയായ കാര്യമല്ല. കുവൈറ്റിലുണ്ടായ അപകടത്തിൽ സങ്കടം പേറുന്നവരാണ് ഓരോ മലയാളികളും. മരിച്ച 24 പേരുടെ ബന്ധുക്കളുടെ സങ്കടത്തിൽ പങ്കുചേരുന്നതോടൊപ്പം അവർക്കുള്ള ആദരവും ആദരാഞ്ജലികളും അർപ്പിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന് ഇവിടെ നിന്നും പോകേണ്ട ആരോഗ്യ മന്ത്രിയെ തടഞ്ഞുവച്ച കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല. അവർ ആകെ പറയുന്നത് ലോക കേരളസഭ നിർത്തിവയ്ക്കണമെന്നാണ്. പ്രവാസികളുടെ ക്ഷേമത്തിനായി ദുരിതമനുഭവിക്കുന്നവരുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന ലോക കേരള സഭയെ അഭിനന്ദിച്ചില്ലെങ്കിലും ഇകഴ്ത്തിക്കാണിക്കുന്നത് അവരോടുള്ള നന്ദികേടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.