മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുത്ത് ലോകായുക്ത. സിദ്ധരാമയ്യയാണ് ഒന്നാം പ്രതി. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, വിവാദ ഭൂമി ഉടമ ദേവരാജ് എന്നിവരെയും എഫ്‌ഐആറില്‍ പ്രതിചേര്‍ത്തു.
ബംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകള്‍ക്കായി പ്രത്യേക കോടതി കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടിരുന്നു.
മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയ്‌ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ സ്‌നേഹമയി കൃഷ്ണ, വിവരാവകാശ പ്രവര്‍ത്തകന്‍ ടി ജെ എബ്രഹാം, പ്രദീപ് കുമാര്‍ എസ് പി എന്നിവരാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്‍കി. ഇതിനെതിരെ സിദ്ധരാമയ്യ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യക്കെതിരെ കേസെടുക്കാന്‍ പ്രത്യേക കോടതി ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കിയത്.
പാർവതിക്ക് മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിട്ടി (മുഡ) അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ടാണ് കേസ്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്ക് പകരം ഭൂമി മറ്റൊരിടത്തു നല്‍കുന്ന പദ്ധതി പ്രകാരം സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.