15 June 2024, Saturday

Related news

June 14, 2024
June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 9, 2024
June 9, 2024
June 8, 2024

ആശങ്കയുടെ നിഴലിൽ മുരളീധരന്‍ തൃശൂരിലേക്ക്; കെ കരുണാകരനും മക്കളും പരാജയപ്പെട്ടത് ചരിത്രം

ബിനോയ് ജോര്‍ജ് പി 
തൃശൂർ
March 8, 2024 8:52 pm

കോൺഗ്രസ് നേതാക്കളുടെ ‘സർപ്രൈസിൽ ’ അതൃപ്തിയുമായി കെ മുരളീധരൻ തൃശൂരിലേക്ക്. പാർലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചപ്പോഴെല്ലാം കരുണാകരനെയും മുരളിയെയും ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറിയ സഹോദരി പത്മജയെയും പരാജയപ്പെടുത്തിയ ചരിത്രമാണ് തൃശൂരിനുള്ളത്.

വടകരയിലെ സിറ്റിങ് എംപിയെന്ന നിലയിൽ പ്രചാരണങ്ങൾ ചൂടുപിടിച്ചു വരുമ്പോഴാണ് ഇരുട്ടടിയായി സീറ്റ് മാറ്റം. പത്മജയുടെ കൂറുമാറ്റം മറികടന്ന് ശക്തനായ നേതാവിനെയിറക്കി സീറ്റ് നിലനിര്‍ത്താനുള്ള ശ്രമമാണെന്നാണ് പാര്‍ട്ടി പറയുന്നത്. തൃശൂരിൽ നിന്നും പാർലമെന്റിലേക്ക് മത്സരിച്ച കെ കരുണാകരനും 1998ല്‍ മത്സരിച്ച തനിക്കും ഉണ്ടായ കനത്ത പരാജയത്തിന്റെ ഓര്‍മ്മയാണ് അദ്ദേഹത്തെ ഭയപ്പെടുത്തുന്നത്. ഇടതുമുന്നണിസ്ഥാനാര്‍ത്ഥിയായ സിപിഐയിലെ വി വി രാഘവനായിരുന്നു അച്ഛനെയും മകനെയും തുടര്‍ച്ചയായി പരാജയപ്പെടുത്തിയത്.

2004 ൽ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലും വലിയ തോല്‍വിയായിരുന്നു മുരളി നേരിട്ടത്. എംഎൽഎ അല്ലാതെ മന്ത്രിയായിരിക്കേ വിജയം പ്രതീക്ഷിച്ചത്തിയ മുരളീധരനെ വടക്കാഞ്ചേരിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എ സി മൊയ്തീനാണ് പരാജയപ്പെടുത്തി. തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പാർട്ടിക്കും മുരളീധരനും വലിയ നാണക്കേടാണ് ഈ സംഭവം ഉണ്ടാക്കിയത്.

20 കാെല്ലം യുഡിഎഫ് കെെവശം വച്ച തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2016ല്‍ പത്മജ മത്സരിച്ചെങ്കിലും സിപിഐ സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ പരാജയപ്പെടുത്തി. ചില കോണ്‍ഗ്രസ് നേതാക്കള്‍ പാരവച്ച് പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് പത്മജ ആരോപിച്ചത്. എന്നാല്‍ 2021ല്‍ വീണ്ടും മത്സരിക്കാനെത്തിയ പത്മജയെ സിപിഐയിലെ തന്നെ പി ബാലചന്ദ്രനും പരാജയപ്പെടുത്തി.

2004ല്‍ ജില്ലയിലെ പഴയ പാര്‍ലമെന്റ് മണ്ഡലമായ മുകുന്ദപുരത്ത് (ചാലക്കുടി) ലോക്‌സഭയിലേക്ക് മത്സരിച്ച പത്മജ 117,097 വോട്ടിന് ഇടതുമുന്നണിയിലെ ലോനപ്പന്‍ നമ്പാടനോട് കനത്ത തോല്‍വി ഏറ്റുവാങ്ങി. 1996ല്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തൃശൂരിലെ അജയ്യന്‍ എന്ന് കരുതിയിരുന്ന കെ കരുണാകരനെ സിപിഐ പ്രതിനിധി വി വി രാഘവന്‍ തറപറ്റിച്ചു. 1998ല്‍ കെ മുരളീധരനെയും വി വി രാഘവന്‍ താേല്പിച്ചു.

വടകരയെ ഉപേക്ഷിക്കേണ്ടി വരുന്നതിൽ വലിയ നീരസമുണ്ടെങ്കിലും മിണ്ടാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. പത്മജയുടെ ബിജെപി പ്രവേശവും പാര്‍ട്ടിയിലെ മറ്റു പ്രശ്നങ്ങളും അങ്ങനെയൊരുഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. തൃശൂരിൽ നേരിടേണ്ടി വരുന്നത് പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയ ഇടതു സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനെയാണ്. അദ്ദേഹത്തിന്റെ ജനസമ്മതിയും മികച്ച എംഎൽഎ, മികച്ച മന്ത്രി എന്നീ നിലകളിലുളള പ്രതിച്ഛായയും വെല്ലുവിളിയാകും.

സിറ്റിങ് എംപി ടി എൻ പ്രതാപന് പെട്ടെന്ന് സീറ്റ് നിഷേധിച്ചതിലുളള പ്രതിഷേധം അദ്ദേഹത്തിനൊപ്പമുള്ളവർക്കുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി പ്രതാപൻ സ്നേഹസന്ദേശ യാത്രയെന്ന പേരിൽ പ്രവർത്തനങ്ങളും സജീവമായി ആരംഭിച്ചിരുന്നു. ചുവരെഴുത്തുകളും ലക്ഷകണക്കിന് പോസ്റ്ററുകളും അച്ചടിച്ചതിന് ശേഷമാണ് സീറ്റ് നിഷേധം. സംസ്ഥാനത്ത് മറ്റെല്ലാ സിറ്റിങ് എംപിമാർക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: loksab­ha elec­tion : con­gress and bjp
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.