11 December 2025, Thursday

Related news

December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 26, 2025
November 13, 2025
September 13, 2025
August 21, 2025
August 20, 2025
August 17, 2025

പാര്‍ലമെന്റ് നോക്കുകുത്തി; ഇതുവരെ ചേര്‍ന്നത് 230 ദിവസം മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2023 10:42 pm

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കുറച്ച് മാത്രം ചേര്‍ന്ന പാര്‍ലമെന്റെന്ന ഖ്യാതി 17-ാം സഭയ്ക്ക് സ്വന്തം. മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ വായടപ്പിച്ചും ജനാധിപത്യ ധ്വംസനം നടത്തിയും മുന്നോട്ടുപോയപ്പോള്‍ സമ്മേളന കാലയളവ് ചുരുങ്ങുകയായിരുന്നു.
1952നുശേഷമുള്ള പാര്‍ലമെന്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ മണിക്കൂറുകള്‍ മാത്രം ചര്‍ച്ചയ്ക്ക് വിനിയോഗിച്ച പാര്‍ലമെന്റായി 17-ാം സഭ മാറിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ ആറു വരെ നടന്ന ബജറ്റ് സമ്മേളനത്തില്‍ സഭ വെറും 46 മണിക്കൂറും രാജ്യസഭ 32 മണിക്കൂറും മാത്രമാണ് നിയമ നിര്‍മ്മാണത്തിനായി വിനിയോഗിച്ചത്. ആകെ 25 ദിവസം മാത്രമുണ്ടായിരുന്ന സമ്മേളന കാലയളവില്‍ ഏറ്റവും കുറവ് നിയമ നിര്‍മ്മാണവും ചര്‍ച്ചകളുമാണ് നടന്നത്.
അഡാനി വിഷയവും, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കല്‍ നടപടികളും കാരണം പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ ഭരണപക്ഷം രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ഇതോടെ സമ്മേളന നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുകയായിരുന്നു. 18 മണിക്കൂര്‍ മാത്രമാണ് ബജറ്റ് ചര്‍ച്ചയ്ക്ക് സഭ വിനിയോഗിച്ചത്. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയാണ് 28 മണിക്കൂര്‍ ദൈര്‍ഘ്യത്തോടെ ഏറ്റവും നീണ്ടുനിന്ന സഭാനടപടി.

അഞ്ചു വര്‍ഷ കാലാവധിയുള്ള സഭ ഇതുവരെ ചേര്‍ന്നത് 230 ദിവസം മാത്രമാണ്. ആദ്യത്തെ പാര്‍ലമെന്റ് 677 ദിവസമാണ് സമ്മേളിച്ചത്. ഒരു വര്‍ഷം മാത്രം അവശേഷിക്കുന്ന മോഡി സര്‍ക്കാര്‍ ഇനിയുള്ള നാളില്‍ എത്ര ദിവസം സഭ കൂടുമെന്ന് വ്യക്തമല്ല. നിയമനിര്‍മ്മാണത്തിലും മോഡി സര്‍ക്കാര്‍ മുന്‍ പാര്‍ലമെന്റുകളേക്കാള്‍ ബഹുദൂരം പിന്നിലാണ്. ഏതാണ്ട് 200 ബില്ലകള്‍ മാത്രമാണ് ഇതുവരെ പാസാക്കാന്‍ കഴിഞ്ഞത്. അതും പ്രതിപക്ഷ നിര്‍ദേശങ്ങളും ചര്‍ച്ചകളും അവഗണിച്ചുകൊണ്ടായിരുന്നു. ഈ സമ്മേളന കാലയളവില്‍ കോമ്പറ്റീഷന്‍ ഭേദഗതി നിയമം 2022 മാത്രമാണ് പാസാക്കിയത്. മൂന്നു ബില്ലുകള്‍ കൊണ്ടുവന്നെങ്കിലും 2023ലെ വനം ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്റ് സമിതിക്ക് വിടുകയായിരുന്നു. 

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിന് തയ്യാറാകുന്ന പാര്‍ലമെന്റില്‍ നാളിതുവരെ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാന്‍ മോഡി സര്‍ക്കാരിന് സാധിച്ചില്ല എന്നതും നാണക്കേടായി മാറി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 93 പ്രകാരം എല്ലാ സഭകള്‍ക്കും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് മോഡി സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലെ വിധി മാനിക്കാനും ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല. 

Eng­lish Summary;Looked at Par­lia­ment; Joined only 230 days so far
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.