ലോസ് ആഞ്ചല്‍സിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 16 പേരെ ഈറ്റണ്‍ മേഖലയിലും എട്ട് പേരെ പാലിസേഡ്‌സിലുമാണ് കണ്ടെത്തിയത്. 16 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് വരണ്ട കാറ്റ് വീശിയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഗ്നിബാധ ഇനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന.
തീയണയ്ക്കുന്നത് വേഗത്തിലാക്കാന്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്നും കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും ദുരന്ത ബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കാട്ടുതീയുടെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച കാട്ടുതീയില്‍ 12,000 ത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. 1,00,000ത്തിലധികം ആളുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്. 135 ബില്യൺ മുതൽ 150 ബില്യൺ ഡോളർ വരെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സാമ്പത്തികനഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശമായ പ്രകൃതി ദുരന്തമായിരിക്കുമിതെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം പറഞ്ഞു. 23,713 ഏക്കർ (96 ചതുരശ്ര കിലോമീറ്റർ) ഭൂമിയാണ് കത്തിനശിച്ചത്. ലോസ് ആഞ്ചൽസ് കൗണ്ടിയിലെ 10 ദശലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഏത് സമത്തും ഒഴിപ്പിക്കല്‍ ഉത്തരവ് നേരിടേണ്ടി വരുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം അഗ്നിക്കിരയായ വീടുകളിലും സുരക്ഷാ കാരണങ്ങളാല്‍ ഒഴിഞ്ഞ് പോയ വീടുകളിലും മോഷണശ്രമങ്ങള്‍ വര്‍ധിക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് മോഷ്ടാക്കള്‍ വീടുകളില്‍ കയറുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ആഞ്ചല്‍സിലെ 35000ത്തില്‍ അധികം വീടുകളും കെട്ടിടങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. ശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സഹായങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അഗ്‌നിബാധയെ ചെറുക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനുമായി വാള്‍ട്ട് ഡിസ്‌നി കമ്പനി 15 മില്യണ്‍ ഡോളറും പോപ്പ് ഗായിക ബിയോണ്‍സി 2.5 മില്യണ്‍ ഡോളറും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.