13 December 2025, Saturday

Related news

October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025
July 8, 2025

കോടതി വിധികള്‍ മൂലം നഷ്ടമാകുന്ന ചുമട് ജീവിതം

കെ വേലു
March 30, 2023 7:15 am

പുതിയ തൊഴില്‍ നിയമവും യന്ത്രവല്‍ക്കരണവും മൂലം ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ അനുദിനം നഷ്ടപ്പെടുകയാണ്. 1978ല്‍ കേരള ചുമട്ടുതൊഴിലാളി നിയമം രൂപീകരിക്കുകയും 1981ല്‍ ചട്ടങ്ങള്‍ കൊണ്ടുവരികയും 1983ല്‍ പദ്ധതി നിലവില്‍ വരികയും 1984ല്‍ നടപ്പിലാക്കുകയും ചെയ്തെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. 13-ാം വകുപ്പും 14-ാം വകുപ്പും പ്രകാരം പദ്ധതി രൂപീകരണവും ക്ഷേമബോര്‍ഡ് സംവിധാനങ്ങളും നിലവില്‍ വന്നെങ്കിലും നിയമങ്ങളും ചട്ടങ്ങളും കയറ്റിറക്ക് മേഖലയെയും തൊഴിലാളികളെയും കാര്യമായി ബാധിച്ചു. തൊഴിലാളികള്‍ ക്ഷേമബോര്‍ഡ് മുഖാന്തിരം ശമ്പളം കെെപ്പറ്റാനും തൊഴിലാളി, താെഴിലുടമകള്‍ ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ബോര്‍ഡിന് അധികാരമുണ്ട് എന്ന നിയമം നിലവില്‍ വന്നതോടെ തൊഴിലാളി-തൊഴിലുടമ-ഉദ്യോഗസ്ഥ ബന്ധം ദൃഢമായി.

ചുമട്ടുതൊഴിലാളി പ്രതിനിധികള്‍ നിയന്ത്രിക്കുന്ന ബോര്‍ഡ്, മറ്റ് ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ തൊഴിലാളി സമൂഹത്തെ അംഗീകരിക്കുന്ന നിലവാരത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ യൂണിയനുകള്‍ക്ക് കഴിഞ്ഞു. തൊഴിലാളികളെയും അവരുടെ കുടുംബത്തെയും ബോര്‍ഡ് സംരക്ഷിക്കുകയും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ വായ്പ, എന്‍ട്രന്‍സ് കോച്ചിങ് സ്കോളര്‍ഷിപ്പ് എന്നിവയും തൊഴിലാളികളുടെ വരുമാനം കണക്കിലെടുത്ത് 15,000 രൂപവരെ പെന്‍ഷനും നടപ്പിലാക്കി. ഗുരുതരരോഗങ്ങള്‍ക്ക് നാല് ലക്ഷംരൂപ വരെ ഗ്രാന്റ്, പന്ത്രണ്ടര ശതമാനം ബോണസ്, 15 ലക്ഷം രൂപവരെ ഭവനവായ്പ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ക്ഷേമപദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് ലഭ്യമായി. കച്ചവടക്കാര്‍ നല്കുന്ന 27 ശതമാനം ലെവിയിലൂടെയാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയത്. 40,000ത്തോളം അണ്‍ അറ്റാച്ച്ഡ് വിഭാഗം താെഴിലാളികളാണ് ഈ പദ്ധതിയിലുള്ളത്.

സംസ്ഥാനസര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നവശക്തി 23 എന്ന പദ്ധതി വഴി 121 ഓഫീസുകളും മികച്ച പ്രവര്‍ത്തനവുമാണ് നാളിതുവരെ നടത്തിയത്. വിപണി സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ചുമട്ടുതൊഴിലാളി സമൂഹത്തെ പരിഷ്കരിക്കുന്നതിനും പൊതുസമൂഹത്തിനിടയിലെ മനോഭാവത്തില്‍ മാറ്റം ഉണ്ടാക്കാനും ലക്ഷ്യംവച്ച് ഐടി പാര്‍ക്കുകള്‍, കിന്‍ഫ്ര പാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവിടങ്ങളിലെ ചുമട്ടുതൊഴിലാളികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ആവശ്യമായ പരിശീലനം, പ്രത്യേക യൂണിഫോം, നൂതന സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നല്കുകയുണ്ടായി. എന്നാല്‍ തൊഴിലാളികളുടെ തൊഴില്‍പരമായ കാര്യങ്ങളില്‍ ചുമട്ടുതൊഴിലാളി നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കോടതികള്‍ എതിര്‍വിധികള്‍ പുറപ്പെടുവിച്ചത് തിരിച്ചടിയായി. യന്ത്രവല്‍ക്കരണം മൂലം കടയുടമകള്‍ക്ക് സ്വന്തം തൊഴിലാളികളെ വെച്ച് കയറ്റിറക്ക് നടത്താം, ടിപ്പര്‍ ലോറികള്‍ക്ക് സാധനങ്ങള്‍ ഇറക്കാനുള്ള അധികാരം, മൊത്തവിതരണക്കാര്‍ക്ക് അവരുടെ സാധനങ്ങള്‍ കയറ്റിറക്ക് നടത്താനുളള അനുവാദം എന്നിവ കോടതികള്‍ വിധിയായി നല്‍കിയത് ഈ മേഖലയെ പ്രതിസന്ധിയിലാക്കി. ഇതേത്തുടര്‍ന്നാണ് ചുമട്ടുതൊഴിലാളി നിയമഭേദഗതി, യൂണിയനുകള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്.

എന്നാല്‍ ഒരു വര്‍ഷമായിട്ടും തൊഴിലാളികളുടെ ആനുകൂല്യ വര്‍ധന, സ്കാറ്റേഡ് വിഭാഗം താെഴിലാളികളുടെ മിനിമം പെന്‍ഷന്‍ 2500 രൂപയാക്കുക, അണ്‍ അറ്റാച്ച്ഡ് വിഭാഗത്തിന്റേത് 3000 രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ക്ഷണിക്കുന്നതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ (എഐടിയുസി) മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകള്‍ക്ക് മുമ്പിലും പ്രതിഷേധം നടക്കും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ തൊഴിലാളികളും പ്രതിഷേധത്തില്‍ അണിനിരക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ അഭ്യര്‍ത്ഥിക്കുന്നു.

(ചുമട്ടുതൊഴിലാളി യൂണിയന്‍ (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

Eng­lish Sam­mury: Loss of lia­bil­i­ty due to court judg­ments-Chu­mat­tuThozhi­laly Union State Genar­al Secratery’s Articles

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.