ഹിൻഡൻബർഗ് റിസർച്ച് വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അഡാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂപ്പുകുത്തിയപ്പോൾ നഷ്ടം പൊതുമേഖലയ്ക്ക് തന്നെ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) തുടങ്ങിയ സ്ഥാപനങ്ങൾക്കായി 78,000 കോടിയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
അഡാനി ഗ്രൂപ്പ് കമ്പനികളിൽ വലിയ ഓഹരി പങ്കാളിത്തമുള്ള എൽഐസിക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 23,500 കോടിയുടെ നഷ്ടമുണ്ടായി. മൊത്തം നിക്ഷേപത്തിന്റെ മൂല്യം 77,000 കോടി രൂപയിൽ നിന്ന് 53,500 കോടിയായി കുറഞ്ഞു. അഡാനിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ എസ്ബിഐയുടെ ഓഹരിയുടെ വിപണി മൂല്യത്തിൽ 54,618 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ നാല് ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ രണ്ട് ദിവസം കൊണ്ട് അഡാനി ഗ്രൂപ്പ് നേരിട്ടത്. അതേസമയം കമ്പനിയെ രക്ഷപ്പെടുത്തുന്നതിനായി അഡാനി എന്റർപ്രൈസസിന്റെ രണ്ടാം ഓഹരിവില്പനയിൽ പൊതുമേഖലയിൽ നിന്നും കൂടുതൽ നിക്ഷേപം നടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ട് പ്രകാരം കടമെടുപ്പിന്റെ കാര്യത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലാണ് അഡാനി ഗ്രൂപ്പ് കമ്പനികളുടെ സ്ഥാനം. വിവിധ കമ്പനികളുടെ മൊത്ത കടം 2.1 ലക്ഷം കോടിയാണ്. ഇതിൽ പൊതുമേഖലാ ബാങ്കുകൾ 30 ശതമാനവും സ്വകാര്യ ബാങ്കുകൾ 10 ശതമാനവും വഹിക്കുന്നു. ഈ തുകയുടെ 40 ശതമാനം ഇന്ത്യൻ ബാങ്കുകളിലാണ്. ഇത് 81,200 കോടി രൂപയിലധികമാണ്.
5.96 ശതമാനം ഓഹരി പങ്കാളിത്തമുള്ള അഡാനി ടോട്ടൽ ഗ്യാസിൽ എൽഐസിക്ക് 6,232 കോടി രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. അഡാനി എന്റർപ്രൈസസിൽ എൽഐസിക്ക് 4,81,74,654 ഓഹരികൾ ഉണ്ട്, ഇത് കമ്പനിയുടെ മൊത്തം അടച്ച മൂലധനത്തിന്റെ 4.23 ശതമാനമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഓഹരികൾക്ക് ഓരോന്നിനും 673.50 രൂപയുടെ നഷ്ടമുണ്ടായി. അഡാനി എന്റർപ്രൈസസ് ഓഹരി ഇടിവിൽ എൽഐസിക്ക് ഏകദേശം 3,245 കോടി രൂപ നഷ്ടമായിട്ടുണ്ട്.
അഡാനി പോർട്ട്സിൽ എൽഐസിക്ക് 9.14 ശതമാനം (19,75,26,194) ഓഹരികളുണ്ട്. രണ്ട് ദിവസംകൊണ്ട് ഓഹരി വില 761.20ൽ നിന്ന് 604.50 ആയി ഇടിഞ്ഞു, എൽഐസിയുടെ അറ്റ നഷ്ടം 3,095 കോടി. 3.65 ശതമാനം ഓഹരികളുള്ള അഡാനി ട്രാൻസ്മിഷനിലൂടെ എൽഐസിക്ക് 3042 കോടിയും നഷ്ടമായി. എൽഐസിക്ക് 1.28 ശതമാനം ഓഹരി പങ്കാളിത്തമുള്ള അഡാനി ഗ്രീൻ 875 കോടിയും ഇല്ലാതാക്കി.
ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ച വിവാദത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയുമാണ്. ക്രമക്കേടിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കിയിട്ടുണ്ട്.
English Summary: Losses to public sector: 78,000 crore loss to SBI and LIC
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.